KERALA

ട്രഷറി തട്ടിപ്പില്‍ മൂകസാക്ഷിയായ ധനമന്ത്രി ലൈഫ് പദ്ധതിയില്‍ കോഴസാക്ഷി: രമേശ് ചെന്നിത്തല

ലൈഫ് മിഷന്‍ പദ്ധതിയെ കുറിച്ച് സര്‍ക്കാര്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4.25 കോടി രൂപയുടെ കമ്മീഷന്‍ ഇടപാട് നടന്നത് ഉന്നതരുടെ അറിവോടെ ആണെന്നും കോഴയ്ക്ക് സാക്ഷി ധനമന്ത്രി തോമസ് ഐസക് ആണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

രമേശ് ചെന്നിത്തലയുടെ പ്രസ്താവന:

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റെഡ് ക്രെസെന്റും യൂണിറ്റാക്കും തമ്മിലുള്ള ഇടപാടിനെ കുറിച്ച് സര്‍ക്കാരിന് ഒന്നുമറിയില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പദ്ധതി നടത്തിപ്പിന്റെ എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. പദ്ധതിയുടെ രൂപരേഖ യൂണിറ്റാക്ക് സമര്‍പ്പിച്ചത് ലൈഫ് മിഷനാണ്. ലൈഫ് മിഷന്‍ സിഇഒ യൂ വി ജോസ് റെഡ് ക്രെസെന്റിനു ഓഗസ്റ്റ് 26, 2019 ല്‍ നല്‍കിയ കത്തില്‍ പറയുന്നത് പദ്ധതി രൂപരേഖ പരിശോധിച്ചു എന്നും യൂണിറ്റാക്കിന് അത് നല്കാമെന്നുമാണ്. ഇതുമായി ബന്ധപ്പെട്ട് ഒന്നല്ല, നാലേകാല്‍ കോടി രൂപയുടെ ഇടപാട് നടന്നു എന്ന് വെളിപ്പെടുത്തിയിരിക്കുന്നത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാണ്. അതിനെ ധനകാര്യ മന്ത്രിയും നിയമമന്ത്രിയും പിന്താങ്ങുകയും ചെയ്തിരിക്കുന്നു.
ലൈഫ് മിഷന്‍ പദ്ധതിയില്‍ വന്‍ കോഴ നടന്നു എന്നറിഞ്ഞിട്ട് മിണ്ടാതിരിക്കുകയായിരുന്നു ധനമന്ത്രി. ട്രഷറി തട്ടിപ്പില്‍ മൂകസാക്ഷിയായ ധനമന്ത്രിയാണ് ലൈഫ് പദ്ധതിയില്‍ കോഴസാക്ഷിയായിരിക്കുന്നത്. പദ്ധതിയുടെ ധാരണാ പത്രത്തില്‍ ഒപ്പിടാനുള്ള ഫയല്‍ തദ്ദേശസ്വയംഭരണ സെക്രട്ടറിയുടെയും നിയമവകുപ്പിന്റെയും കൈയ്യിലെത്തുന്നത് മണിക്കൂറുകള്‍ മുന്‍പാണ്.

ഫയലിലെ അവ്യക്തതയെ കുറിച്ച് സൂചിപ്പിച്ച നിയമവകുപ്പില്‍ നിന്നും സമയക്കുറവു പറഞ്ഞു ശിവശങ്കര്‍ നിര്‍ബന്ധിച്ചു തിരികെ വാങ്ങുകയായിരുന്നു. സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍ നടന്ന ഗൂഢാലോചനയുടെ ഫലമാണിത്. വിവാദമായപ്പോള്‍ മുഖ്യമന്ത്രി ഫയല്‍ വിളിപ്പിച്ചെന്നാണ് പറയുന്നത്. തനിക്കൊരു ബന്ധവുമില്ലെന്ന് കാണിക്കാനുള്ള വിഫലശ്രമം. പദ്ധതിയുടെ ധാരണാപത്രത്തിന്റെ ഒരു കോപ്പി ചോദിച്ചിട്ട് ഇത്ര കാലമായിട്ടും തരാനുള്ള ജനാധിപത്യമര്യാദ കാണിക്കാത്ത സര്‍ക്കാരാണിത്. ജനങ്ങളുടെ മുന്നില്‍ കള്ളം പറഞ്ഞു തുടരാമെന്നു മുഖ്യമന്ത്രി ധരിക്കേണ്ട. മുഖ്യമന്ത്രിയുടെ രാജിയും അഴിമതി ആരോപണങ്ങളില്‍മേല്‍ സിബിഐ അന്വേഷണവും ആവശ്യപ്പെട്ട് യുഡിഎഫ് വാര്‍ഡ് തല സത്യാഗ്രഹം ഓഗസ്റ്റ് 27-ന് നടക്കും.

Tags
Show More

Related Articles

Back to top button
Close