SPORTS

ഡബിള്‍ സൂപ്പര്‍ ഓവര്‍: ആവേശപ്പോരില്‍ പഞ്ചാബിനു ഉജ്വല ജയം

ദുബായ്:മുംബൈ ഇന്ത്യന്‍സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ആവേശജയം. ഇരട്ട സൂപ്പര്‍ ഓവറുകള്‍ കണ്ട മത്സരത്തിലാണ് പഞ്ചാബ് മുംബൈയെ വീഴ്ത്തിയത്. 77 റണ്‍സെടുത്ത ലോകേഷ് രാഹുല്‍ ആണ് പഞ്ചാബിന്റെ ടോപ്പ് സ്‌കോറര്‍. മുംബൈക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മിന്നല്‍ തുടക്കമാണ് പഞ്ചാബിനു ലഭിച്ചത്. ട്രെന്റ് ബോള്‍ട്ടിനെ കടന്നാക്രമിച്ച ലോകേഷ് രാഹുല്‍ അഗര്‍വാളിനൊപ്പം ചേര്‍ന്ന് പഞ്ചാബിന്റെ ചേസിന് പോസിറ്റീവ് തുടക്കമിട്ടു. 33 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. മായങ്ക് അഗര്‍വാള്‍ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് തകരുന്നത്. അഗര്‍വാളിനെ (11) ബുംറ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

മൂന്നാം നമ്പറിലെത്തിയ ക്രിസ് ഗെയില്‍ സിക്‌സര്‍ അടിച്ചാണ് തുടങ്ങിയത്. രാഹുലും കൂടി താളം കണ്ടെത്തിയതോടെ പഞ്ചാബിന്റെ സ്‌കോര്‍ കുതിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 42 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഒടുവില്‍ ഗെയിലിനെ (24) ബോള്‍ട്ടിന്റെ കൈകളിലെത്തിച്ച രാഹുല്‍ ചഹാര്‍ ഈ കൂട്ടുകെട്ട് തകര്‍ത്തു. നാലാം നമ്പറിലെത്തിയ നിക്കോളാസ് പൂരാന്‍ കൂറ്റന്‍ ഷോട്ടുകളുമായി വിസ്‌ഫോടനം സൃഷ്ടിച്ചാണ് തുടങ്ങിയത്. ശരവേഗത്തില്‍ സ്‌കോര്‍ ചെയ്ത പൂരാനെ തളയ്ക്കാന്‍ ഒടുവില്‍ ബുംറ വേണ്ടി വന്നു. 12 പന്തുകളില്‍ 24 റണ്‍സെടുത്ത പൂരാനെ കോള്‍ട്ടര്‍നൈല്‍ കൈപ്പിടിയിലൊതുക്കി. മാക്‌സ്വല്‍ (0) വേഗം മടങ്ങി. ഓസീസ് താരത്തെ രാഹുല്‍ ചഹാറിന്റെ പന്തില്‍ രോഹിത് ശര്‍മ്മ പിടികൂടി.

അഞ്ചാം വിക്കറ്റില്‍ ക്രീസിലെത്തിയ ദീപക് ഹൂഡയുമായി ചേര്‍ന്ന് രാഹുല്‍ മുംബൈ പാളയത്തിലേക്ക് പട നയിക്കാന്‍ തുടങ്ങി. 18ആം ഓവറില്‍ ലോകേഷ് രാഹുലിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ബുംറ വീണ്ടും മുംബൈക്ക് ജീവശ്വാസം നല്‍കി. 51 പന്തുകളില്‍ 77 റണ്‍സ് നേടിയാണ് രാഹുല്‍ പുറത്തായത്.

ആരാം വിക്കറ്റില്‍ ദീപക് ഹൂഡ-ക്രിസ് ജോര്‍ഡന്‍ സഖ്യം ഒത്തുചേര്‍ന്നു. 18ആം ഓവറില്‍ ബുംറ നാല് ഓവര്‍ ഫിനിഷ് ചെയ്തപ്പോള്‍ പഞ്ചാബിന് രണ്ട് ഓവറില്‍ വിജയിക്കാന്‍ 22 റണ്‍സ് ആയിരുന്നു വേണ്ടിയിരുന്നത്. കോള്‍ട്ടര്‍നൈല്‍ എറിഞ്ഞ 19ആം ഓവറില്‍ 13 റണ്‍സ് പിറന്നു. അവസാന ഓവര്‍ എറിഞ്ഞത് ട്രെന്റ് ബോള്‍ട്ട്. ആ ഓവറില്‍ 9 റണ്‍സ് ആയിരുന്നു വിജയലക്ഷ്യം. കിംഗ്‌സ് ഇലവന് 8 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന പന്തില്‍ ഡബിള്‍ ഓടാന്‍ ശ്രമിച്ച ക്രിസ് ജോര്‍ഡന്‍ (13) റണ്ണൗട്ടായി. ദീപക് ഹൂഡ (23) പുറത്താവാതെ നിന്നു.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനു വേണ്ടി ലോകേഷ് രാഹുലും നിക്കോളാസ് പൂരാനും കളത്തിലിറങ്ങി. ജസ്പ്രീത് ബുംറയാണ് പന്തെറിഞ്ഞത്. ആദ്യ പന്തില്‍ രാഹുല്‍ സിംഗിള്‍ ഇട്ടു. രണ്ടാം പന്തില്‍ പൂരാനെ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍ അനുകുള്‍ റോയ് പിടികൂടി. ദീപക് ഹൂഡയാണ് അടുത്തതായി ക്രീസിലെത്തിയത്. മൂന്നാമത്തെയും നാലാമത്തെയും പന്തുകളില്‍ രാഹുലും ഹൂഡയും ഓരോ സിംഗിള്‍ വീതം ഇട്ടു. അഞ്ചാം പന്തില്‍ രാഹുല്‍ വക ഡബിള്‍. അവസാന പന്തില്‍ രാഹുലിനെ ബുംറ വിക്കറ്റിനു മുന്നില്‍ കുരുക്കി.

സൂപ്പര്‍ ഓവറില്‍ 6 റണ്‍സ് ആയിരുന്നു മുംബൈയുടെ ലക്ഷ്യം. മുഹമ്മദ് ഷമി ആണ് പഞ്ചാബിനായി പന്തെറിഞ്ഞത്. രോഹിതും ഡികോക്കും മുംബൈക്കായി ഇറങ്ങി. ആദ്യ 3 പന്തുകളില്‍ സിംഗിളുകള്‍. നാലാം പന്തില്‍ രോഹിത് ഒരു പന്ത് ഡോട്ട് ആക്കി. അഞ്ചാം പന്തില്‍ വീണ്ടും ഒരു സിംഗിള്‍. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് 2 റണ്‍സ്. രണ്ടാം റണ്ണിനോടിയ ഡികോക്ക് റണ്ണൗട്ടായതോടെ വീണ്ടും സൂപ്പര്‍ ഓവര്‍.

രണ്ടാം സൂപ്പര്‍ ഓവറില്‍ ഹര്‍ദ്ദിക് പാണ്ഡ്യയും പൊള്ളാര്‍ഡും ബാറ്റ് ചെയ്യാനെത്തി. ക്രിസ് ജോര്‍ഡന്‍ ആണ് പന്തെറിഞ്ഞത്. സൂപ്പര്‍ ഓവറില്‍ പുറത്തായ ബാറ്റ്‌സ്മാന് വീണ്ടും ബാറ്റ് ചെയ്യാന്‍ കഴിയില്ലെന്ന് എംസിസി നിയമാവലിയില്‍ പറയുമ്പോള്‍ ആദ്യ സൂപ്പര്‍ ഓവറില്‍ പങ്കെടുത്ത ആറ് താരങ്ങള്‍ക്ക് രണ്ടാം സൂപ്പര്‍ ഓവറില്‍ പങ്കെടുക്കാനാവില്ലെന്ന് ഐപിഎല്‍ ട്വീറ്റ് ചെയ്തത് വിവാദങ്ങളും സൃഷ്ടിച്ചു.

ആദ്യ പന്തില്‍ പൊള്ളാര്‍ഡ് സിംഗിള്‍ ഇട്ടു. രണ്ടാം പന്ത് വൈഡ്. അടുത്ത പന്തില്‍ പാണ്ഡ്യ സിംഗിള്‍ ഇട്ടു. മൂന്നാം പന്തില്‍ പൊള്ളാര്‍ഡ് ബൗണ്ടറി നേടി. അടുത്ത പന്തില്‍ വീണ്ടും വൈഡ്. നാലാം പന്തില്‍ ഡബിളിനു ശ്രമിച്ച ഹര്‍ദ്ദിക് റണ്ണൗട്ടായി. സൂര്യകുമാര്‍ യാദവ് ആണ് അടുത്തതായി ബാറ്റ് ചെയ്യാന്‍ എത്തിയത്. അഞ്ചാം പന്ത് ഡോട്ട് ബോള്‍. അവസാന പന്തില്‍ ഡബിള്‍. ബൗണ്ടറിക്കപ്പുറത്തേക്ക് കുതിച്ച പന്ത് മായങ്ക് അഗര്‍വാള്‍ അക്ഷരാര്‍ത്ഥത്തില്‍ പറന്ന് ഗ്രൗണ്ടിലേക്ക് തിരികെയിട്ട് പഞ്ചാബിനു വേണ്ടി 4 റണ്‍സാണ് ആ പന്തില്‍ സേവ് ചെയ്തത്.

ട്രെന്റ് ബോള്‍ട്ട് മുംബൈക്കായി പന്തെറിഞ്ഞപ്പോള്‍ മായങ്ക് അഗര്‍വാളും ക്രിസ് ഗെയിലും കിംഗ്‌സ് ഇലവനു വേണ്ടി ബാറ്റ് ചെയ്യാന്‍ ഇറങ്ങി. ആദ്യ പന്ത് തന്നെ ക്രിസ് ഗെയില്‍ സിക്‌സര്‍ നേടി. രണ്ടാം പന്തില്‍ സിംഗിള്‍. മൂന്നാം പന്തില്‍ അഗര്‍വാള്‍ ബൗണ്ടറി കണ്ടെത്തി. അടുത്ത പന്തില്‍ രണ്ടാമതൊരു ബൗണ്ടറി കൂടി നേടി അഗര്‍വാള്‍ പഞ്ചാബിനെ വിജയിപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close