MoviesUncategorized

ഡബ്ല്യുസിസിയില്‍ ഭിന്നത, വിധു വിന്‍സെന്റ് പുറത്തേക്ക്

തിരുവനന്തപുരം: മലയാള സിനിമാ രംഗത്തുണ്ടായ പെണ്‍കൂട്ടായ്മയാണ് ഡബ്ല്യുസിസി. സിനിമാലോകത്തെ ചൂഷണ പരമ്പരകളെ കുറിച്ചു ചര്‍ച്ചയുണ്ടായ സമയത്തു തന്നെ ഇത്തരമൊരു സംഘടന രൂപപ്പെട്ടപ്പോള്‍ പ്രതീക്ഷയോടെയാണ് സിനിമാലോകവും സമൂഹവും അതിനെ നോക്കി കണ്ടത്. എന്നാല്‍ സംഘടനയിലെ ഐക്യത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കൊഴിഞ്ഞു പോകലിന്റെ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാല്‍ ഡബ്ല്യുസിസി (വിമന്‍ ഇന്‍ സിനിമാ കളക്ടീവ്) വിടുകയാണെന്ന സംവിധായിക വിധു വിന്‍സെന്റിന്റെ പ്രഖ്യാപനമാണ് അതില്‍ പുതിയതായി വന്നത്. ഡബ്ല്യുസിസി ആത്മവിമര്‍ശനം നടത്തണം എന്ന സൂചനയും വിധു നല്‍കുന്നുണ്ട്. സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും തുടര്‍ന്നും നടത്തുന്ന ഡബ്ല്യുസിസി യോജിപ്പിന്റെ തലങ്ങളിലുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയില്‍ ആത്മവിമര്‍ശനത്തിന്റെ കരുത്ത് ഡബ്ല്യുസിസിക്കുണ്ടാകട്ടെ എന്നും വിധു വിന്‍സെന്റ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഡബ്ല്യുസിസിയ്ക്കകത്തുള്ള രൂക്ഷമായ ഭിന്നതയുടെ സൂചനയാണ് വിധു വിന്‍സെന്റിന്റെ വിട്ടുപോകല്‍ നല്‍കുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഡബ്ല്യുസിസി നിലപാടുകള്‍ പലപ്പോഴും വിശദീകരിച്ചിരുന്നതു പോലും വിധു വിന്‍സെന്റ് ആയിരുന്നു.
2018-ല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് സിനിമ സംഘടനകളുടെ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തിയും, സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുമാണ് ഡബ്ല്യുസിസി രൂപീകരിച്ചത്. മഞ്ജുവാര്യര്‍, റിമ കല്ലിങ്കല്‍, പാര്‍വതി, രേവതി, ബീന പോള്‍, പദ്മപ്രിയ, സജിത മഠത്തില്‍, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ നേതൃനിരയിലുണ്ടായിരുന്നു. അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരുമടക്കം സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളാണ് സംഘടന രൂപീകരിച്ചത്. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഡബ്ല്യുസിസി പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. താരസംഘടനയായ എഎംഎംഎയ്ക്ക് വലിയ പ്രതിസന്ധിയാണ് ഡബ്ല്യുസിസി ഉണ്ടാക്കിയത്. എന്നാല്‍ മഞ്ജു വാര്യര്‍ അടക്കമുള്ളവര്‍ പിന്നീട് സിനിമ മേഖലയിലെ സമ്മര്‍ദ്ദം മൂലം ഡബ്ല്യുസിസി പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നതായി സൂചനകളുണ്ടായിരുന്നു. സിനിമ മേഖലയിലെ സ്ത്രീകളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംഘടന എന്ന നിലയില്‍ ഡബ്ല്യുസിസിക്ക് സോഷ്യല്‍മീഡിയയില്‍ വലിയ പിന്തുണ ലഭിച്ചിരുന്നു. അതേസമയം എഎംഎംഎ അടക്കമുള്ള സംഘടനകളില്‍ നിന്ന് വലിയ വിമര്‍ശനവും ഡബ്ല്യുസിസി നേരിട്ടിരുന്നു.

Tags
Show More

Related Articles

Back to top button
Close