
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഐഎസ് ഭീകരന് പിടിയില്‍. ഇയാള്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വൈകിട്ട് റിഡ്ജ് റോഡ് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിനുശേഷം രണ്ട് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ (ഐഇഡികള്‍) ഡല്‍ഹി പൊലീസ് കണ്ടെടുത്തു.ഡല്‍ഹി പ്രത്യേക സെല്ലാണ് ഇയാളെ പിടികൂടിയത്. ഏറെ നേരം നീണ്ടുനിന്ന പാേരാട്ടത്തിനൊടുവിലാണ് ഐഎസ് ഭീകരനെന്ന് സംശയിക്കുന്ന ഇയാളെ പൊലീസ് പിടികൂടിയത്. ഇന്നു രാവിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (സ്പെഷ്യല്‍ സെല്‍) പ്രമോദ് സിങ് കുശ്വാഹയുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതിയില്‍ നിന്ന് ഒരു തോക്കും പിടിച്ചെടുത്തു.
ഇയാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണെന്നും അബ്ദുള്‍ യൂസഫ് ഖാന് എന്നാണ് പേരെന്നും ഡല്‍ഹി പ്രത്യേക സെല്‍ പൊലീസ് വെളിപ്പെടുത്തുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്. പൊലീസിന്റെ സാന്നിധ്യം മനസിലായതോടെ ഇയാള്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങി. ഇതേ തുടര്‍ന്ന് പൊലീസും ഭീകരനും തമ്മില്‍ ഏറ്റുമുട്ടലായി. രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം നടത്തുക, വിഐപികളെ വധിക്കുക തുടങ്ങിയ പദ്ധതികളുമായാണ് ഇയാള്‍ ഡല്‍ഹിയിലെത്തിയതെന്നാണ് പൊലീസ് നിഗമനം.ചില രഹസ്യവിവരങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ന്യൂഡല്‍ഹി റേഞ്ചിലെ ഒരു സംഘം ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം, അദ്ദേഹം റിഡ്ജ് പ്രദേശത്തേക്ക് വരുമെന്ന് അന്വേഷണസംഘം മനസിലാക്കി. ഈ വിവരം അനുസരിച്ച് നീക്കങ്ങള്‍ നടത്തി. ആറ് തവണ പ്രതി വെടിയുതിര്‍ത്തു. ഇതിനുശേഷമാണ് ഇയാളെ പിടികൂടാന്‍ സാധിച്ചതെന്ന് പൊലീസ് പറയുന്നു. കണ്ടെടുത്ത സ്ഫോടക വസ്തുക്കള്‍ ദുര്‍ബലപ്പെടുത്തുന്നതിന് ദേശീയ സുരക്ഷാ ഗാര്‍ഡിന്റെ ബോംബ് നിര്‍മാര്‍ജന സംഘത്തെ നിയോഗിച്ചു.