
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശൈത്യകാലം അടുത്തതിനാല്‍ കോവിഡ് കേസുകള്‍ കൂടാനിടയുണ്ടെന്ന മുന്നറിയിപ്പുമായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് (എന്‍സിഡിസി). ശൈത്യകാലത്ത് ഒരു ദിവസം 15,000 വരെ കേസുകളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വായുമലിനീകരണം മൂലം ഡല്‍ഹിവാസികള്‍ക്ക് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ശൈത്യകാലത്ത് കൂടുതലാണ്. ഉത്സവങ്ങളുമായി ബന്ധപ്പെട്ട കൂടിച്ചേരലുകളും പുറത്തുനിന്നുള്ള രോഗികളുടെ വരവും പ്രതിസന്ധി രൂക്ഷമാക്കിയേക്കാം എന്ന് എന്‍സിഡിസി പറയുന്നു.
നീതി ആയോഗ് അംഗവും ആരോഗ്യവിദഗ്ധനുമായ ഡോ.വി കെ പോള്‍ ചെയര്‍മാനായ വിദഗ്ധ സമിതിയുടേതാണ് റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയിലുള്ളതും മധ്യവര്‍ത്തി സ്വഭാവമുള്ളതുമായ കേസുകളില്‍, രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിനോട് സമിതി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ കോവിഡ് മരണ നിരക്ക് 1.9 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. ദേശീയതലത്തില്‍ മരണനിരക്ക് 1.54 ശതമാനമാണ്. മരണനിരക്ക് പരമാവധി കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിദഗ്ധ സമിതി ആവശ്യപ്പെട്ടു.