ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന വംശഹത്യയില്‍ സ്വതന്ത്ര അന്വേഷണം നടത്താന്‍ നാല് റിട്ട. ജഡ്ജിമാര്‍, രണ്ട് റിട്ട. ഉന്നതോദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തെ നിയോഗിച്ചു. വംശഹത്യയിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ചും അക്രമങ്ങളെ കുറിച്ചും ശേഷമുള്ള സാഹചര്യങ്ങളെ കുറിച്ചും സമിതി വിശദമായ അന്വേഷണം നടത്തും. ഡല്‍ഹി പൊലീസ് നടത്തുന്ന അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് വിദഗ്ധ സമിതിയെ സ്വതന്ത്രമായി അന്വേഷിക്കാന്‍ മുന്‍ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ഭരണഘടനാ പെരുമാറ്റ സമിതി (സി.സി.ജി) നിയോഗിച്ചത്.മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ലോകുര്‍, ഡല്‍ഹി, മദ്രാസ് ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് എ.പി. ഷാ, മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആര്‍.എസ്. സോധി, മുന്‍ പാട്‌ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അജ്ഞന പ്രകാശ് എന്നിവരാണ് സംഘത്തിലെ റിട്ട. ജഡ്ജിമാര്‍. ഇവരെ കൂടാതെ മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള, പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലെപ്‌മെന്റ് മുന്‍ ഡയറക്ടര്‍ ജനറല്‍ മീരാന്‍ ചന്ദ ബൊര്‍വാങ്കര്‍ എന്നിവരാണ് സമിതിയിലുള്ളത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കെതിരായ ആക്രമണമാണ് പിന്നീട് വംശഹത്യയിലേക്ക് നയിച്ചത്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയില്‍ നടന്ന വംശഹത്യയില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ള നിരവധി പേരെ ഡല്‍ഹി പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.കലാപത്തിന് മുമ്പും ശേഷവുമുള്ള സംഭവങ്ങളെക്കുറിച്ച് സമിതി വിശദമായി പഠിക്കും. അക്രമങ്ങള്‍ തടയുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഭരണകൂടത്തിന് വീഴ്ചയുണ്ടായോ, കലാപം അന്വേഷിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയോ, കലാപത്തിനു മുമ്പും ശേഷവും സമൂഹമാധ്യമങ്ങളുടെ പങ്കും സ്വാധീനവും, ഇരകള്‍ക്ക് ദുരിതാശ്വാസം നല്‍കുന്ന സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ റിപ്പോര്‍ട്ട് തയാറാക്കും.കലാപത്തിന്റെ ഭീകരത, അക്രമത്തിന്റെ തോത്, മരണങ്ങള്‍, സാമുദായിക വിഭജനം എന്നിവ കണക്കിലെടുത്താണ് പാനല്‍ രൂപീകരിച്ചിരിക്കുന്നതെന്ന് ഭരണഘടനാ പെരുമാറ്റ സമിതി (സി.സി.ജി) പ്രസ്താവനയില്‍ പറഞ്ഞു.