
ന്യൂഡല്‍ഹി: 2019ലെ ഡാറ്റ സംരക്ഷണബില്ലുമായി ബന്ധപ്പെട്ട ജോയിന്റ് പാര്‍ലമെന്റ് കമ്മറ്റിക് മുമ്പാകെ ഹാജരാകാന്‍ വിസമ്മതിച്ച് ആമസോണ്‍. സമിതി അധ്യക്ഷ മീനാക്ഷി ലേഖിയാണ് ആമസോണ്‍ ഹാജരാവാന്‍ വിസമ്മതിച്ച വിവരം അറിയിച്ചത്. ഒക്ടോബര്‍ 28ന് ആമസോണിനോട് ഹാജരാവാന്‍ പാര്‍ലമെന്റ് സമിതി ആവശ്യപ്പെട്ടിരുന്നു. നിശ്ചയിക്കപ്പെട്ട ദിവസം ആമസോണ്‍ പ്രതിനിധികള്‍ എത്തിയില്ലെങ്കില്‍ നടപടിയുണ്ടാവുമെന്നും മീനാക്ഷി ലേഖി പറഞ്ഞു.പാര്‍ലമെന്റ് സമിതിക്ക് മുമ്പാകെ ഫേസ്ബുക്ക് പ്രതിനിധികള്‍ ഇന്ന് ഹാജരായി. ഫേസ്ബുക്ക് പബ്ലിക് പോളിസി തലവന്‍ അങ്കി ദാസും ബിസിനസ് ഹെഡ് അജിത് മോഹനുമാണ് സമിതിക്ക് മുമ്പാകെ എത്തിയത്. ഇവരോട് രണ്ട് മണിക്കൂറോളം സമിതി വിവരങ്ങള്‍ ആരാഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഗൂഗ്ളിനോടും പേടിഎമ്മിനോട് സമിതി ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 29ന് ഇവര്‍ ഹാജരാവണമെന്നാണ് നിര്‍ദേശം.2019ലാണ് ഡാറ്റ സുരക്ഷാ നിയമം കൊണ്ടു വന്നത്. ഇക്കാര്യത്തില്‍ ചില ആശങ്കകള്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയതോടെയാണ് പാര്‍ലമെന്റ് സമിതിയെ നിയോഗിച്ചത്