
ജനുവരി 31 നകം ഡിജിറ്റല്‍ പണമിടപാടിന് സൗകര്യമുണ്ടാക്കാത്ത 50 കോടി വിറ്റവരവുള്ള സ്ഥാപനങ്ങള്‍ ഫെബ്രുവരി ഒന്നു മുതല്‍ ദിവസം 5000 രൂപ പിഴ നല്‍കണം. കറന്‍സി ഇടപാടുകള്‍ നിരുത്സാഹപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി 50 കോടി വിറ്റുവരവുള്ള കടകള്‍, കച്ചവട സ്ഥാപനങ്ങള്‍, കമ്പനികള്‍ തുടങ്ങിയവ കസ്റ്റമേഴ്സിനായി ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനം സജ്ജമാക്കേണ്ടതുണ്ട്. ഈ മാസം 31 വരെയാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്നു മുതല്‍ ഇത്തരം സ്ഥാപനങ്ങള്‍ ഇടപാടുകാരില്‍ നിന്ന് ഡിജിറ്റല്‍ പെയ്മെന്റ് സ്വീകരിക്കണം. ഇതില്‍ വീഴ്ച വരുത്തിയാലാണ് ദിവസക്കണക്കില്‍ വന്‍ പിഴ വരുന്നത്.
നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ഡിജിറ്റല്‍ സംവിധാനം വഴി സ്ഥാപനത്തില്‍ നിന്ന് സാധനം വാങ്ങുന്നവര്‍ക്കും സേവനങ്ങള്‍ സ്വീകരിക്കുന്നവര്‍ക്കും പണം കൈമാറ്റം സാധ്യമാകണം. അതിനുള്ള സമയമാണ് അനുവദിക്കപ്പെട്ടിരിക്കന്നതെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) വ്യക്തമാക്കുന്നു. സിബിഡിടി പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച് ജനവുരി 31 വരെ പിഴ ഈടാക്കില്ല. എന്നാല്‍ ഇതില്‍ വീഴ്ച വരുത്തുന്ന കടക്കാരില്‍ നിന്ന് ഇതിനായി കൊണ്ടുവന്ന പുതിയ നിയമത്തിലെ സെക്ഷന്‍ 271 ഡിബി അനുസരിച്ച് ദിവസം 5000 രൂപ വീതം ഫെബ്രുവരി ഒന്നു മുതല്‍ പിഴ വസൂലാക്കും.
റുപേ,യുപിഐ അടക്കമുള്ളവയാണ് ഇതിനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന പേയ്മെന്റ് സംവിധാനം. ചില ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവയും ഇത്തരം ഡിജിറ്റല്‍ ഇടപാടിന് പരിഗണിക്കാമെന്ന് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം ഇടപാടുകളില്‍ എം ഡി ആര് (മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) ഈടാക്കാനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ഇടപാടിന്റെ ഭാഗമായി കച്ചവടക്കാര്‍/ സ്ഥാപനമുടമകള്‍ ബാങ്കുകള്‍ക്ക് നല്‍കേണ്ട നിശ്ചിത ശതമാനം തുകയാണ് എം ഡി ആര്.