CULTURALNEWS

ഡിസംബര്‍ 18 ,അന്താരാഷ്ട്ര കുടിയേറ്റ ദിനം

മനുഷ്യകുലത്തിന്റെ ചരിത്രം ആരംഭിക്കുന്നത് മുതല്‍ ദേശാടനവും, ദേശദേശാന്തരങ്ങള്‍ക്കപ്പുറത്തേക്കുള്ള കുടിയേറ്റവുമൊക്കെ നിലനിന്നിരുന്നു. കേവലമൊരു സാമൂഹ്യ വ്യവസ്ഥിതിയുടെ ഭാഗം എന്നതിനപ്പുറം, അതിജീവനത്തിനുള്ള അനിവാര്യത കൂടിയായിരുന്നു ഈ പ്രയാണങ്ങള്‍. കാര്‍ഷിക സൗകര്യങ്ങളുടെ ലഭ്യത, കാലാവസ്ഥ, ഭൂപ്രകൃതി എന്നിവയിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം പുതിയ മേച്ചില്‍ പുറങ്ങള്‍ തേടാന്‍ അവരെ പ്രേരിപ്പിച്ച ഘടകങ്ങളാണ്.ഇങ്ങനെ തങ്ങള്‍ക്ക് അനുയോജ്യമായ വാസസ്ഥലം തേടിയുള്ള മനുഷ്യന്റെ യാത്രയ്ക്ക് മാനവോത്പത്തിയോളം തന്നെ പഴക്കമുണ്ടെന്ന് ചുരുക്കം. ഇത്തരത്തില്‍ കുടിയേറിപ്പാര്‍ത്തവരുടെ പിന്‍തലമുറക്കാരാണ് ഇന്ന് ഈ ഭൂമുഖത്തുള്ള മനുഷ്യവര്‍ഗ്ഗം മുഴുവനും. ഈ അര്‍ത്ഥത്തില്‍, വലിയൊരു കുടിയേറ്റ സംസ്‌കാരത്തിന്റെ ഉപോത്പന്നമാണ് നാമെല്ലാവരും എന്നോര്‍മിപ്പിച്ചുകൊണ്ടാണ് ഇന്ന് ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര കുടിയേറ്റ ദിനമായി ആചരിക്കുന്നത്.

ആഗോളവത്കരണത്തിന്റെയും, അനുകൂല അന്താരാഷ്ട്ര നിയമ ഭേദഗതികളുടെയും അരികുപറ്റി കുടിയേറ്റ നിരക്ക് ക്രമാതീതമായി ഉയരുകയും, ആഗോളതലത്തില്‍ കുടിയേറ്റ സമൂഹങ്ങള്‍ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോവുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരമൊരു ദിനാചരണം ഏറെ പ്രസക്തമാണ്.

പത്തൊമ്പതാം നൂറ്റാണ്ടിലാണ് കുടിയേറ്റം എന്ന പ്രതിഭാസം നമുക്കിടയില്‍ കരുത്താര്‍ജ്ജിച്ചതെന്ന് പറയാം. ഇങ്ങനെ അന്യനാടുകളിലേക്ക് ചേക്കേറിയിരുന്നവരുടെ പ്രധാന ലക്ഷ്യം സാമ്പത്തിക മേന്മ കൈവരിക്കണമെന്ന ആഗ്രഹം തന്നെയായിരുന്നു. ചരിത്രം പരിശോധിച്ചാല്‍ വ്യാവസായിക വിപ്ലവത്തോടെ പൊട്ടിപ്പുറപ്പെട്ട അസംഖ്യം തൊഴിലവസരങ്ങള്‍ തന്നെയാണ് കുടിയേറ്റത്തിന് ഏവരെയും സ്വാധീനിച്ച മുഖ്യഘടകമെന്ന് മനസിലാക്കാം. അറുപതുകളുടെ ആരംഭത്തോടെയാണ് സിംഗപ്പൂര്‍, മലേഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് തൊഴില്‍ തേടി മലയാളികള്‍ ചേക്കേറിത്തുടങ്ങിയത്. എഴുപതുകളില്‍ എണ്ണ വിപണിയിലുണ്ടായ വന്‍ കുതിപ്പ് ഇന്നും തുടരുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുത്തൊഴുക്കിനും കാരണമായി. കേരളത്തിലെ തൊഴിലില്ലായ്മ ഒരു പരിധി വരെ കുറയ്ക്കാനും, സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്താനും കഴിഞ്ഞതില്‍ ഇത്തരം കുടിയേറ്റങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. എഴുപതുകളില്‍ രാജ്യം നേരിട്ട വിദേശനാണ്യ പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞതും വിദേശ ഇന്ത്യക്കാരില്‍ ബഹുഭൂരിപക്ഷമുണ്ടായിരുന്ന പ്രവാസി മലയാളികള്‍ അയച്ച പണത്തിന്റെ ബലത്തിലായിരുന്നു. ഇന്ന് കേരളത്തിലെ ബാങ്കുകളില്‍ വിദേശമലയാളികള്‍ക്കുള്ള നിക്ഷേപം ലക്ഷം കോടികളാണ്. ഇത് സംസ്ഥാനത്തെ മുഴുവന്‍ ബാങ്ക് നിക്ഷേപത്തിന്റെയും മൂന്നിലൊന്നിന് മുകളില്‍ വരും.
എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ വംശജരുടെ കുടിയേറ്റ ദിശ കാര്യമായ വ്യതിചലനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. തൊഴില്‍ തേടി കുടിയേറിയിരുന്ന കാലമൊക്കെ ഏറെക്കുറെ അവസാനിച്ചു തുടങ്ങുന്നതായി കാണാം. തല്‍സ്ഥാനത്ത്, യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കും മറ്റും ഉന്നത വിദ്യാഭ്യാസത്തിനായും, തുടര്‍ന്ന് ജോലി നേടി സ്ഥിരതാമസക്കാരാകാനുമായുള്ള ആവേശത്തില്‍ കുടിയേറുന്ന വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും എണ്ണം ഓരോ വര്‍ഷവും വന്‍തോതില്‍ വര്‍ധിക്കുന്നതായി കാണാം. ഇന്ത്യയിലേതിനേക്കാള്‍ അഞ്ചും പത്തും ഇരട്ടി ഫീസ് ലഭിക്കുന്നതിനാല്‍ വിദ്യാഭ്യാസ വിസയിലുള്ള ഇത്തരം കുടിയേറ്റങ്ങളെ ഒട്ടുമിക്ക യൂറോപ്പ്യന്‍ രാജ്യങ്ങളും പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
അന്താരാഷ്ട്ര കുടിയേറ്റത്തെ ഉള്‍ക്കൊള്ളുംവിധം ഐക്യരാഷ്ട്ര സംഘടന രൂപം നല്‍കിയ ആഗോള കുടിയേറ്റ ഉടമ്പടിയും ഈ ദിനം ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണ്.

2016-ല്‍ അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമായി നടത്തിയ ന്യൂയോര്‍ക്ക് പ്രഖ്യാപനത്തെ തുടര്‍ന്ന് 164 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചേര്‍ന്ന് അംഗീകരിച്ചതാണ് ഈ ഉടമ്പടി. കുടിയേറ്റ സമൂഹത്തിന്റെ പ്രസക്തിയും, അവര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ആഗോള സമൂഹം സ്വീകരിക്കേണ്ട സഹകരണ മനോഭാവം കൂടുതല്‍ ഊട്ടിയുറപ്പിക്കുവാനുമാകും എന്നതാണ് അന്താരാഷ്ട്ര തലത്തില്‍ ആഗോള കുടിയേറ്റ ഉടമ്പടിയെ സവിശേഷമാക്കുന്നത്.

എന്നാല്‍, സംസ്ഥാനതലത്തിലും ആഗോളതലത്തിലുമുള്ള ഇത്തരം കുടിയേറ്റ വിഷയങ്ങളോടൊപ്പം തന്നെ കൂട്ടിവായിക്കപ്പെടേണ്ട ഒന്നാണ് ഇന്ത്യയാകെ പ്രതിഷേധം അലയടിക്കാന്‍ കാരണമായ ദേശീയ പൗരത്വ ഭേതഗതി ബില്‍. മുപ്പതിലേറെ രാജ്യങ്ങളില്‍ നിന്നായി മൂന്ന് ലക്ഷത്തിലേറെ അഭയാര്‍ഥികളും, ദശലക്ഷക്കണക്കിനു കുടിയേറ്റക്കാരും, നാല്‍പ്പത് ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരുമുള്ള ഈ രാജ്യത്ത് ഇത്തരമൊരു നിയമ ഭേദഗതി സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും. വര്‍ധിച്ചുവരുന്ന അഭയാര്‍ഥി പ്രശ്‌നങ്ങളും, അനധികൃത കുടിയേറ്റവുമൊക്കെ നിയന്ത്രിക്കേണ്ടത് തന്നെയാണ്. എന്നാല്‍, അതില്‍ വര്‍ഗീയ വേര്‍തിരിവും വിവേചനവും കാട്ടുന്നത് ഒരു ഭരണകൂടത്തിന് ഒട്ടും ഭൂഷണമല്ല. ആഗോള കുടിയേറ്റ ദിനാചരണം ലോകമെമ്പാടും നടക്കുമ്പോള്‍, ഇന്ത്യയില്‍ ഇത്തരമൊരു നിയമഭേദഗതി കൊണ്ടുവന്നതും, അതേത്തുടര്‍ന്നുണ്ടാകുന്ന വമ്പിച്ച പ്രക്ഷോഭവുമൊക്കെ ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close