KERALANEWSTop News

ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിന് മുമ്പ് കൊച്ചി കോര്‍പ്പറേഷനില്‍ തമ്മില്‍ത്തല്ല്

കൊച്ചി: ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിന് മുമ്പ് കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് – യുഡിഎഫ് കൂട്ടത്തല്ല്. ഉച്ചയ്ക്ക് 2 മണിക്കാണ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് തുടങ്ങാനിരുന്നത്. യുഡിഎഫ് അംഗങ്ങള്‍ രണ്ട് മണിയോടെ കൗണ്‍സില്‍ ഹാളിലെത്തിയെങ്കിലും എല്‍ഡിഎഫ് അംഗങ്ങള്‍ വരാന്‍ വൈകി. വൈകിയവരെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടങ്ങി. ആര് പങ്കെടുക്കണം, വേണ്ട എന്നത് തന്റെ വിവേചനാധികാരമാണെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് നിലപാടെടുത്തതോടെ, കളക്ടര്‍ പക്ഷപാതിത്വം കാണിക്കുകയാണെന്ന് ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ കളക്ടര്‍ക്കെതിരെ പ്രതിഷേധം തുടങ്ങി. രാവിലെ മേയര്‍ തെരഞ്ഞെടുപ്പ് സമാധാനപരമായി പൂര്‍ത്തിയായതാണ്. ഉച്ച തിരിഞ്ഞ് 2 മണിക്ക് തുടങ്ങേണ്ട ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് അംഗങ്ങള്‍ വരാന്‍ അല്‍പം വൈകി. ആദ്യം വോട്ടെടുപ്പിനായി ഹാളില്‍ എത്തിയത് യുഡിഎഫ് അംഗങ്ങളാണ്. 2.05-ന് ഹാളില്‍ കയറാത്ത ആരെയും കയറ്റരുതെന്ന് യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. അപ്പോഴേക്ക് എല്‍ഡിഎഫ് അംഗങ്ങള്‍ നിരവധിപ്പേര്‍ എത്തിത്തുടങ്ങിയിരുന്നു. യുഡിഎഫ് അംഗങ്ങള്‍ മുദ്രാവാക്യം വിളി തുടങ്ങിയതോടെ ഇരുപക്ഷവും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. യുഡിഎഫ് അംഗങ്ങള്‍ കൗണ്‍സില്‍ ഹാള്‍ പൂട്ടിയതോടെ രണ്ട് വിഭാഗവും തമ്മില്‍ കയ്യാങ്കളിയായി. ഒടുവില്‍ ജില്ലാ കളക്ടര്‍ തീരുമാനിക്കണമെന്നാവശ്യമുയര്‍ന്നു.എന്നാല്‍ എല്‍ഡിഎഫ് അംഗങ്ങള്‍ അടക്കം വന്ന് വോട്ട് ചെയ്ത് പോകട്ടെയെന്നാണ് കളക്ടര്‍ തീരുമാനിച്ചത്. വോട്ടെടുപ്പ് എപ്പോള്‍ നടത്തണമെന്നത് തന്റെ വിവേചനാധികാരമാണ്. അതില്‍ എതിര്‍പ്പുണ്ടെങ്കില്‍ യുഡിഎഫ് അംഗങ്ങള്‍ക്ക് നിയമപരമായി പരാതിയുമായി മുന്നോട്ടുപോകാമെന്നും കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി. എന്നാലിത് കേള്‍ക്കാന്‍ കൂട്ടാക്കാതിരുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധം തുടങ്ങി.ഇതിനിടെ റജിസ്റ്ററില്‍ ചില എല്‍ഡിഎഫ് അംഗങ്ങള്‍ ഒപ്പിടാന്‍ തുടങ്ങിയതോടെ വന്‍ പ്രതിഷേധം ഉയര്‍ന്നു. ചിലര്‍ റജിസ്റ്റര്‍ വലിച്ചുകീറി. അങ്ങോട്ടും ഇങ്ങോട്ടും ബലപ്രയോഗമായി.എന്നാല്‍ യുഡിഎഫിന്റെ വാദം നിലനില്‍ക്കില്ലെന്ന വാദത്തില്‍ ജില്ലാ കളക്ടര്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ ആരൊക്കെയാണ് ഒപ്പിട്ടത് എന്ന് റജിസ്റ്റര്‍ പരിശോധിക്കണമെന്ന് യുഡിഎഫ് അംഗങ്ങളും ആവശ്യപ്പെടുന്നു. ഇരുപക്ഷവും കനത്ത നിലപാടിലുറച്ചുനില്‍ക്കുമ്പോള്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇപ്പോഴും വൈകുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close