WORLD

ഡോണാള്‍ഡ്ട്രംപിന്റെ ഭരണത്തില്‍ മടുത്ത് അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നതായി പഠനങ്ങള്‍

ന്യൂയോര്‍ക്: ഡോണള്‍ഡ്ട്രംപിന്റെ ഭരണത്തില്‍ മടുത്ത് അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നതായി പഠനങ്ങള്‍ പുറത്തു വരുന്നു. 2020ന്റെ ആദ്യ ആറു മാസത്തില്‍ 5800ലധികം പേരാണ് പൗരത്വം ഉപേക്ഷിച്ചതെന്ന് ന്യൂയോര്‍ക് കേന്ദ്രമായുള്ള ബാംബ്രിഡ്ജ് അക്കൗണ്ടന്റ്‌സ് എന്ന സ്ഥാപനത്തിന്റെ പഠനത്തില്‍ വ്യക്തമായി. 2019ല്‍ ആകെ 2072 അമേരിക്കക്കാര്‍ പൗരത്വം ഉപേക്ഷിച്ച സ്ഥാനത്താണ് ഈ വര്‍ഷം ആറു മാസത്തില്‍ തന്നെ മൂന്നിരട്ടിയോളം പേര്‍ അമേരിക്കക്കാര്‍ പൗരത്വം വേണ്ടെന്ന് വച്ചത്. ഓരോ മൂന്നു മാസം കൂടുമ്പോഴും പൗരത്വം ഉപേക്ഷിക്കുന്നവരുടെ പട്ടിക അമേരിക്കന്‍ സര്‍ക്കാര്‍ പുറത്തുവിടാറുണ്ട്. ട്രംപിന്റെ രാഷ്ട്രീയ നയങ്ങള്‍, കോവിഡ് മഹാമാരി മോശമായ രീതിയില്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയവ അടക്കം വിവിധ കാരണങ്ങളാണ് ഭൂരിഭാഗം പേരും പൗരത്വം ഉപേക്ഷിക്കാന്‍ കാരണമെന്ന് ബാംബ്രിഡ്ജ് അക്കൗണ്ടന്റ്‌സ് പാര്‍ട്ണര്‍ അലിസ്റ്റര്‍ ബാംബ്രിഡ്ജ് പറഞ്ഞു.

നികുതിസംവിധാനവും പലരെയും ഇതിന് പ്രേരിപ്പിക്കുന്നു എന്നും കാരണമായി പറയപ്പെടുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ ഓരോ വര്‍ഷവും നികുതി റിട്ടേണും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വരുമാനവും എല്ലാം വെളിപ്പെടുത്തേണ്ടതും അമേരിക്കക്കാര്‍ ആകേണ്ടതില്ലെന്ന് തീരുമാനിക്കാന്‍ കാരണമാണ്. ഇനിയുള്ള മാസങ്ങളില്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടാനാണ് സാധ്യത.

Tags
Show More

Related Articles

Back to top button
Close