KERALANEWSTop News

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്ക്; മൂന്നു മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കുമെതിരെ സ്വപ്നയുടെ രഹസ്യമൊഴി

കൊച്ചി: ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു പങ്കെന്ന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി. സ്വപ്ന സുരേഷ് പ്രതിയായ ഡോളര്‍ കടത്ത് കേസില്‍ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ് രംഗത്ത്. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ജയിലില്‍ വച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയില്‍ വകുപ്പും കസ്റ്റംസ് തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നുണ്ട്. ഈ ഹര്‍ജിയുടെ ഭാഗമായിട്ടാണ് കസ്റ്റംസ് ഇപ്പോള്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് 164-ാം വകുപ്പ് പ്രകാരമുള്ള സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയില്‍ പറയുന്നത്. സ്വര്‍ണക്കടത്തില്‍ അന്വേഷണം നേരിടുന്ന യുഎഇ കോണ്‍സുലര്‍ ജനറലുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. അറബി അറിയാവുന്നവരായിരുന്നില്ല മുഖ്യമന്ത്രിയും സ്പീക്കറും. അതിനാല്‍ ഇവര്‍ക്കും കോണ്‍സുലര്‍ ജനറലിനുമിടയില്‍ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നും മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. കോണ്‍സുലര്‍ ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. അനധികൃത പണമിടപാടുകളാണ് കോണ്‍സുലര്‍ ജനറലുമായി ഇവര്‍ നടത്തിയത്. വിവിധ ഇടപാടുകളില്‍ ഉന്നതര്‍ കോടിക്കണക്കിന് രൂപ കമ്മിഷന്‍ കൈപ്പറ്റിയെന്നതടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്ന സുരേഷ് കോടതിയില്‍ നടത്തിയതെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ലൈഫ് മിഷനില്‍ അടക്കം നിരവധി പ്രമുഖര്‍ക്ക് കമ്മീഷന്‍ ലഭിച്ചിട്ടുണ്ട്. ഉന്നതരുടെ പേര് വെളിപ്പെടുത്താതിരിക്കാന്‍ തന്നെ ജയിലില്‍ വെച്ച് ഭീഷണിപ്പെടുത്തി. തന്റെ കുടുംബവും ഭീഷണി നേരിടുന്നതായും സ്വപ്ന മൊഴി നല്‍കിയതായി കസ്റ്റംസ് പറയുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെയും മൊഴി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാര്‍ – കോണ്‍സുലേറ്റ് ഇടപാടിലെ കണ്ണിയാണ്. സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും സ്വപ്ന വെളിപ്പെടുത്തിയതായി കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close