KERALANEWS

ഡോളര്‍ കടത്ത് കേസ് :അന്വേഷണ ഏജന്‍സിയെ ബിജെപി ഉപയോഗിക്കുന്നുവെന്ന സിപിഎമ്മിന്റെ വാദം ബാലിശമെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം : ഡോളര്‍ കടത്ത് കേസില്‍ അന്വേഷണ ഏജന്‍സിയെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുകയാണെന്ന സിപിഎമ്മിന്റെ വാദം ബാലിശമെന്ന് കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. കസ്റ്റംസ് സ്വമേധയാ കൊടുത്ത സത്യവാങ്മൂലമല്ല പുറത്ത് വന്നത്. ജയില്‍ ഡിജിപി നല്‍കിയ റിട്ട് ഹര്‍ജിക്ക് സത്യവാങ്മൂലത്തിലൂടെ കസ്റ്റംസ് മറുപടി നല്‍കുകയായിരുന്നു. ജയില്‍ ഡിജിപിയുടെ റിട്ടിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധം കോടതിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത കസ്റ്റംസിനുണ്ടായിരുന്നു. നിയമപരമായ നടപടി ക്രമങ്ങളിലൂടെ കസ്റ്റംസ് മുന്നോട്ട് പോകുന്നതിനെയാണ് വേട്ടയാടല്‍ വാദമാക്കി മാറ്റാന്‍ സിപിഎമ്മും ഇടത് മുന്നണിയും ശ്രമിക്കുന്നത്.ഇത് വിലപ്പോകില്ല. ഇരയാക്കിയിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ ജയില്‍ വകുപ്പും കോടതിയുമാണ്. ഇക്കാര്യത്തില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തുന്നത്. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലക്ക് കേസിലെ നടപടി ക്രമങ്ങള്‍ അറിയാത്തതല്ലെന്നും മന്ത്രി പറഞ്ഞു.

ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് സ്വപ്ന സുരേഷ് കോടതിയെ സമീപിച്ചിട്ടുണ്ടോ? സ്വപ്നയുടെ രഹസ്യമൊഴിയും എം.ശിവശങ്കരന്റെ സ്റ്റേറ്റ്‌മെന്റും കണ്ട കോടതി ഞെട്ടുകയും ഉന്നതരുണ്ടെന്ന സ്വപ്നയുടെ മൊഴി അവിശ്വസിക്കാന്‍ കഴിയില്ലെന്ന് പറയുകയും ചെയ്തിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ ഇരവാദമുയര്‍ത്തുന്നവര്‍ വ്യക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കസ്റ്റംസിന്റേത് ഗൂഢനീക്കമാണെന്ന് ആവര്‍ത്തിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള ജയില്‍ വകുപ്പിന്റെ ഗൂഢനീക്കങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് എന്ത് കൊണ്ടാണ്?. കോഫെപോസ പ്രകാരം തടവിലുള്ള സ്വപ്ന അടക്കമുളള പ്രതികളെ സന്ദര്‍ശിക്കാന്‍ എത്തുമ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം വേണ്ട എന്ന് ജയില്‍ ഡിജിപി സര്‍ക്കുലര്‍ ഇറക്കിയത് എന്തിനാണെന്നും വിശദീകരിക്കണം. സാധാരണ കോഫെപോസ തടവുകാര്‍ക്ക് ലഭിക്കാത്ത ആനുകൂല്യം കള്ളകടത്ത് കേസ് പ്രതികള്‍ക്ക് നല്‍കിയത് ആരുടെ സന്ദേശം ഇവര്‍ക്ക് നല്‍കാനായിരുന്നുവെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുല്‍ ജനറലിന് കേന്ദ്ര അനുമതി ഇല്ലാതെ സംസ്ഥാന സര്‍ക്കാര്‍ എക്‌സ് കാറ്റഗറി സുരക്ഷ നല്‍കിയത് എന്തിനാണ്?. സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണ്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയുടെ കൈവശം എങ്ങിനെ വന്നുവെന്ന് വിശദീകരിക്കാന്‍ സിപിഎം തയ്യാറാകണം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തേണ്ടത് കസ്റ്റംസ് ഓഫീസിലേക്കല്ല മറിച്ച് എ.കെ.ജി സെന്ററിനു മുന്നിലേക്കോ ജയില്‍ ഡിജിപിയുടെ ഓഫീസിലേക്കോ ആണെന്ന് മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പുമായി ഇപ്പോഴത്തെ വിഷയങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ല. അതുകൊണ്ട് തന്നെ ഇരവാദം ഉയര്‍ത്തി കേരളത്തിലെ ജനങ്ങളെ വിഢ്ഢികളാക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. സിഎജി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാണെന്ന് വരുത്താനാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ശ്രമം. സിഎജി ഉയര്‍ത്തിയ ഗൗരവതരമായ കാര്യങ്ങള്‍ മറച്ചുവെച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ വാളെടുക്കാനാണ് ഐസക്ക് ശ്രമിക്കുന്നത്. ഐസക്കിന്റെ ശ്രമങ്ങള്‍ വിലപോകില്ലെന്നും മന്ത്രി വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close