KERALANEWS

ഡോളര്‍ കടത്ത് കേസ് സ്പീക്കറുടെ ഓഫീസിലേക്കും, അസി. പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം:നയതന്ത്ര ചാനലിലൂടെയുള്ള കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം സംസ്ഥാന ഭരണ സിരാകേന്ദ്രങ്ങളിലേക്ക് വ്യാപിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിന് ശേഷം സെക്രട്ടറിയേറ്റിലേക്കും , സ്പിക്കറുടെ ഓഫിസിലേക്കുമാണ് അന്വേഷണം എത്തി നില്‍ക്കുന്നത്.ഡോളര്‍ കടത്ത് കേസ് സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് കൊച്ചിയില്‍ ഹാജരാകാനാണ് കസ്റ്റംസ് നോട്ടീസ്. സ്വപ്നയടക്കമുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ നീക്കം. അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസറേയും ഇന്ന് ചോദ്യംചെയ്യും.

ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷും സന്ദീപ് നായരും രഹസ്യമൊഴി നല്‍കിയിരുന്നു. ഇതില്‍ സ്പീക്കറുടെ ഓഫീസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടെന്നാണ് വിവരം. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് വിളിപ്പിച്ചിരിക്കുന്നത്.

ചില ബാഗേജ് കൈമാറ്റങ്ങള്‍ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരും സ്പീക്കറും തമ്മില്‍ നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം. ഇത് ഡോളര്‍ക്കടത്തിന് വേണ്ടിയുള്ളതായിരുന്നോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. കൂടാതെ കോണ്‍സുലേറ്റുമായി ഉണ്ടായിരുന്ന സ്പീക്കറുടെ ഇടപാടുകളടക്കം ഇന്ന് അസി.പ്രൈവറ്റ് സെക്രട്ടറിയില്‍ നിന്ന് ചോദിച്ചറിയും.

ഇന്നലെ കോണ്‌സുലേറ്റിലെ രണ്ട് ഡ്രൈവര്‍മാരുടെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. സ്പീക്കറിലേക്ക് ചോദ്യം ചെയ്യല്‍ എത്തുന്നതിന് മുന്നോടിയായാണ് അസി. പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത് എന്ന വിവരവും ഉണ്ട്. കൂടാതെ അസി. പ്രോട്ടോക്കോള്‍ ഓഫീസറെയും ഇന്ന് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. ഇവരില്‍ നിന്നെല്ലാം ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാകും സ്പീക്കറെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക.അതേസമയം സ്പീക്കറെ നീക്കണമെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. എം.ഉമ്മര്‍ എംഎല്‍എയാണ് ഈ ആവശ്യം ഉന്നയിച്ച് നോട്ടീസ് നല്‍കിയത്. ഡോളര്‍ക്കടത്ത് കേസില്‍ കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close