Breaking NewsINDIA

ഡ്രൈവര്‍ ഉറങ്ങാതിരിക്കാന്‍ പുതിയ സാങ്കേതികവിദ്യയുമായി കര്‍ണാടക സര്‍ക്കാര്‍

ബംഗളുരു: റോഡപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനൊരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാന ഗതാഗത മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ ലക്ഷ്മണ്‍ സവാഡിയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ വിളിച്ചുണര്‍ത്തുന്ന സ്ലീപ്പ് ഡിറ്റക്ടറുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് ബസുകളില്‍ സ്ഥാപിക്കുന്നത്. ഈ സംവിധാനം ഡ്രൈവര്‍മാരെ ഉണര്‍ത്തുന്ന ഒരു സിഗ്‌നല്‍ അയയ്ക്കും. ഡ്രൈവര്‍ എത്ര ജാഗ്രത പുലര്‍ത്തുന്നുവെന്ന് കണ്ടെത്താന്‍ ഡ്രൈവറുടെ മുഖവും റെറ്റിനയും നിരന്തരം നിരീക്ഷിക്കുന്ന ക്യാമറകള്‍ ഉള്‍പ്പെടുന്ന ഒരു സംവിധാനമാണിത്. ഡ്രൈവര്‍ അറിയാതെ ഉറക്കത്തിലേക്കു വഴുതുമ്പോള്‍ തന്നെ ബീപ് ശബ്ദം കൊണ്ടും ചുവന്ന ലൈറ്റു കൊണ്ടും ഈ സംവിധാനം മുന്നറിയിപ്പു നല്‍കും.ഒപ്പം മറ്റേതെങ്കിലും വാഹനമോ വ്യക്തിയോ ആകസ്മികമായി ബസിന് മുമ്പില്‍ വന്നാല്‍ സ്വയം ബ്രേക്ക് ചെയ്യുന്ന സാങ്കേതികവിദ്യയും ബസുകളില്‍ സ്ഥാപിക്കും.ചില അത്യാഡംബര കാറുകളില്‍ മാത്രമുള്ളതാണ് ഈ സാങ്കേതികവിദ്യ. ഈ സംവിധാനം ബസുകളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, എല്ലാ സര്‍ക്കാര്‍ ബസുകളിലും ഘട്ടംഘട്ടമായി സ്ഥാപിക്കാനാണ് സര്‍ക്കാര്‍ നീക്കം. ക്യാമറകളും കാല്‍നടയാത്രക്കാര്‍ക്ക് കൂട്ടിയിടിക്കുന്നതിനുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍, എതിര്‍ വശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, ബസിന് ചുറ്റുമുള്ള വാഹനങ്ങള്‍ തമ്മിലുള്ള ദൂരം എന്നിവ ഉള്‍പ്പെടെ നിരവധി സവിശേഷതകള്‍ ഈ സിസ്റ്റത്തില്‍ അടങ്ങിയിരിക്കുന്നു.വിവിധ റൂട്ടുകളിലെ അപകടങ്ങള്‍ കാരണം സംസ്ഥാന ഗതാഗതവകുപ്പിന് 100 കോടി രൂപയുടെ അധിക നഷ്ടമാണ് സംഭവിക്കുന്നതെന്നും അപകടങ്ങള്‍ കൂടുതലും സംഭവിക്കുന്നത് ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതു കൊണ്ടാണെന്നും മന്ത്രി ലക്ഷ്മണ്‍ സവാഡി പറഞ്ഞു. ‘അപകട നഷ്ടപരിഹാരത്തിനും അനുബന്ധ പ്രശ്നങ്ങള്‍ക്കുമായി കെഎസ്ആര്‍ടിസി പ്രതിവര്‍ഷം 100 കോടി രൂപ ചെലവഴിക്കുന്നു. ഇത് പണത്തെ സംബന്ധിച്ച പ്രശ്‌നം മാത്രമല്ല, അതിലും പ്രധാനമായി അപകടത്തിലാകുന്ന ജീവിതങ്ങളെക്കുറിച്ചുള്ള പ്രശ്‌നമാണ്..’ അദ്ദേഹം പറയുന്നു.അപകടങ്ങള്‍ തടയുന്നതിന് സാങ്കേതികവിദ്യ വളരെയധികം സഹായിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. അതുകൊണ്ടു തന്നെ ഇത്തരം ഹൈടെക് ഗാഡ്ജെറ്റുകള്‍ നിര്‍മ്മിക്കുന്ന കമ്പനികളുമായി കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ മുമ്പുതന്നെ ബന്ധപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ട്രയല്‍ റണ്‍സ് നടന്നിട്ടുണ്ടെന്നും അത് തൃപ്തികരമാണെന്നും ആര്‍ടിസി ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനുള്ള ടെണ്ടര്‍ പ്രക്രിയ പുരോഗമിക്കുകയാണെന്നും മൂന്നുമാസത്തിനുള്ളില്‍ നടപ്പിലാകുമെന്നുമാണ് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ പറയുന്നത്. ഹൈവേകളില്‍ രാത്രി സര്‍വ്വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന ബസുകളിലായിരിക്കും ആദ്യ ഘട്ടത്തില്‍ ഈ സംവിധാനങ്ങള്‍ സ്ഥാപിക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close