ഡൽഹിക്ക് ഇനി ആ’ശ്വസിക്കാം ‘

അന്തരീക്ഷ മലിനീകരണം കൊണ്ട് വലയുന്ന ഡൽഹി ജനതയ്ക്ക് ആശ്വാസമായി ആയി ആദ്യ സ്മോഗ് ടവർ പ്രവർത്തനമാരംഭിച്ചു. മലിനവായു ശുദ്ധീകരിച്ച് ശുദ്ധവായുവാക്കി മാറ്റുന്ന ഉപകരണമാണ് സ്മോഗ് ടവർ. ഡൽഹിയിലെ പ്രശസ്തമായ ലജ്പത് നഗർ സെൻട്രൽ മാർക്കറ്റിൽ ആണ് 20 അടി ഉയരമുള്ള സ്മോഗ് ടവർ സ്ഥാപിച്ചിരിക്കുന്നത്.
2,50,000 മുതൽ 6,00000 ക്യൂബിക് മീറ്റർ വായു വരെ ശുദ്ധീകരിക്കാൻ സ്മോഗ് ടവറിന് സാധിക്കും. ദിനംപ്രതി 15000 ത്തോളം ആളുകളെത്തുന്ന സ്ഥലമാണ് ഡൽഹിയിലെ ലജ്പത് നഗർ മാർക്കറ്റ്.
ഈസ്റ്റ് ഡൽഹി എംപി ഗൗതം ഗംഭീറിന്റെ സഹായത്തോടെ ലജ്പത് നഗർ ട്രേഡേഴ്സ് അസോസിയേഷനാണ് സ്മോഗ് ടവർ സ്ഥാപിച്ചത്. മുൻ ക്രിക്കറ്റ് താരം കൂടിയായ എംപി ഗൗതം ഗംഭീർ ടവറിന്റെ ഉദ്ഘാടനം നിർവഹിച്ചു.അന്തരീക്ഷ മലിനീകരണം മൂലം വലയുന്ന രാജ്യതലസ്ഥാനത്ത് ജനസംഖ്യാ നിരക്ക് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സ്മോഗ് ടവർ പോലെയുള്ള സാങ്കേതികവിദ്യകളുടെ സഹായം തേടുന്നത് അത്യന്താപേക്ഷിതമാണെന്ന് ലജ്പത് നഗർ അസോസിയേഷൻ ജനറൽ സെക്രട്ടറി അശ്വനി മാർവ അഭിപ്രായപ്പെട്ടു
500 മീറ്റർ മുതൽ 750 മീറ്റർ വരെയുള്ള പ്രദേശത്തെ വായു ശുദ്ധീകരിക്കാൻ കഴിയുന്ന സമോഗ് ടവറിന്റെ പ്രവർത്തനം വിജയകരമായാൽ ഡൽഹിയിൽ ഉയർന്നുകൊണ്ടിരിക്കുന്ന മലിനീകരണ ഭീഷണിക്ക് ഒരു പരിധിവരെ തടയിടാൻ സാധിക്കുമെന്നാണു കണക്കുകൂട്ടുന്നത്.