Breaking NewsINDIANEWS

ഡൽഹിയിൽ ഇനി ജനാധിപത്യത്തിന് കാഴ്ച്ചക്കാരന്റെ റോൾ; അധികാരങ്ങൾ ലഫ്റ്റനന്‍റ്​ ഗവര്‍ണര്‍ക്ക്; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഡൽഹിയിൽ ഇനിമുതൽ ജനാധിപത്യ സർക്കാർ വെറും നോക്കുകുത്തി. ലഫ്​റ്റനന്‍റ്​ ഗവർണർക്ക്​ കൂടുതൽ അധികാരം നല്‍കുന്ന ഡല്‍ഹി ദേശീയ തലസ്ഥാന മേഖല (ഭേദഗതി) ബില്ലിലെ വ്യവസ്ഥകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ, ഡല്‍ഹിയില്‍ ഇനി ലഫ്റ്റനന്‍റ്​ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങൾ കൈവന്നിരിക്കുകയാണ്. ഇതോടെ കെജ്‌രിവാള്‍ സര്‍ക്കാറിന് പകരം ലഫ്റ്റനന്‍റ്​ ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഡല്‍ഹിയുടെ അധികാര കേന്ദ്രമായി മാറി.

ഇനിമുതല്‍ സംസ്ഥാന മന്ത്രിസഭയുടെ എല്ലാ ഉത്തരവുകള്‍ക്കും ഭരണപരമായ തീരുമാനങ്ങള്‍ക്കും ലഫ്റ്റനന്‍റ്​ ഗവര്‍ണറുടെ അഭിപ്രായം തേടണം. കോവിഡ് വ്യാപനവും ഒാക്​സിജൻ ദൗർലഭ്യവും രൂക്ഷമായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളും കേന്ദ്രസര്‍ക്കാറും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

സംസ്ഥാന സര്‍ക്കാറിനെക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ ലഫ്റ്റനന്‍റ്​ ഗവര്‍ണര്‍ക്ക് നല്‍കുന്ന ബില്‍ 2021 മാര്‍ച്ച് 15നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കുകയും ചെയ്​തു. മാര്‍ച്ച് 28ന് രാഷ്​ട്രപതി രാംനാഥ് കോവിന്ദ് ഭേദഗതി ബില്ലില്‍ ഒപ്പുവെച്ചു. ഇതിനുപിന്നാലെയാണ് നിയമം പ്രാബല്യത്തില്‍ വന്നതായി ചൊവ്വാഴ്ച കേന്ദ്രം ഉത്തരവിറക്കിയത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close