KERALANEWSTop News

തട്ടിപ്പിനായി സരിതയും കൂട്ടാളികളും വ്യാജ രേഖ ചമച്ചു, സരിതയെ പ്രതി ചേര്‍ക്കാന്‍ വൈകിയതില്‍ ഉന്നത ഇടപെടലെന്നും ആക്ഷേപം

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ് നായരും കൂട്ടാളികളും തൊഴില്‍ തട്ടിപ്പിനായി ബെവ്‌കോ എം.ഡിയുടെ പേരില്‍ വ്യാജരേഖകളുണ്ടാക്കി. കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടറുടെ പേരില്‍ ഇന്റര്‍വ്യൂനുള്ള ക്ഷണപത്രവും തയാറാക്കി. കുന്നത്തുകാല്‍ പഞ്ചായത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് പണം വാങ്ങിയതെന്നും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരെന്ന പേരില്‍ പലരെയും ഫോണില്‍ വിളിച്ച് വിശ്വസിപ്പിച്ചിരുന്നെന്നും പരാതിക്കാര്‍ മൊഴി നല്‍കി.

സര്‍ക്കാരില്‍ സ്വാധീനമുണ്ടന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് സരിത എസ്. നായര്‍ പ്രതിയായ നെയ്യാറ്റിന്‍കരയിലെ തൊഴില്‍ തട്ടിപ്പും നടന്നത്. രണ്ട് യുവാക്കളാണ് ഇതുവരെ പരാതി നല്‍കിയിട്ടുള്ളത്. നെയ്യാറ്റിന്‍കര ഓലത്താന്നി സ്വദേശി അരുണ്‍ എസ്. നായരെ കെടിഡിസിയിലും കുഴിവിള സ്വദേശി എസ്. എസ്. ആദര്‍ശിനെ ബെവ്‌കോയിലും ജോലി നല്‍കാമെന്നും പറഞ്ഞ് പറ്റിച്ചതായാണ് പരാതി. അരുണില്‍ നിന്ന് അഞ്ച് ലക്ഷവും ആദര്‍ശില്‍ നിന്ന് 11 ലക്ഷം രൂപയും വാങ്ങി. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരിലുള്ള വ്യാജരേഖകള്‍ കാണിച്ച് വിശ്വസിപ്പിച്ചാണ് ലക്ഷങ്ങള്‍ വാങ്ങിയത്. ബെവ്‌കോ എം.ഡിയുടെ ഒപ്പോടെ ലെറ്റര്‍ പാഡില്‍ തയാറാക്കിയ റാങ്ക് പട്ടികയും ഇന്റര്‍വ്യൂ കാര്‍ഡും ആദര്‍ശിന് നല്‍കിയിരുന്നു. കെ.ടി.ഡി.സി എം.ഡിയുടെ പേരിലും സമാന രേഖകള്‍ തയാറാക്കി. പരാതിക്കാരെ വിശ്വസിപ്പിക്കാനായി ഉന്നത ഉദ്യോഗസ്ഥരെന്ന പേരില്‍ ഫോണ്‍ വിളിച്ചിരുന്നതായും പരാതിക്കാര്‍ പറയുന്നുണ്ട്.

അതിനിടെ കേസില്‍ നവംബര്‍ എട്ടിന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടും സരിത എസ്. നായരെ പ്രതിചേര്‍ത്തത് കഴിഞ്ഞദിവസം. കേസില്‍ പരാതിക്കാരുടെ മൊഴി എടുക്കുന്നതും പോലീസ് വൈകിപ്പിച്ചു. ഉന്നത രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നാണ് പോലീസ് നടപടികള്‍ വൈകിയതെന്നാണ് ആരോപണം. അതിനിടെ, പരാതി ഒത്തുതീര്‍പ്പാക്കാന്‍ സരിത ഇടപെട്ടെന്നും ആരോപണമുണ്ട്.

കുന്നത്തുകാല്‍ പഞ്ചായത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയായ രതീഷും സുഹൃത്ത് ഷൈജുവുമാണ് മുഖ്യ പ്രതികള്‍. ഇടപാടുകളെല്ലാം ഇവര്‍ നേരിട്ട് നടത്തിയപ്പോള്‍ ഒരു ലക്ഷം രൂപ മാത്രമാണ് സരിതയുടെ അക്കൗണ്ടിലേയ്ക്ക് നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ജോലി ലഭിക്കാത്തതില്‍ പ്രതിഷേധം അറിയിച്ചപ്പോള്‍ സരിത നേരിട്ട് ഫോണ്‍ വിളിച്ച് തുടങ്ങിയതായും മൊഴിയുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close