KERALANEWSTrending

തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം : തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് ഓണ്‍ലൈന്‍ റാലികളിലൂടെ സമാപനമാകും. ഈ മാസം എട്ടിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ചു ജില്ലകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രചാരണം.കോവിഡ് മൂലം പ്രചാരണങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വേദികളെ പരമാവധി ഉപയോഗിച്ചുകൊണ്ട് വോട്ടര്‍മാരെ ഒപ്പം നിര്‍ത്തുകയെന്നതാണ് മുന്നണികള്‍ പയറ്റുന്ന തന്ത്രം.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് വോട്ടെടുപ്പ്.ഇടതുമുന്നണിയാണ് വെബ്റാലിയോടെ തങ്ങളുടെ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കു സമാപനം കുറിയ്ക്കാനായി ആദ്യം തീരുമാനിച്ചത്. 50 ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വമ്പന്‍ പ്രചാരണപരിപാടിയാണ് അവര്‍ ഉദ്ദേശിക്കുന്നത്. വാര്‍ഡ് അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രധാനമായും വികസനം തന്നെയാണ് ഇടതുമുന്നണി പ്രചരണായുധമാക്കുന്നത്. ക്ഷേമപെന്‍ഷന്‍ വിതരണം, കോവിഡ്കാലം മുതല്‍ നല്‍കികൊണ്ടിരിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ സൗജന്യകിറ്റ്, ലൈഫ് പദ്ധതിയിലൂടെ നല്‍കിയ വീടുകള്‍ തുടങ്ങി ഗെയിലും ദേശീയപാതാ വികസനവും വരെ അവരുടെ പ്രചരണപരിപാടിയിലുണ്ട്. ഇവ അടിസ്ഥാനമാക്കി വ്യത്യസ്തങ്ങളായ ഓണ്‍ലൈന്‍ പരിപാടികള്‍, ലൈവ് ടെലികാസ്റ്റുകള്‍ എന്നിവയാണ് ഇന്ന് നടത്തുക.

സര്‍ക്കാരിന്റെ വികസന അവകാശവാദങ്ങളെ എതിര്‍ത്തുകൊണ്ട് പ്രചരണം ശക്തമാക്കുകയാണു യു.ഡി.എഫ്. വികസനങ്ങള്‍ മുഴുവനും അഴിമതിയാണെന്നും ജനവിരുദ്ധമാണെന്നുമാണ് യു.ഡി.എഫിന്റെ പ്രചരണം. ഇത് ചൂണ്ടിക്കാട്ടി ഇന്നു ഉച്ചയ്ക്ക് 12 മുതല്‍ ഒരുമണിവരെ യു.ഡി.എഫിന്റെ വെബ്റാലി നടക്കും. അഞ്ചു ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് യു.ഡി.എഫിന്റെ നീക്കം.ഇടതുസര്‍ക്കാരിന്റെ.സര്‍ക്കാരിന്റെ അഴിമതിയ്ക്കും ജനദ്രോഹനടപടികള്‍ക്കും വികസനവിരുദ്ധ മനോഭാവത്തിനുമെതിരാണ് ഈ റാലിയെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല റാലി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, എന്‍.കെ. പ്രേമചന്ദ്രന്‍, അനൂപ് ജേക്കബ്, സി.പി. ജോണ്‍, ജി. ദേവരാജന്‍ തുടങ്ങിയവര്‍ വെര്‍ച്വല്‍ റാലിയില്‍ പങ്കെടുക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close