
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി നവംബര്‍ 12 ന് ചുമതലയേല്‍ക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന് അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ കാലാവധി നവംബര്‍ 11 ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭരണഘടനാനുസൃതമായി, നിശ്ചിത കാലാവധിയ്ക്ക് ഉള്ളില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നതിനാലാണ് തിരഞ്ഞെടുപ്പ് നടുത്തുന്നതെന്ന് കമ്മീഷണര്‍ പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കമ്മീഷന് ആരോഗ്യവകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് വൊട്ടെടുപ്പ് നടത്തുക. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും തീയതി നിശ്ചയിക്കുന്നതെന്നും അതിനുമുമ്പ് വിപുലമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു .പോളിങ് ബൂത്തുകളില്‍ സാമൂഹ്യ അകലം പാലിച്ചാണ് വോട്ടിംഗ് നടത്തുക. പ്രചാരണത്തിന് പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കും. പ്രചാരണത്തിന് മൂന്നുപേരില്‍ കൂടുതല്‍ വീടുകളില്‍ പോകാന്‍ പാടില്ലെന്ന് വ്യവസ്ഥ ചെയ്യും.
പ്രചാരണത്തിലും വോട്ടിങ് സമയത്തും ഉള്‍പ്പെടെ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശം ആരോഗ്യവകുപ്പ് തയ്യാറാക്കും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് സജ്ജീകരിക്കും.ഉദ്യോഗസ്ഥ പരിശീലനം ഈ മാസംതന്നെ ആരംഭിക്കുമെന്ന് കമീഷന് വ്യക്തമാക്കി. മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കും. മറ്റ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ബ്ലോക്കു തലത്തിലായിരിക്കും. 30 പേരടങ്ങുന്ന ബാച്ചുകളായി നേരിട്ടായിരിക്കും പരിശീലനം. 150 കോടി രൂപയാണ് തെരഞ്ഞെടുപ്പ് ചെലവ് കണക്കാക്കിയിരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍കൂടി ഉറപ്പാക്കേണ്ടതിനാല്‍ ചെലവുയരും. 15 കോടി രൂപകൂടി കൂടുതല്‍ ആവശ്യപ്പെടുമെന്നും കമീഷന് വ്യക്തമാക്കി.