KERALANEWS

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരം എൻ.ഡി.എയും എൽ.ഡി.എഫും തമ്മിൽ: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരം എൻ.ഡി.എയും എൽ.ഡി.എഫും തമ്മിലാണെന്നും യു.ഡി.എഫ് ചിത്രത്തിലില്ലെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയന്റെ അഴിമതിയും ഏകാധിപത്യവും നേരിടാൻ യുഡിഎഫിനാവില്ലെന്നും തിരുവനന്തപുരം കേസരി മെമ്മോറിയൽ ഹാളിൽ നടത്തിയ മീറ്റ് ദി പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

ദേശീയ ജനാധിപത്യ സഖ്യം മാത്രമാണ് ഇടതുപക്ഷത്തിന് ബദൽ. ദേശീയതലത്തിലെ പോലെ കോൺഗ്രസ് തകർന്നു തരിപ്പണമായി കഴിഞ്ഞു. ഐക്യമുന്നണിയിൽ ലീഗിൻ്റെ അപ്രമാദിത്വമാണുള്ളത്. കാലാകാലങ്ങളായി യു.ഡി.എഫിനെ പിന്തുണച്ചിരുന്ന ക്രൈസ്തവ ന്യൂനപക്ഷത്തിന് ഇതിൽ വലിയ ആശങ്കയാണുള്ളത്. കേരളാ കോൺ​ഗ്രസിന്റെ മുന്നണി മാറ്റത്തോടെ മധ്യതിരുവിതാംകൂറിൽ കോൺ​ഗ്രസ് ദുർബലമായി കഴിഞ്ഞു. കോഴക്കേസിൽ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും കുടുംബവും നിലവിളിച്ചെന്ന വെളിപ്പെടുത്തൽ ലജ്ജാകരമായ അവസ്ഥയിലേക്ക് യുഡിഎഫിനെ എത്തിച്ചു. ഇത്തവണ ഇടതുപക്ഷവും ദേശീയ ജനാധിപത്യ സഖ്യവും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായിരിക്കും. രണ്ട് പ്രധാന മുന്നണികളും ഒരുപോലെ പ്രതിസന്ധിയിലായ തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. അഴിമതി പ്രധാന ചർച്ചാ വിഷയമാകുമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

ഭരണകക്ഷിയും പ്രതിപക്ഷവും പ്രതിക്കൂട്ടിലാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ ഓരോ ദിവസവും ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷത്തിനെതിരെയും അഴിമതി ആരോപണമുയരുന്ന അപൂർവ്വ സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നത്. അഴിമതി പരമ്പരകൾ കേരളം കെട്ടിപ്പൊക്കിയ പ്രതിച്ഛായ തകർത്തു. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസികൾ വന്നതോടെയാണ് അഴിമതി ഓരോന്നായി പുറത്തു വരാൻ തുടങ്ങിയത്. കേന്ദ്രത്തിൽ മോദിയുള്ളതുകൊണ്ടാണ് അന്വേഷണം നല്ലരീതിയിൽ നടക്കുന്നത്. കോൺ​ഗ്രസായിരുന്നെങ്കിൽ കേസുകൾ ഒത്തുതീർത്ത് കൊള്ളമുതൽ പങ്കിട്ടെടുത്തേനേ. എൽ.ഡിഎ.ഫും യു.ഡി.എഫും ഒരേ തൂവൽപക്ഷികളായതിനാൽ പ്രതിപക്ഷത്തിന് അഴിമതിക്കെതിരെ മിണ്ടാനാവുന്നില്ല. പരസ്പരം അഴിമതികൾ ഒത്തുതീർപ്പാക്കുന്ന വിചിത്രമായ രാഷ്ട്രീയമാണ് സംസ്ഥാനത്തുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു. ബാർക്കോഴകേസ് അട്ടിമറിച്ച മുഖ്യമന്ത്രി പിണറായി വിജയൻ യു.ഡി.എഫ് നേതാക്കൾക്കെതിരായ എല്ലാ കേസുകളും ഒഴിവാക്കി. ബാർക്കോഴകേസ് അട്ടിമറിച്ചതുകൊണ്ട് പിണറായിക്ക് എന്ത് ലാഭമാണ് കിട്ടിയത്? ബാർ ഉടമകൾ പിരിച്ച പണം എവിടേക്ക് പോയി?
സംസ്ഥാന മന്ത്രിമാർക്ക് അന്യസംസ്ഥാനങ്ങളിലും വിദേശത്തും നിഷേപമുണ്ടെന്നാണ് വാർത്തകൾ വരുന്നത്. യുഡിഎഫ് നേതാക്കളും മോശമല്ല.

ഇവരെല്ലാം അഴിമതിയിലൂടെ ഉണ്ടാക്കിയ കോടികളാണ് വിദേശത്ത് നിക്ഷേപിക്കുന്നത്. തോമസ് ഐസക്ക് വിദേശ നിക്ഷേപത്തെ കുറിച്ച് എന്താണ് മിണ്ടാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. ധനമന്ത്രി കിഫ്ബിയുടെ പേരിൽ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുകയാണ്.
തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി കാരണം കേന്ദ്രത്തിൻ്റെ പല പദ്ധതികളും പൂർണ്ണമായും ജനങ്ങളിലെത്തുന്നില്ല. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും അഴിമതിക്കാരെ പുറത്താക്കാൻ എൻ.ഡി.എക്ക് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close