KERALANEWS

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ജെഡിഎസ്-എല്‍ജെഡി ലയനമുണ്ടായേക്കും

തിരുവനന്തപുരം:എല്‍ജെഡി- ജെഡിഎസ് ലയനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായേക്കുമെന്ന് എല്‍ജെഡി നേതാവ് ഷെയ്ക് പി. ഹാരിസ്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് സീറ്റുകള്‍ സംബന്ധിച്ചുള്ള ധാരണ എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലയനം സംബന്ധിച്ച് ഇരുപാര്‍ട്ടികളും തത്വത്തില്‍ തീരുമാനമെടുത്ത സാഹചര്യത്തിലാണ് ഇന്നലെ ജെഡിഎസ്-എല്‍ജെഡി നേതാക്കള്‍ കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പ് ലയനം സാധ്യമാകില്ലെന്നാണ് ഷെയ്ക് പി. ഹാരിസ് വ്യക്തമാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് ലയനമുണ്ടായാല്‍ ചില ആശങ്കകള്‍ ഉണ്ടാവാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞടുപ്പിന് മുമ്പ് സീറ്റുകള്‍ സംബന്ധിച്ച് എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്ന് വ്യക്തത ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലയനം സംബന്ധിച്ചുള്ള ആശങ്ക താഴെ തട്ടിലുള്ള ഒരു വിഭാഗം നേതാക്കള്‍ എല്‍ജെഡി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. പുറമേ സംസ്ഥാന നേതാക്കള്‍ക്കിടയിലും സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close