KERALANEWS

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി വിലയിരുത്തുന്നതിനുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്ന്

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി വിലയിരുത്തുന്നതിനുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്ന് നടക്കും.ജില്ലകളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരില്‍ നിന്നും തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് കെ.പി.സി.സി തേടും. വൈകിട്ട് യു.ഡി.എഫ് ഉന്നതാധികാര യോഗവും ചേരുന്നുണ്ട്.

വിജയം പ്രതീക്ഷിച്ച് തോല്‍വി നേടിയതിന്റെ കാരണങ്ങള്‍ തേടിയുള്ള രണ്ടാം യോഗമാണ് ഇന്ന് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്ത് ചേരുന്നത്. ജില്ലകളില്‍ സംഘടനാ തലത്തിലുണ്ടായ വീഴ്ചകള്‍, സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ പാളിച്ചകള്‍ , പ്രചാരണ പ്രവര്‍ത്തനങ്ങളുടെ അഭാവങ്ങള്‍ തുടങ്ങി അതാത് ജില്ലകളില്‍ എന്തു സംഭവിച്ചുവെന്ന് ജില്ലകളുടെ ചുമലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ വിശദീകരിക്കും. ഓരോ മണ്ഡലങ്ങളിലും സംഭവിച്ച വീഴ്ചകള്‍ റിപ്പോര്‍ട്ടിലുണ്ടാവണമെന്നാണ് കെ.പി.സി.സി നിര്‍ദ്ദേശം. തെരഞ്ഞെടുപ്പിന് മുമ്പ് കെ.പി.സി.സി നല്‍കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പ്രത്യേകം പരിശോധിക്കാനുമാണ് തീരുമാനം. തിരുവനന്തപുരത്തെയും കൊല്ലത്തെയും പരാജയം വിശദമായി യോഗം ചര്‍ച്ച ചെയ്‌തേക്കും.

തോല്‍വിക്കു ശേഷമുള്ള ആദ്യ യുഡിഎഫ് യോഗമാണ് ഇന്ന് ചേരുന്നത്. തോല്‍വിയുടെ പഴി കോണ്‍ഗ്രസിനുമേല്‍ ചാര്‍ത്തി മുസ്‌ലിം ലീഗും ആര്‍.എസ്.പിയും പരസ്യമായി രംഗത്ത് വന്നിരുന്നു. ഇക്കാര്യങ്ങള്‍ ഇന്നത്തെ യു.ഡി.എഫ് യോഗത്തിലും ഉയരും ഒരു പക്ഷേ കൂടുതല്‍ കക്ഷികള്‍ ഇതാവര്‍ത്തിക്കുകയും ചെയ്‌തേക്കാം. കോണ്‍ഗ്രസ് ഇപ്പോള്‍ സംഘടനാ തലത്തില്‍ എടുത്ത തീരുമാനങ്ങള്‍ യോഗത്തില്‍ വിശദീകരിക്കും. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം വിട്ടു പോയതിലൂടെയുണ്ടായ നഷ്ടത്തെ ക്കുറിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാനുള്ള തന്ത്രങ്ങളാവും ഇന്നത്തെ യോഗത്തില്‍ ആവിഷ്‌കരിക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close