
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ ലൈഫ് പദ്ധതി നടപ്പാക്കിയ രീതിയില്‍ ക്രമക്കേട് കണ്ടെത്തി സംസ്ഥാന ഓഡിറ്റ് വകുപ്പ്. മറ്റ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ വീടുപണികള്‍ക്കും ചെയ്യാത്ത ലൈഫ് പദ്ധതികള്‍ക്കും പണം നല്കി എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. നിയമസഭ ലോക്കല്‍ ഫണ്ട്സ് അക്കൗണ്ട് കമ്മിറ്റിക്ക് നല്കിയ 2018-19 വര്‍ഷത്തിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ക്രമക്കേട് വ്യക്തമാകുന്നത്.പഞ്ചായത്തുകള്‍ ലൈഫ് ഭവന പദ്ധതികള്‍ നിര്‍വ്വഹിച്ചതു സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണെന്ന് റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ തന്നെ കുറ്റപ്പെടുത്തുന്നുണ്ട്.
ലൈഫ് മിഷന് ഭവന പദ്ധതി നടത്തിപ്പിലെ ക്രമക്കേട് കണ്ടെത്തിയ ഓഡിറ്റ് റിപ്പോര്‍ട്ട് പരിഗണനയിലിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഓഡിറ്റിങ് നിര്‍ത്തിവെച്ചത്.മുന്‍ ഭവന പദ്ധതികളില്‍ തുക അനുവദിച്ച് പൂര്‍ത്തീരിച്ച പദ്ധതികള്‍ക്ക് ലൈഫിലും തുക നല്‍കിയെന്നാണ് ഗുരുതര കണ്ടെത്തല്‍. വയനാട് ജില്ലയിലാണ് ഇഎംഎസ്, ഐഎവൈ ഭവന പദ്ധതികളില്‍ പൂര്‍ത്തിയാക്കിയ പദ്ധതികള്‍ക്കും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചത്. ചെയ്യാത്ത പദ്ധതികള്‍ക്ക് പണം അനുവദിച്ചതാണ് മറ്റൊരു ക്രമക്കേട്.സ്ഥലപരിശോധനയില്‍ നിര്‍ദ്ദിഷ്ട പണി പൂര്‍ത്തിയാക്കാത്ത വീടുകള്‍ക്കും തുക പൂര്‍ണ്ണമായും നല്കി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെയും പനമരം ബ്ലോക്ക് പഞ്ചായത്തിലെയും പ്രവൃത്തികള്‍ ഓഡിറ്റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.അര്‍ഹതയില്ലാത്ത ഗുണഭോക്താക്കള്‍ക്കും ലൈഫ് പദ്ധതിയുട ആനുകൂല്യം തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയെന്നും ആരോപണമുണ്ട്. കല്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ മറ്റ് പദ്ധതികളില്‍ പണം കൈപറ്റിയവരെും ലൈഫ് ഗണഭോക്താക്കളായി പരിഗണിച്ച് വന്‍തുക നല്‍കിയെന്ന കണ്ടെത്തലുമുണ്ട്.കൃത്യമായ പരിശോധന നടത്താതെ എസ്റ്റിമേറ്റ് തയ്യാറാക്കിയതാണ് മറ്റൊരു ക്രമക്കേട്. ഈ കണ്ടെത്തലുകളുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് ആണ് ഗ്രാന്റിന്റെ കാരണം പറഞ്ഞ് ധനവകുപ്പ് നിര്‍ത്തിവെച്ചത്.