
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്തും. രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തി ഡിസംബര്‍ പകുതിക്കു മുന്‍പായി ഭരണസമിതികള്‍ അധികാരമേല്‍ക്കുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന.ഏഴു ജില്ലകളില്‍ ആദ്യഘട്ടത്തിലും, ശേഷിക്കുന്ന ഏഴു ജില്ലകള്‍ രണ്ടാംഘട്ടത്തിലും എന്ന വിധത്തില്‍ വോട്ടെടുപ്പ് നടത്തുന്നതാണ് പരിഗണിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സംവരണം നിശ്ചയിക്കല്‍ അടക്കമുള്ളവ അന്തിമഘട്ടത്തിലാണ്.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ഡിസംബര്‍ 11-ന് പുതിയ ഭരണസമിതി നിലവില്‍ വരുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന തരത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ആലോചിക്കുന്നത്. തെരഞ്ഞെടുപ്പ് ഒരു മാസം നീട്ടിവയ്ക്കാന്‍ സര്‍വക്ഷിയോഗം തീരുമാനിച്ചിരുന്നു.തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്താനാണ് തീരുമാനമെന്നും തിയതി നിശ്ചയിച്ചിട്ടില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്കരന് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലൂടെയായിരിക്കും തിയതി പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.