Breaking NewsKERALANEWSTop News

തനിക്കും ചിലത് പറയാനുണ്ടെന്ന് സനു മോഹന്റെ ഭാര്യ; രമ ഇന്ന് മാധ്യമങ്ങളെ കാണുമെന്നും റിപ്പോർട്ട്; വൈ​ഗയുടെ മരണത്തിന് പിന്നിലെ ദുരൂഹത ഇന്ന് വെളിവാകുമോ?

ആലപ്പുഴ: തനിക്കും ചിലത് പറയാനുണ്ടെന്ന് സനുമോഹന്റെ ഭാ​ര്യ. ഭർത്താവിന്റെ അറസ്റ്റ് വിവരങ്ങൾ പൂർണമായും പുറത്ത് വന്നതിന് ശേഷമാണ് രമ്യയുടെ പ്രതികരണം. ആലപ്പുഴയിലെ രഹസ്യ കേന്ദ്രത്തിൽ പൊലീസ് നിരീക്ഷണത്തിലാണ് ഇവരെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. രമ ഇന്ന് മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, ഇന്നലെ പൊലീസ് പിടിയിലായ സനു മോഹനെ കൊച്ചിയിലെത്തിച്ചു.

കഴിഞ്ഞ ദിവസമാണ് സനു മോഹനെ ഉത്തര കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നും കര്‍ണാടക പോലീസ് പിടികൂടിയത്. ഇന്ന് വെളുപ്പിനെ 4.15 ഓടെയാണ് സനുമോഹനെ തൃക്കാക്കര പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. ഇന്ന് സനു മോഹന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തും. പതിനൊന്നര മണിക്ക് സിറ്റി പോലീസ് കമ്മിഷണറും ഡിസിപിയും വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. 28 ദിവസത്തെ തിരച്ചിലിനൊടുവിലാണ് സനു മോഹൻ പൊലീസിന്റെ വലയിലാകുന്നത്.

ഇയാളുടെ കോവിഡ് പരിശോധനയും മറ്റ് വൈദ്യ പരിശോധനകളും നടത്തേണ്ടതുണ്ട്. തുടര്‍ന്ന് സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് കൊണ്ടുപോകും.സനു മോഹന്‍ കൊല്ലൂരിലുണ്ടെന്ന് വെള്ളിയാഴ്ച വിവരം ലഭിച്ചതോടെ കൊച്ചിയില്‍നിന്നുള്ള അന്വേഷണസംഘം പുറപ്പെട്ടിരുന്നു. കര്‍ണാടക പോലീസിന്റെ സഹായത്തോടെ അന്വേഷണം തുടരുന്നതിനിടെയാണ് പിടിയിലായത്. കര്‍ണാടക പോലീസ് സനുവിനെ കൊച്ചി സിറ്റി പോലീസിന് കൈമാറി. ഞായറാഴ്ച രാത്രിതന്നെ സനുവിനെകൂട്ടി പോലീസ് കൊച്ചിയിലേക്ക് തിരിച്ചിരുന്നു.

കൊല്ലൂരില്‍ ഒളിവില്‍ താമസിച്ചിരുന്ന സനു ഹോട്ടലില്‍ പണംനല്‍കാതെ മുങ്ങിയതിനെത്തുടര്‍ന്ന് കൊല്ലൂര്‍ ബീന റെസിഡന്‍സി ജീവനക്കാര്‍ പോലീസിനെ അറിയിച്ചു. സനു ഹോട്ടലില്‍ നല്‍കിയ ആധാര്‍വിവരങ്ങള്‍ പരിശോധിച്ച് കര്‍ണാടക പോലീസ് കേരള പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ സനു ഉഡുപ്പിയിലേക്കാണ് പോയതെന്ന് മനസ്സിലായി. അയാള്‍ സഞ്ചരിച്ച ബസും കണ്ടെത്തി. സനുവിനെ പിന്തുടര്‍ന്ന് കാര്‍വാറില്‍വെച്ച് പിടികൂടുകയായിരുന്നു.

മാര്‍ച്ച് 21-ന് രാത്രിയാണ് സനു മോഹനെയും മകള്‍ വൈഗയെയും കാണാതായത്. അന്ന് വൈകീട്ട് ആലപ്പുഴയിലെ ബന്ധുവീട്ടില്‍ സനുവും കുടുംബവും ചെന്നിരുന്നു. ഭാര്യ രമ്യയെ അവിടെയാക്കിയശേഷം മറ്റൊരു വീട്ടില്‍ പോയിവരാമെന്ന് പറഞ്ഞ് സനു വൈഗയെയും കൂട്ടി ഇറങ്ങുകയായിരുന്നു. അര്‍ധരാത്രിയായിട്ടും കാണാതായതോടെ അന്വേഷണം തുടങ്ങി. കങ്ങരപ്പടി ഫ്‌ളാറ്റില്‍ എത്തി തിരക്കിയപ്പോഴാണ് രാത്രി 9.30-ന് ഫ്‌ളാറ്റില്‍ എത്തിയതായും കുറച്ചുകഴിഞ്ഞപ്പോള്‍ കാറുമായി പുറത്തുപോയതായും വിവരം ലഭിച്ചത്. വൈഗയെ പിറ്റേന്ന് ഇടപ്പള്ളി മുട്ടാര്‍പ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കേരള പോലീസിനെ 28 ദിവസമാണ് സനു മോഹന്‍ വട്ടം കറക്കിയത്. വൈഗയുടെ മൃതദേഹം കണ്ടെത്തിയതുമുതലാണ് അന്വേഷണം തുടങ്ങിയത്.

വൈഗയുടേതു മുങ്ങി മരണമാണെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, വൈഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ടിൽ രക്തത്തിൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. വൈഗയെ നിർബന്ധിച്ചു മദ്യം കഴിപ്പിച്ചതായിരിക്കാമെന്നാണു പൊലീസ് നിഗമനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close