KERALANEWSTop News

തന്നെ അറസ്റ്റ് ചെയ്തേക്കാം എന്ന് കെ സുരേന്ദ്രൻ; മുന്‍പ് അറസ്റ്റ് ചെയ്തപ്പോഴുണ്ടായ അനുഭവം പിണറായി വിജയന്‍ ഓര്‍മിക്കുന്നതായിരിക്കും നല്ലതെന്നും മുന്നറിയിപ്പ്; ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്

കോട്ടയം: തന്നെ അറസ്റ്റ് ചെയ്യുക എന്നതാകാം കേരള പൊലീസിന്റെ ഉദ്ദേശമെന്നും മുമ്പ് അറസ്റ്റ് ചെയ്തപ്പോഴുണ്ടായ അനുഭവം പിണറായി വിജയൻ ഓർക്കുന്നത് നന്നായിരിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. പൊലീസ് അതിക്രമങ്ങളെയും നടപടികളെയും ശക്തമായി നേരിടും. സിപിഐഎമ്മിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ തന്നെ ലക്ഷ്യം വയ്ക്കുന്നത് ബിജെപിയുടെ അമരത്തിരിക്കുന്ന ആളെന്ന നിലയിലാണെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

കെ സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ..

”എന്നെ അറസ്റ്റ് ചെയ്യുമായിരിക്കും. അതൊക്കെയായിരിക്കും കേരള പൊലീസിന്റെ ഉദേശം. എന്നെ ലക്ഷ്യം വയ്ക്കുന്നത് വ്യക്തിപരമായിട്ടല്ല, ബിജെപിയുടെ അമരത്തിരിക്കുന്ന ആളെന്ന നിലയിലാണ്. ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം. പ്രവര്‍ത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താനാണ്. മുന്‍പ് എന്നെ അറസ്റ്റ് ചെയ്തപ്പോഴുണ്ടായ അനുഭവം പിണറായി വിജയന്‍ ഓര്‍മിക്കുന്നതായിരിക്കും നല്ലത്. ഞാനിതൊക്കെ പ്രതീക്ഷിക്കുന്നുണ്ട്. ഇതൊന്നും പ്രതീക്ഷിക്കാതെ പൊതുജീവിതത്തിന് ഇറങ്ങിയിട്ടുള്ളവരല്ല ബിജെപി പ്രവര്‍ത്തകര്‍. പൊലീസ് അതിക്രമങ്ങളെയും നടപടികളെയും ശക്തമായി നേരിടും. 300ഓളം കേസുകള്‍ എന്റെ പേരിലുണ്ട്. അങ്ങനെയൊരാളില്‍ നിന്ന് വെറൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പ്രതികാരരാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കും.”

കൊടകര കള്ളപ്പണക്കേസുമായി ബിജെപിയെ ഒരിക്കലും ബന്ധപ്പെടുത്താന്‍ സാധിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. മഞ്ചേശ്വരത്തെ കെ സുന്ദരയെ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

”അപകടം സംഭവിച്ച്, കാറും പണവും നഷ്ടപ്പെട്ടപ്പോള്‍ ധര്‍മ്മരാജന്‍ അദ്ദേഹത്തിന് അറിയുന്ന ആള്‍ക്കാരെ വിളിച്ചിട്ടുണ്ടായിരിക്കും. അതിലെന്താണ് തെറ്റ്. എന്നെ ചിലപ്പോള്‍ വിളിച്ചിട്ടുണ്ടാകും. ധര്‍മ്മരാജന്റെ പേരില്‍ സ്പിരിറ്റ് കേസുണ്ടോയെന്ന് എനിക്ക് എങ്ങനെ അറിയാന്‍ സാധിക്കും. എല്ലാവരുടെയും പൂര്‍വ്വകാലം അന്വേഷിച്ചിട്ട് ഫോണ്‍ എടുക്കാന്‍ പറ്റില്ലല്ലോ. കൊടകരക്കേസുമായി ബിജെപിയെ ഒരിക്കലും ബന്ധപ്പെടുത്താന്‍ സാധിക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസും സിപിഐഎമ്മും ഒരുവിഭാഗം മാധ്യമങ്ങളും തെറ്റായ വാര്‍ത്തകളാണ് സൃഷ്ടിക്കുന്നത്. മഞ്ചേശ്വരത്തെ കെ സുന്ദരയെ കണ്ടിട്ടില്ല. സംസാരിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് കാര്യങ്ങള്‍ അറിയുന്നത്. നിയമം അനുസരിച്ച് പണം കൊടുക്കുന്നവനും വാങ്ങുന്നവരും ഒരുപോലെ കുറ്റക്കാരാണ്. പിന്നെ എന്താണ് എന്നെ മാത്രം പ്രതിയാക്കിയത്.”

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close