KERALANEWS

തന്നെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാർ തന്നെയെന്ന് പി കെ ജയലക്ഷ്മി; കോൺ​ഗ്രസിലെ ഒരു വിഭാ​ഗം എല്‍ഡിഎഫിന്റെ സ്തുതിപാഠകരാണെന്നും മുൻ മന്ത്രി; മാനന്തവാടിയിലെ തോൽവി അന്വേഷിക്കാൻ കെപിസിസി സമിതിയെ നിയോ​ഗിക്കണമെന്നും ആവശ്യം

മാനന്തവാടി: തന്റെ പരാജയത്തിന് പിന്നിൽ കോൺ​ഗ്രസ് നേതാക്കൾ തന്നെയെന്ന ആരോപണവുമായി മുൻ മന്ത്രിയും മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ പി കെ ജയലക്ഷ്മി. ഇത് സംബന്ധിച്ച് ജയലക്ഷ്മി കെപിസിസി നേതൃത്വത്തിന് പരാതി നൽകി. മാനന്തവാടിയിലെ പരാജയത്തിന്റെ കാരണം പഠിക്കണമെന്നാണ് ജയലക്ഷ്മിയുടെ ആവശ്യം. ഇതിനായി ഒരു പ്രത്യേക സമിതിയെ നിയോ​ഗിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

പാര്‍ട്ടിക്കുള്ളില്‍ തന്നെ സ്ഥാനാര്‍ത്ഥിക്കെതിരെ പ്രചാരണം നടന്നുവെന്ന് താഴെ തട്ടില്‍ നിന്നും വിവരം ലഭിച്ചിരുന്നെന്ന് ജയലക്ഷ്മി വെളിപ്പെടുത്തുന്നു. ഇതുകൊണ്ടാണ് മറ്റ് രണ്ട് മണ്ഡലങ്ങളിലും വിജയിച്ചിട്ടും കോണ്‍ഗ്രസിന് മേല്‍കൈയുള്ള മാനന്തവാടിയില്‍ പരാജയപ്പെട്ടതെന്നും ജയലക്ഷ്മി പറയുന്നു. ഇതിന് പുറമേ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ഇടത് സര്‍ക്കാരിനെ വിമര്‍ശിച്ചില്ലെന്നും രാഹുല്‍ ഗാന്ധിയുടെ സ്വപ്‌ന പദ്ധതിയായ ന്യായ് പദ്ധതിയെകുറിച്ചും കടാശ്വാസ പദ്ധതിയെകുറിച്ചും വോട്ടര്‍മാര്‍ക്കിടയില്‍ അവബോധമുണ്ടായിക്കിയില്ലെന്നും ജയലക്ഷ്മി വിമര്‍ശിച്ചു. ഒരു ഭാഗം പ്രവര്‍ത്തകര്‍ എല്‍ഡിഎഫിന്റെ സ്തുതിപാഠകരാണെന്നും ഇതെല്ലാം അന്വേഷിക്കുന്നതിനായി കെപിസിസി ഒരു സമിതിയെ നിയോഗിക്കണമെന്നാണ് പ്രധാന ആവശ്യം.

ജയലക്ഷ്മിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വയനാട് ഡിസിസി സെക്രട്ടറി എംജെ ബിജു നേരത്തെ രാജിവെച്ചിരുന്നു. മണ്ഡലത്തില്‍ എതിര്‍സ്ഥാനാര്‍ത്ഥി ഒആര്‍ കേളു പികെ ജയലക്ഷ്മിയേക്കാള്‍ 9,282 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. എന്നാല്‍ ജില്ലയില്‍ മറ്റ് രണ്ട് മണ്ഡലങ്ങളിലും യുഡിഎഫാണ് വിജയിച്ചത്.

കല്‍പറ്റയില്‍ 70252 വോട്ടുകളാണ് സിദ്ധിഖ് നേടിയത്. എംപി ശ്രേയാംസ് കുമാറിന് 64,782 വോട്ട് നേടിയപ്പോള്‍ ബിജെപിയുടെ സുബീഷ് ടിഎം 14,113 വോട്ട് നേടി. സുല്‍ത്താന്‍ ബത്തേരിയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി ഐ.സി. ബാലകൃഷ്ണന്‍ 11,822 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്. 81,077 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ഥി സിപിഐഎമ്മിന്റെ എംഎസ് വിശ്വനാഥന്‍ 69255 വോട്ടുകള്‍ നേടി

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close