KERALANEWSTop News

തന്നെ ദേശീയ നേതൃത്വം വിളിച്ചുവരുത്തിയതല്ലെന്ന് കെ സുരേന്ദ്രൻ; ഡൽഹിയിലെത്തിയത് പാർട്ടി പരിപാടികളുടെ ഭാ​ഗമായി എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ; സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിനെ ഇന്നലെയും കാണാനായില്ല

ന്യൂഡൽഹി: തന്നെ പാർ‍ട്ടി ദേശീയ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചതല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാർട്ടി പരിപാടികളുടെ ഭാ​ഗമായി ഡൽഹിയിൽ എത്തിയതാണ് എന്നും സുരേന്ദ്രൻ വെളിപ്പെടുത്തുന്നു. അതേസമയം, കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയവും അതേതുടർന്നുണ്ടായ വിവാദങ്ങളും സംബന്ധിച്ച് ദേശീയ നേതൃത്വവുമായി സുരേന്ദ്രൻ ചർച്ച നടത്തി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കേന്ദ്രത്തിൽ വി. മുരളീധരൻ- കെ. സുരേന്ദ്രൻ പക്ഷത്തോട് അനുഭാവം കാട്ടുന്ന നേതാക്കളെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിക്കാനാണ് ശ്രമം. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് മുംബൈയിലായതിനാൽ ഇന്നലെ അദ്ദേഹത്തെ കാണാനായില്ല. കേന്ദ്രമന്ത്രി വി. മുരളീധരനും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം, സി.കെ. ജാനുവിന് പണം നൽകിയെന്ന ആരോപണം ​ഗൂഢാലോചനയിലൂടെ ഉയർന്ന് വന്ന വിവാദമെന്നാണ് സുരേന്ദ്രൻ പറയുന്നത്. കണ്ണൂരിൽ സി.പി.എം. നേതാവ് പി. ജയരാജനും പ്രസീതയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇങ്ങനെ ഒരു വിവാദം ജന്മംകൊണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. സി.കെ. ജാനുവിന് പണം നൽകിയെന്ന ആരോപണം സി.പി.എം. ഗൂഢാലോചനയാണ്. കണ്ണൂരിൽ സി.പി.എം. നേതാവ് പി. ജയരാജനും പ്രസീതയും കൂടിക്കാഴ്ച നടത്തി ഉണ്ടാക്കിയ ഗൂഢാലോചനയാണിത്. ഇവർ കണ്ണൂരിൽ വെച്ച് കണ്ടതിന് തന്റെ കൈയിൽ വ്യക്തമായ തെളിവുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

ജാനുവിന് പണം കൊടുത്തതതായി പ്രസീത കണ്ടിട്ടില്ല. പണം തന്നതായി ജാനുവും പറഞ്ഞിട്ടില്ല. അപ്പോൾ വെറുതെ ഒരു കേസ് സൃഷ്ടിക്കുകയാണ്. എൻ.ഡി.എ.യുടെ ഘടകക്ഷി നേതാവായ ജാനുവിന് താമസിക്കാൻ ബി.ജെ.പി. മുറി എടുത്തുകൊടുത്തതിൽ എന്ത് തെറ്റാണുള്ളതെന്നും അതിൽ എന്ത് വാർത്താ പ്രാധാന്യമാണുള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു. സി.പി.എം. ഉയർത്തുന്ന പണവിവാദത്തെ മുട്ടിൽ മരംമുറി കേസ് ഉയർത്തി പ്രതിരോധിക്കാനും ബി.ജെ.പി. ആലോചിക്കുന്നുണ്ട്. വിഷയത്തിൽ കേന്ദ്ര വനം മന്ത്രാലയത്തെ ഇടപെടുവിക്കാനാണ് ശ്രമം.

തിരഞ്ഞെടുപ്പ് പരാജയം, പണമിടപാട് വിവാദം എന്നീ വിഷയങ്ങളെച്ചൊല്ലി സംസ്ഥാന ബി.ജെ.പി. ആരോപണങ്ങളുടെ നിഴലിൽ നിൽക്കുമ്പോഴാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഡൽഹിയിലെത്തിയത്. വിവാദ വിഷയങ്ങളിൽ കേന്ദ്ര നേതൃത്വം വിവിധതലങ്ങളിൽ അന്വേഷണം നടത്തിവരികയാണ്. ഇക്കാര്യത്തിൽ ഔദ്യോഗിക വിഭാഗത്തിന്റെ വിശദീകരണം നൽകാനാണ് സുരേന്ദ്രൻ ഡൽഹിയിൽ എത്തിയിരിക്കുന്നതെന്നാണ് സൂചന. എന്നാൽ, വിവാദങ്ങൾ മാധ്യമസൃഷ്ടിയാണെന്നും ഡൽഹിയിലേക്കുള്ള തന്റെ വരവിന് ഇത്തരം വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും സുരേന്ദ്രൻ ന്യായീകരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close