NEWSTrendingWORLD

തന്റെ ജീവിതത്തിന്റെ താളം തെറ്റിയതുപോലുള്ള അനുഭവം;അവസാനം വലിയ കട്ടറുകള്‍ കൊണ്ടുവന്ന് മോചിപ്പിച്ചു;പ്രണയം ചിലപ്പോഴൊക്കെ അങ്ങനെയാണ്;സ്‌നേഹത്തിന്റെ ആഴം അറിയാന്‍ നടത്തിയ മാര്‍ഗ്ഗം കാമിതാക്കളെ കൊണ്ടെത്തിച്ചത് രണ്ടുവഴിയ്ക്ക്..

പ്രണയം ദിവ്യമാണ് ഉദാത്തമാണ് പരസ്പരമുള്ള സഹനത്തിന്റെയും പങ്കുവെയ്ക്കലിന്റെയും പ്രതീകമാണ് എന്നൊക്കെ പറയുന്നവര്‍ക്ക് ചൂണ്ടിക്കാട്ടന്‍ ഇന്ന് നിരവധി സന്ദര്‍ഭങ്ങളും വാര്‍ത്തകളും നാടിന്റെ പലഭാഗത്തും നടക്കുന്നുണ്ട്….പത്ത് വര്‍ഷത്തോളം കാമുകിയെ ചെറിയൊരു മുറിയില്‍ താമസിപ്പിച്ചത് പോലും മാതൃകാ പ്രണയത്തിന്റെ ഉത്തമോദാഹരണമാണെന്ന് പറയുമ്പോള്‍ തന്റെ ഇണയില്‍ നിന്ന് സ്വാതന്ത്രര്‍ ആയതിന്റെ സന്തോഷം പങ്കുവെയ്ക്കുന്നവരുമുണ്ട്.

തങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം അറിയുവാനായിരുന്നു കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ ഉക്രെയിനിലെ വിക്ടോറിയ പുസ്റ്റൊവിറ്റോവയും കാമുകന്‍ അലക്ഷാണ്ടര്‍ കുഡ്‌ലേയും തികച്ചും വ്യത്യസ്തമായ മാര്‍ഗ്ഗം സ്വീകരിച്ചത്. അവര്‍ പരസ്പരം ഒരു ചങ്ങലകൊണ്ട് ബന്ധിക്കുകയായിരുന്നു. ഇരുവരുടെയും കൈകളും കാലുകളും ചങ്ങലകൊണ്ട്ബന്ധിച്ചു.പരസ്പരം ബന്ധിപ്പിക്കപ്പെട്ട് 123 ദിവസത്തോളമാണ് കാമുകീകാമുകന്മാര്‍ ഒരുമിച്ചു കഴിഞ്ഞത്. അവസാനം വലിയ കട്ടറുകള്‍ കൊണ്ടുവന്ന് അവരെ പരസ്പരം ബന്ധിപ്പിച്ച ചങ്ങല അഴിച്ചുമാറ്റിയപ്പോള്‍ കൂടുതുറന്നുവിട്ട തത്തകളെ പോലെ ഇരുവരും ഇരുവഴിക്ക് യാത്രയായി.പണ്ട് വള്ളത്തോള്‍ പാടിയത് പോലെ ബന്ധുര കാഞ്ച കൂട്ടിലടച്ചാലും ബന്ധനം ബന്ധനം തന്നെ പാരില്‍ എന്നത് ഇവിടെ കൂടുതല്‍ ആഴത്തില്‍ എഴുതപ്പെടുകയാണ്.

തനിക്ക് തന്റെ സ്വതന്ത്ര ജീവിതം ആസ്വദിക്കണമെന്നും, തികച്ചും സ്വതന്ത്രയായ ഒരു വ്യക്തിയായി കഴിയണമെന്നുമാണ് ഇപ്പോള്‍ വിക്ടോറിയ പറയുന്നത്. ചങ്ങലകളഴിച്ച നിമിഷം സന്തോഷത്തോടെ തുള്ളിച്ചാടുകയായിരുന്നു വിക്ടോറിയ. അവസാനം താന്‍ സ്വതന്ത്രയായി എന്നാണ് അവര്‍ വിളിച്ചുകൂവിയത്.കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ അവരെ ചങ്ങലകൊണ്ട് പരസ്പരം ബന്ധിപ്പിച്ച യൂണിറ്റി സ്മാരകത്തിനു മുന്നില്‍ വച്ചുതന്നെയായിരുന്നു അവര്‍ പരസ്പരം പിരിഞ്ഞതും. തങ്ങളെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ അലക്‌സാണ്ടര്‍, തങ്ങള്‍ സന്തോഷവാന്മാര്‍ ആയിരുന്നു എന്നും ഇപ്പോഴും സന്തോഷിക്കുന്നു എന്നും പറഞ്ഞു. ഇപ്പോള്‍ തങ്ങള്‍ക്കിടയില്‍ ഒരു അകലം ഉണ്ടായതില്‍ വളരെയധികം സന്തോഷമുണ്ടെന്നും അയാള്‍ പറഞ്ഞു.തങ്ങള്‍ക്കിടയില്‍ മറ്റൊന്നുമില്ലാതെ, മറ്റൊന്നിനും ഇടമില്ലാതെ അത്രയും അടുത്തുകഴിഞ്ഞത് തങ്ങളുടെ ബന്ധത്തേയും വിവാഹം കഴിക്കുവാനുള്ള തീരുമാനത്തേയും പ്രതികൂലമായി ബാധിച്ചു എന്ന് ഇരുവരും പറയുന്നു. ഇത്രയും അടുക്കുമ്പോള്‍ ഒരു പ്ലസ് പോയിന്റ് കാണുമെങ്കില്‍ രണ്ട് മൈനസ് പോയിന്റുകളും ഉണ്ടാകുമെന്ന് മനസ്സിലാക്കിയതായി ഇരുവരും പറയുന്നു.

വിക്ടോറിയയ്ക്ക് തന്റെ ജീവിതത്തിന്റെ താളം തെറ്റിയതുപോലുള്ള അനുഭവമായിരുന്നു ഈ ദിവസങ്ങളില്‍ എന്ന് അലക്‌സാണ്ടര്‍ പറഞ്ഞു.തന്റെ സാമീപ്യമുള്ളപ്പോള്‍, അവള്‍ക്ക് അവള്‍ ചെയ്യുന്ന കാര്യങ്ങള്‍ തുറന്ന മനസ്സോടെ ചെയ്യുവാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇനി അവള്‍ സന്തോഷവതിയായി പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകുമെന്നും അയാള്‍ പറഞ്ഞു. അതുപോലെ, വിക്ടോറിയയുടെ ദൈനം ദിന മേക്ക് അപ് പോലുള്ള സമയങ്ങളില്‍ തനിക്ക് വല്ലാത്ത മടുപ്പ് അനുഭവപ്പെട്ടിരുന്നതായും അലക്‌സാണ്ടര്‍ സമ്മതിച്ചു. ഇടയില്‍ ഒരു കലഹമുണ്ടാകാതിരിക്കാന്‍ തങ്ങള്‍ക്ക് ഏറെ പണിപ്പെടേണ്ടതായി വന്നു എന്നും അയാള്‍ പറയുന്നു.തങ്ങള്‍ക്കിടയില്‍ പിന്നീട് കനത്ത നിശബ്ദത വീഴാന്‍ തുടങ്ങി. പറയാന്‍ ഏറെയൊന്നും ബാക്കിയില്ലാത്തതുപോലെ. പുറത്തിറങ്ങി ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞുചേരാന്‍ കൊതിച്ചുപോയ നിമിഷങ്ങളായിരുന്നു അവ. അലക്‌സാണ്ടര്‍ തുടരുന്നു.ചങ്ങലക്കെട്ടുകളില്‍ നിന്നും സ്വതന്ത്രരായ അവര്‍ ഇനി ഉക്രെയിനിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളില്‍ താമസിക്കും. നേരത്തേ വിവാഹം കഴിക്കുവാന്‍ തീരുമാനിച്ചിരുന്ന ഇവര്‍ ഇപ്പോള്‍ അതും വേണ്ടെന്ന് വച്ചിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close