Breaking NewsElection 2021KERALANEWSTop News

തപാൽ വോട്ടുകൾ തുറന്നു; നടപടിക്രമങ്ങൾ പുരോ​ഗമിക്കുന്നു; ആകാം ക്ഷയോടെ രാഷ്ട്രീയ കേരളം

തിരുവനന്തപുരം: വോട്ടെടുപ്പിന് തുടക്കമായി. തപാൽ വോട്ടുകൾ എണ്ണുന്നതിനായി തുറന്നു.കേരളത്തിലെ നിയമസഭാ തെര‍ഞ്ഞെടുപ്പ് ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. 140 മണ്ഡലങ്ങളിലെയും കൗണ്ടിം​ഗ് സ്റ്റേഷനുകൾ സജ്ജമായി. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് നടപടികൾ പുരോ​ഗമിക്കുന്നത്. എട്ടരയോടെ വോട്ടെണ്ണൽ ആരംഭിക്കും. കേരളത്തിലെ മൂന്ന് മുന്നണികൾക്കും ഏറെ നിർണായകമാണ് ഈ ദിനം. ഇടത് മുന്നണി ഭരണം നിലനിർത്തുമോ കോൺ​ഗ്രസ് ഭരണം പിടിക്കുമോ ബിജെപി അട്ടിമറി വിജയങ്ങൾ നേടുമോ എന്നിങ്ങനെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

രാവിലെ ആറ് മണിയോടെ തന്നെ വരണാധികാരി സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂമുകൾ തുറന്നു. ചാര്‍ജ് ഓഫീസര്‍ വോട്ടിങ് യന്ത്രങ്ങള്‍ ഏറ്റെടുത്ത് സുരക്ഷിതമായി വോട്ടെണ്ണല്‍ ഹാളിലേക്ക് മാറ്റി.957 സ്ഥാനാർത്ഥികൾ, 40,771 ബൂത്തുകൾ, രണ്ട് കോടിയിലധികം വോട്ടുകൾ. റിസര്‍വ് ഉൾപ്പടെ 50496 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 54349 വിവിപാറ്റ് മെഷീനുകളുമാണ് ഇത്തവണ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. എട്ടുമണിക്ക് ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്. ഇത്തവണ ഓരോ മണ്ഡലത്തിലും ശരാശരി നാലായിരം മുതൽ അയ്യായിരം വരെ തപാൽ വോട്ടുകളുണ്ട്. ഇവയെണ്ണാൻ അഞ്ച് മുതൽ എട്ട് വരെ മേശകൾ ക്രമീകരിച്ചിട്ടുണ്ട്.

എട്ടരയ്ക്ക് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങൾ എണ്ണിത്തുടങ്ങും. ഒരു റൗണ്ടിൽ 21 ബൂത്തുകളാണ് എണ്ണുക. ലീഡ് നില തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ എൻകോർ എന്ന സോഫ്റ്റ്‍വെയറിലാണ് അപ്ലോഡ് ചെയ്യുന്നത്. പിന്നീട് വെബ്സൈറ്റിലേക്കും അപ്ഡേറ്റ് ചെയ്യും. കഴിഞ്ഞതവണ ട്രെൻഡ് എന്ന സോഫ്റ്റ്‍വെയറിലായിരുന്നുവെങ്കിലും ഇത്തവണ അതില്ല. പകരമുള്ള സോഫ്റ്റ്‍വെയർ വഴി വിവരം നൽകുമെന്നാണ് കമ്മീഷന്‍റെ വിശദീകരണം

144 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെണ്ണാനായി സജ്ജീകരികരിച്ചിരിക്കുന്നത്. 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണും. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു വരെ ഹാളുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 ഹാളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യമെണ്ണുക തപാൽ വോട്ടുകളായിരക്കും.

2019 ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ 14 മേശകളാണുണ്ടായിരുന്നത് എന്നാൽ കൊവിഡ് സാഹചര്യത്തിൽ സാമൂഹിക അകലം ഉറപ്പാക്കാനായി ഇത്തവണ ഓരോ ഹാളിലും ഏഴ് മേശകളാണ് തയ്യാറാക്കുക. ഒരോ മേശയിലും കൗണ്ടിംഗ് സൂപ്പർവൈസറും അസിസ്റ്റന്‍റ് കൗണ്ടിംഗ് ഏജന്‍റുമാരും ഉണ്ടാകും ആവശ്യമെങ്കിൽ തപാൽ വോട്ടെണ്ണുന്ന മേശകളുടെ എണ്ണം രണ്ടാക്കാനും നിർദ്ദേശമുണ്ട്. ഇത്തവണ ഓരോ റൗണ്ടിലും 21 ബൂത്തുകളുടെ വോട്ടെണ്ണാവുന്ന സംവിധാനമാണ് ഒരുക്കുന്നത്. കഴിഞ്ഞ തവണ ഓരോ റൗണ്ടിലും 14 ബൂത്തുകളാണ് എണ്ണിയിരുന്നത്

തപാല്‍ ബാലറ്റ് എണ്ണാൻ ഓരോ മേശയിലും എ.ആര്‍.ഒ.യെ നിയോഗിച്ചിട്ടുണ്ട്. ഒരു മേശയില്‍ 500 വോട്ടുകളാണ് എണ്ണുന്നത്. അസാധുവായ ബാലറ്റ് തള്ളും. സര്‍വീസ് വോട്ടുകള്‍ ക്യു.ആര്‍ കോഡുപയോഗിച്ച് നമ്പരും മറ്റും പരിശോധിക്കും. തപാല്‍ ബാലറ്റുകള്‍ പൂര്‍ണമായും എണ്ണിത്തീര്‍ന്ന ശേഷമേ ഇവിഎമ്മിലെ അവസാനറൗണ്ട് എണ്ണുകയുള്ളു. 5,84,238 തപാല്‍ ബാലറ്റുകളാണ് ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ആകെ വിതരണം ചെയ്തത്. ഏപ്രില്‍ 28 വരെ 4,54,237 തപാൽ ബാലറ്റുകൾ തിരികെ ലഭിച്ചു.

വോട്ടെണ്ണല്‍ ഹാളില്‍ ഓരോ മേശയ്ക്കും സൂപ്പര്‍ വൈസര്‍, അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍ എന്നിവരുണ്ടാകും. പ്രധാനഹാളില്‍ വരണാധികാരിയും മറ്റു ഹാളുകളില്‍ എ.ആര്‍.ഒയുമുണ്ടാകും. 150 ചതുരശ്ര അടി സ്ഥലമാണ് ഒരു കൗണ്ടിങ് ടേബിളിനു ചുറ്റുമുണ്ടാകുക. സമീപം ബാരിക്കേഡിനു പുറത്ത് ഓരോ സ്ഥാനാര്‍ഥിയുടെയും കൗണ്ടിങ് ഏജന്റുമാര്‍ക്ക് സാമൂഹിക അകലം പാലിച്ച് ഇരിപ്പിടമൊരുക്കും.

കൗണ്ടിങ് സൂപ്പര്‍വൈസര്‍ വോട്ടിങ് യന്ത്രത്തിന്റെ സീല്‍പൊട്ടിക്കും. ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും നിരീക്ഷണത്തില്‍ ഓരോ യന്ത്രത്തിലെയും റിസല്‍ട്ട് ബട്ടണില്‍ സൂപ്പര്‍വൈസര്‍ വിരല്‍ അമര്‍ത്തി ഡിസ്പ്ലേ നോക്കി വോട്ട് വിവരം രേഖപ്പെടുത്തുന്നു. അസിസ്റ്റന്റും നിരീക്ഷകനും ഈ വിവരങ്ങള്‍ രേഖപ്പെടുത്തും. വോട്ടെണ്ണല്‍ പൂര്‍ത്തിയായാല്‍ നിരീക്ഷകനും വരണാധികാരിയും അത് അംഗീകരിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ സൈറ്റിലേക്ക് വിശദാംശങ്ങള്‍ നല്‍കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close