പത്തനംതിട്ട: തറയില്‍ നിക്ഷേപ തട്ടിപ്പ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. മൂന്ന് കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് ആയതിനാലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്. പ്രതികളുടെ ആസ്തി വിവരങ്ങള്‍ തേടി പോലീസ് രജിസ്‌ട്രേഷന്‍ വകുപ്പിനെ സമീപിച്ചു. സ്ഥാപന ഉടമ സജി സാമിന്റെ ഭാര്യ റാണി സജിയെ പ്രതി ചേര്‍ത്താണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഒളിവില്‍ കഴിയുന്ന റാണിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 15 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽനിന്നു പണം തട്ടിയെന്നാണ് കേസ്. മാർച്ച് മുതൽ പലിശ മുടങ്ങിയതോടെ ഇടപാടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സജി സാമിനൊപ്പം ഭാര്യ റാണി സജിയും തറയില്‍ ഫിനാന്‍സിന്റെ മാനേജിങ്ങ് പാര്‍ട്ണറാണ്. ഈ സാഹചര്യത്തിലാണ് റാണിയും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. തറയില്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന പണമിടപാട് ഇതരസ്ഥാപനങ്ങളും റാണിയുടെ പേരിലാണ്. സ്ഥാപനത്തിന്റെ ശാഖകള്‍ പൂട്ടിയ ശേഷം ഒളിവില്‍ പോയ സജി കീഴടങ്ങിയെങ്കിലും റാണിയെ പറ്റി സൂചനകളൊന്നുമില്ല. ഓമല്ലൂരിലെ വീട്ടില്‍ തന്നെയാണ് ഒളിവില്‍ കഴിഞ്ഞതെന്നും ഭാര്യയെയും മകനെയും ബന്ധു വീട്ടിലേക്ക് അയച്ചെന്നുമാണ് സജി നല്‍കിയ മൊഴി.
റാണിയെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ പണം വകമാറ്റിയതിലടക്കം കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. വ്യാഴാഴ്ച റിമാന്റ് ചെയ്ത സജി സാമിനെ കസ്റ്റഡിയിലാവശ്യപ്പെട്ടുകൊണ്ട് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. നിലവില്‍ കൊട്ടാരക്കര സബ് ജയിലിലാണ് സജി സാം.