INDIANEWSTop News

തല്ലുന്ന പോലീസിന് അന്നം നല്‍കി കര്‍ഷകര്‍

ന്യുഡല്‍ഹി:രാജ്യത്ത് കര്‍ഷക സമരം തീവ്രമാകുകയാണ്. സംഘടിതരായി അവര്‍ അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുകയാണ്. എന്നാല്‍ സമരഭൂമിയില്‍ നിന്ന് ചില വേറിട്ട ദൃശ്യങ്ങളും പുറത്തു വരുന്നുണ്ട്. സമരം കൊടുമ്പിരി കൊള്ളുമ്പോഴും തങ്ങള്‍ അന്നദാതാക്കളാണെന്ന് അവര്‍ നമ്മെ ഓര്‍മ്മിപ്പിക്കുകകൂടി ചെയ്യുന്നു. ഹരിയാനയിലെ കര്‍ണാലിയിലുള്ള സിഖ് ഗുരുദ്വാരയില്‍ സമരം തടയാനെത്തിയ പോലീസിന് ഭക്ഷണം വിളമ്പുകയാണ് കര്‍ഷകര്‍. സ്വയം പാകം ചെയ്ത ഭക്ഷണത്തിന്റെ ഒരു പങ്ക് അവര്‍ തങ്ങളെ തടയാനെത്തിയ പോലീസിനും നല്‍കി.

ഭരണകൂടം കര്‍ഷകരോടു സമരം ചെയ്യുകയാണ്. കര്‍ഷക സമരത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് പോലീസിനെയും കേന്ദ്ര സേനയേയും ഇറക്കിയാണ്. കഴിഞ്ഞ ദിവസം തല്ലാന്‍ വടിയുമായി നില്‍ക്കുന്ന ഒരു പോലീസുകാരന് കുടിവെള്ളം നല്‍കുന്ന കര്‍ഷകന്റെ ചിത്രം വൈറലായിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് സ്വന്തമായി പാകം ചെയ്ത ഭക്ഷണം എല്ലാ പോലീസുകാര്‍ക്കും വിതരണം ചെയ്യുന്ന വീഡിയോ പ്രചരിക്കുന്നത്.

യൂണിഫോമിലുള്ള പോലീസുകാര്‍ ലാത്തിയും ഷീല്‍ഡും മാറ്റിവെച്ച് ഭക്ഷണം കഴിക്കാന്‍ റോഡില്‍ രണ്ടു വരിയായ് ഇരിപ്പുറപ്പിച്ചു. ഇവര്‍ക്കും മനസ്സു നിറഞ്ഞ് ഭക്ഷണം വിളമ്പുകയാണ് കര്‍ഷകര്‍.സമരം തുടങ്ങിയതുമുതല്‍ പല സ്ഥലത്തുവെച്ചും പോലീസ് ഇവരെ തടഞ്ഞു. എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് അവര്‍ മുന്നോട്ടുനീങ്ങി. എന്നാല്‍ ഡല്‍ഹിയില്‍ എത്തിയതുപോലും തങ്ങളുടെ സമര വിജയമാണെന്ന് അവര്‍ പറയുന്നു. പക്ഷെ അവിടെ നിന്നും മുന്നോട്ടു നീങ്ങാന്‍ ശ്രമിച്ചപ്പോള്‍ സമരക്കാരെ സിംഘു അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. അതോടെ അതിര്‍ത്തിയില്‍ തന്നെ തുടരാന്‍ അവര്‍ തീരുമാനിച്ചു.കനത്ത സുരക്ഷയാണ് ഈ പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജന്തര്‍ മന്തറിലെത്തി പ്രതിഷേധിക്കുക എന്ന കര്‍ഷകരുട ആവശ്യം അംഗീകരിക്കപ്പെട്ടില്ല. വടക്കന്‍ ഡല്‍ഹിയിലെ ബുറാഠിയില്‍, ഹരിയാന അതിര്‍ത്തിയോടു ചേര്‍ന്ന നിരങ്കാരി മൈതാനത്ത് പ്രതിഷേധിക്കാനുള്ള അനുവാദമാണ് പോലീസ് നല്‍കിയത്.

തിക്രി അതിര്‍ത്തിയില്‍ എത്തിയ കര്‍ഷകരും അവിടെതന്നെ തുടരുകയാണ്.ജന്തര്‍ മന്തറിലേക്കു പ്രവേശിക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍ സിംഘു അതിര്‍ത്തിയില്‍ തന്നെ തുടരാനാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. തങ്ങള്‍ ഇവിടെ നിന്നു മാറുകയോ സമരം അവസാനിപ്പിച്ചു മടങ്ങിപ്പോകുകയോ ഇല്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താമെന്ന് കേന്ദ്ര കൃഷി മന്ത്രി കര്‍ഷക നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ മൂന്നിനാണ് ചര്‍ച്ചനടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ചര്‍ച്ചയ്ക്കു തയ്യാറാണെന്ന കൃഷി മന്ത്രിയുടെ പ്രതികരണത്തില്‍ കര്‍ഷക സംഘടനകള്‍ ഇന്നു മറുപടി നല്‍കിയേക്കും.കര്‍ഷകര്‍ക്കാവശ്യമായ എന്തു സഹായവും ചെയ്തുകൊടുക്കാന്‍ സന്നദ്ധമാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കുടിവെള്ളവും ശുചിമുറിയും ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ബുറാഡിയില്‍ ഒരുക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close