തളപ്പിട്ടകാലുകളുടെ അതിജീവനം

നമ്മുക്കിടയില്‍ ചിലരുണ്ട് കാലത്തിനു മുന്നേ നടന്ന് മാറ്റത്തിന്റെ ശഖൊലിമുഴക്കുന്നവര്. അവര്‍ കാലവുമായി ഉച്ചത്തില്‍ കലഹിക്കും. എന്നാല്‍ മറ്റൊരു കൂട്ടരുണ്ട് വളരെ നിശബ്ദമായി ചരിത്രത്തെ തിരുത്തിക്കുറിക്കുന്നവര്. അവര്‍ ആരുടെയും ശ്രദ്ധ വിളിച്ചു വരുത്തിന്നില്ല. എന്നാല്‍ ജനകൂട്ടത്തിനിടയില്‍ ഒളിച്ചിരിക്കാന്‍ കാലം അവരെ അനുവദിക്കിലല്. എന്തെന്നാല്‍ അവര്‍ കാലത്തിന്റെ അനിവാര്യതയാണ്….കാലഘട്ടങ്ങളുടെ രേഖപ്പെടുത്തലാണ്.
പറഞ്ഞു വരുന്നത് ഒരു വീട്ടമ്മയെക്കുറിച്ചാണ്. അതിസാധാരണയായ ഒരു കുടുംബിനിയെക്കുറിച്ചാണ്.ഭാരങ്ങള്‍ ഏല്ക്കാന് തയ്യാറായ ഭാര്യയെക്കുറിച്ചാണ്…..ഈ പറഞ്ഞതിലെവിടെയും ചരിത്രം തിരുത്തപ്പെട്ടിടില്ല.പൊതു ബോധങ്ങള്‍ വെല്ലുവിളിക്കപ്പെട്ടിടില്ല.എന്നാല്‍ കഥ മാറുന്നത് അവളുടെ ഉള്‍ക്കരുത്തില്‍ ഒരു കുടുബം അതിജീവിച്ചു തുടങ്ങുമ്പോഴാണ്. സമൂഹത്തിന്റെ കല്പിത വഴികളില്‍ നിന്ന് മാറി ജീവിക്കാന്‍ അവള് സ്വന്തം പാതവെട്ടി തുറന്നപ്പോഴാണ്. അതു നമ്മുടെ ധാരണകളെ വെല്ലുവിളിച്ചപ്പോഴാണ്.

ഏതാണ്ട് ആറു മാസങ്ങള്‍ക്കു മുമ്പാണ് കണ്ണൂര്‍ പന്നിയോട് ഒരു സ്ത്രീ കള്ളു ചെത്താന്‍ ആരംഭിച്ചത്.കാറ്റുപിടിക്കുന്ന തെങ്ങിന് തുമ്പില്‍ ചവിട്ടികയറി അവള് ഊറ്റി എടുത്തത് അതിജീവനത്തിന്റെ ഒറ്റമൂലിയായിരുന്നു.വേനലവധികഴിഞ്ഞ് രണ്ടു മക്കളെ സ്കൂളിലയക്കാന് എന്തു വഴി എന്ന ചോദ്യത്തിനുത്തരമായിരുന്നു ഷീജയ്ക്ക് ചെത്തല്‍.ആരുമാസമായി ഷീജയുടെ തൊഴിലുറപ്പ് പണിയാണ് കുടുംബത്തെ പോറ്റുന്നത്. ചെത്തു തൊഴിലാക്കിയിരുന്ന ഭര്‍ത്താവ് ജയക്കുമാര് അപകടത്തില്‍ പരിക്കേറ്റ് തളര്‍ന്നു കിടക്കുകയാണ്.ഷീജയല്ലാതെ കുടുംബത്തിന് മറ്റൊരു ആശ്രയമില്ല.കുട്ടികളെ സ്കൂളില്‍ വിടാരായപ്പോള് തൊഴിലുറപ്പുകണ്ടുമാത്രം ജീവിതം പുലരില്ലെന്ന് ബോധ്യമായി. പിന്നെ ഏറെ ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല, ഭര്‍ത്താവ് അഴിച്ചുവെച്ച തളപ്പ് കാലില്‍ ഇട്ട് തെങ്ങില്‍ ചവിട്ടി.തളപ്പ് കാലില്‍ ഇട്ട് തെങ്ങിന് ചുവട്ടില്‍ നിന്നപ്പോള്‍ കണ്ണില്‍ തെളിഞ്ഞ ദൃശ്യം ചോരയില്‍ കുളിച്ചു കിടക്കുന്ന അനിയന്റേതായിരുന്നു. രണ്ട് വര്‍ഷം മുമ്പ് തെങ്ങു ചെത്തുന്നതിനിടയില്‍ പിടിവിട്ട് താഴെവീണു മരിച്ച അനിയന്റെ മുഖം ആ മനസ്സില്‍ ഒളിമങ്ങാതെ കിടപ്പുണ്ട്.നാലുചേച്ചിമാര്ക്ക് ആരോമലായി കിട്ടിയ അനിയനം വെറും 24ാമത്തെ വയസ്സില്‍ തങ്ങളില്‍ നിന്നകറ്റിയ തൊഴില്‍.ചെത്ത് തൊഴില്‍ ഷീജയ്ക്ക് ചോറു മാത്രമല്ല ഉള്ളു പിടയ്ക്കുന്ന ഓര്‍മ്മ കൂടിയാണ്. എന്നാല്‍ ഓര്‍മ്മകള്‍ക്കു മുന്നില്‍ പകച്ചു നിന്നാല്‍ അടുപ്പെരിയില്ല.മക്കളുടെ വിദ്യാഭ്യാസം ഭര്‍ത്താവിന്റെ ചികിത്സ ആവശ്യങ്ങള്‍ അല്ല അത്യാവശ്യങ്ങള്‍ മാത്രമാണുള്ളത്. പിന്നെ മടിച്ചില്ല.ചെറുപ്പത്തില്‍ തെങ്ങുകയറി പോലും ശീലമില്ലാത്ത ഷീജ കാലില്‍ തളപ്പണിഞ്ഞ് തെങ്ങ് ചവിട്ടി.
അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍ ഒന്നും…..
ആദ്യം ഉയരം കുറഞ്ഞ തെങ്ങില്‍ കയറി പരിശീലനമായിരുന്നു.എന്നാല്‍ പരിശീലനത്തിനു ചിലവാക്കാന്‍ മുന്നില്‍ അധികം ദിവസങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.ഒരു ദിവസം രണ്ടും കല്‍പ്പിച്ച് തെങ്ങില്‍ കയറി.പകുതി ദൂരം എത്തുമ്പോഴേക്കും ചൂളം വിളിച്ചെത്തുന്ന കാറ്റ് തലയില്‍ ഭാരമായി തൂങ്ങി. അടിവയറ്റില്‍ നിന്ന് ഓക്കാനം തികട്ടിവന്നു. ആ ഭാരം രാത്രി ഉറങ്ങുമ്പോല്‍ പോലും തലയില്‍ തടിച്ചു നിന്നു.ഭര്‍ത്താവും അച്ഛനും അമ്മയും എല്ലാവരും പറഞ്ഞു പറ്റിയേക്കാവുന്ന അപകടത്തെക്കുറിച്ച്, ഭയങ്ങളെക്കുറിച്ച്. പക്ഷേ തോറ്റു കൊടുക്കാനും നിസ്സഹായയായി ജീവിതത്തെ നോക്കാനും തയ്യാറായിരുന്നില്ല ഷീജ. ആദ്യ മൂന്ന് ദിവസങ്ങള്‍ തീര്‍ത്തും കഷ്ടമായിരുന്നു.മുകളില്‍ എത്തുമ്പോള്‍ പാഞ്ഞെത്തുന്ന കാറ്റ് സന്തുലനം തെറ്റിച്ചു കൊണ്ടിരുന്നു.പിന്നെ ആ മനകരുത്തിനു മുന്നില്‍ കാറ്റും ഉയരവും കീഴടങ്ങി.
ആരെയും അറിയിക്കാതെ നോക്കി…
ഭര്‍ത്താവിന്റെ പേരിലായിരുന്നു ഷാപ്പുകളില്‍ കള്ള് കൊണ്ടു കൊടുതത്ത്.പുറത്താരോടും താനാണ് ചെത്തുന്നത് എന്ന് ഷീജ പറഞ്ഞില്ല.നാട്ടിലെങ്ങും കേട്ടു കേള്‍വിപോലും ഇല്ലാത്ത കാര്യമാണ് പെണുങ്ങള്‍ കള്ള് ചെത്തുക എന്നത്.ആള്ക്കാര് എന്തുപറയും എന്ന പേടി നല്ലോമം ഉണ്ടായിരുന്നു.തെങ്ങിന്റെ മുകളിലാകുമ്പോള്‍ വഴിയാത്രക്കാര്‍ ഏങ്ങാനും അതു വഴിവന്നാല്‍ പട്ടകള്ക്കുള്ളില് ഒളിച്ചു നില്ക്കും.കയറുന്നതിനു മുമ്പേ ആരെങ്കിലും വന്നാല്‍ താഴെ എവിടെ എങ്കിലും മറഞ്ഞു നില്ക്കും.പിന്നെ അറിഞ്ഞവര്‍ കുറച്ചുപേര്‍ നല്ലതു പറഞ്ഞപ്പോഴാണ് ഒരു ധൈര്യം ഒക്കെ വന്നത്. ഇപ്പോള്‍ ദിവസവും അനായാസമായി എട്ടുതെങ്ങില്‍ കയറിഇറങ്ങും ഷീജ.ഭര്‍ത്താവിനെ തളര്‍ത്തിയ അനിയനെ കവര്‍ന്നെടുത്ത തൊഴില്‍ ഷീജയ്ക്ക് അതിജീവനത്തിന്റെ കരുത്തേകുകയാണ്.
പ്രാരാബ്ധങ്ങള്‍ കൂട്ടുറുങ്ങിയ ഒരു കര്ഷകകുടുബത്തില് ജനിച്ച ഷീജയ്ക്ക് ഏഴാംക്ലാസു വരെയേ പഠിക്കാന്‍ കഴിഞ്ഞള്ളൂ.സ്വപ്നങ്ങളെ ഒന്നാകെ ആ കുറവില്‍ കെട്ടി ഒതുക്കുകയാണ് ഷീജ. എങ്കിലും പണ്ടെങ്കോ കണ്ട ഒരു ഓട്ടോറിക്ഷസ്വപ്നം അതില്‍ നിന്ന് ഇടയ്ക്ക കണ്മിഴിച്ച് ഉണരും, പിന്നെ പ്രരാബ്ധകെട്ടുകള്ക്കിടയില് വീണുറങ്ങും.എങ്കിലും എന്തും വെട്ടിപിടിക്കാനുള്ള ഉള്‍കരുത്ത് തനിക്കുണ്ടെന്ന് തിരിച്ചറിയുന്നുണ്ട് ഷീജ.കൈവളകള്‍ അണിയേണ്ട കൈകള്‍ എന്ന് പരിതപിക്കുന്ന ചുറ്റുപാടുകള്‍ക്ക് ഇവിടെ മറുപടി തളപ്പിട്ട കാലുകളാണ്. ഉയരങ്ങള്‍ താണ്ടി കരുതാര്ജിക്കുന്ന കാലുകള്‍. പെണിന്റെ ശുദ്ധിയും അശുദ്ധിയും ഇനിയും കൂട്ടികിഴിച്ചു കഴിഞ്ഞിട്ടില്ലാത്ത സമൂഹത്തില്‍ തന്നെയാണ് ഷീജ അതിജീവിക്കുന്നത്. ചുറ്റുപാടുകളെയും ജീവിതത്തെ തന്നെയും.