തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് വിവരം. കഴിഞ്ഞദിവസം കോഴിക്കോട് സര്‍വകലാശാലയില്‍ 35 പേരെ സ്ഥിരപ്പെടുത്താന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു. പത്തുവര്‍ഷം ദിവസവേതനത്തിലും കരാര്‍ വ്യവസ്ഥയിലുമായി ജോലിചെയ്തവരെയാണ് സ്ഥിരപ്പെടുത്തിയത്. ഇവരുടെ കൂട്ടത്തില്‍ സ്വന്തം ഡ്രൈവര്‍ കൂടിയുള്ളതിനാല്‍ ചട്ടവിരുദ്ധ സ്ഥിരപ്പെടുത്തല്‍ വൈസ് ചാന്‍സലര്‍ അംഗീകരിക്കുകയായിരുന്നുവെന്ന ആക്ഷേപവുമുണ്ട്.ഒഴിവ് നിലവിലില്ലാത്തവരെ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചു നിയമിക്കാനും തീരുമാനമുണ്ട്. കൂടുതല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വരും സിന്‍ഡിക്കേറ്റ് യോഗങ്ങളില്‍ പരിഗണിക്കാനാണ് നീക്കം. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് പിന്നാലെ കേരള സര്‍വകലാശാലയില്‍ ദിവസവേതനത്തില്‍ ജോലിചെയ്യുന്നവരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച ഫയല്‍ സിന്‍ഡിക്കേറ്റിന് സമര്‍പ്പിക്കാന്‍ വൈസ് ചാന്‍സലറുടെ പരിഗണനയിലാണ്. സംസ്കൃത സര്‍വകലാശാലയിലും കൊച്ചി സര്‍വകലാശാലയിലും കാര്‍ഷിക സര്‍വകലാശാലയിലും താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ സര്‍ക്കാരാണ് സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ക്ക് പി.എസ്.സി.യെ ചുമതലപ്പെടുത്തിയത്. തുടര്‍ന്ന് അസിസ്റ്റന്റ്്, കംപ്യൂട്ടര്‍ അസിസ്റ്റന്റ് നിയമനങ്ങള്‍ക്കുള്ള സ്പെഷ്യല്‍ റൂള്‍ നടപ്പാക്കി പബ്ലിക് സര്‍വീസ് കമ്മിഷന് മുഖേന മൂവായിരത്തോളം പേരെ വിവിധ സര്‍വകലാശാലകളില്‍ നിയമിച്ചു. അതുവരെ ജോലിചെയ്തിരുന്ന താത്കാലികക്കാരെ പിരിച്ചുവിടുകയും ചെയ്തു. മൂന്നുമാസംമുമ്പ് ഇരുപത് അനധ്യാപക തസ്തികകള്‍ക്കുള്ള സ്പെഷ്യല്‍ റൂള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ പി.എസ്.സി. ഒഴിവുകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല.കാലിക്കറ്റ് സര്‍വകലാശാല താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയ നടപടി റദ്ദാക്കണമെന്നും മറ്റ് സര്‍വകലാശാലകളില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്കി. അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കമ്മിറ്റി ചെയര്മാന് ആര്.എസ്. ശശികുമാര്‍, സെക്രട്ടറി ഷാജഹാന് എന്നിവര്‍ അറിയിച്ചു.
Related Articles

ഗൂഗിൾ പേയും ഫോൺ പേയും ഇനി മുതൽ വെറുതെ കിട്ടില്ല; യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ ആലോചന
August 18, 2022

യേശു ക്രിസ്തുവിന്റെ അസ്തിത്വം സംശയിക്കുന്നവർക്ക് ചരിത്രം മറുപടി പറയുന്നു; അപ്പോസ്തലനായ പത്രോസ് ജനിച്ച ഗ്രാമം കണ്ടെത്തി ചരിത്ര ഗവേഷകർ
August 18, 2022