
കൊച്ചി: കള്ളപ്പണ ഇടപാടില്‍ ഉരുണ്ടുകളിച്ച് തൃക്കാക്കര എംഎല്‍എ പി ടി തോമസ്. ആദായ നികുതി വകുപ്പ് പിടികൂടിയത് കള്ളപ്പണമാണെങ്കില്‍ തനിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് പി ടി തോമസ് പറഞ്ഞു. കള്ളപ്പണം പിടിക്കല്‍ തന്റെ പണിയല്ല. ഭൂമി തര്‍ക്കം പരിഹരിക്കാനാണ് താന്‍ ഇടപെട്ടത്. ഇടപാട് സമയത്ത് രണ്ട് ബാഗുകളില്‍ പണമുണ്ടായിരുന്നു. എന്നാല്‍ അത് കള്ളപ്പണമാണെങ്കില്‍ ഉത്തരവാദി താനല്ലെന്നും എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടപാടില്‍ പങ്കെടുത്തിട്ടും കണക്കില്‍പ്പെടാത്ത ഇത്രയും തുക കൈമറുന്നത് കുറ്റകരമായിരിക്കെ അത് എന്തുകൊണ്ട് തടഞ്ഞില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് എംഎല്‍എ പ്രതികരിച്ചില്ല.
പണം അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള കരാറാണ് താന്‍ ഉണ്ടാക്കിയത്. കുപ്പി രാമകൃഷ്ണന് അഭ്യര്‍ത്ഥിച്ച പ്രകാരമാണ് മധ്യസ്ഥത വഹിക്കാനെത്തിയത്. എന്നാല്‍ രാമകൃഷ്ണന് കള്ളപ്പണക്കാരനാണോയെന്ന് തനിക്ക് അറിയേണ്ട കാര്യമില്ലെന്നും എംഎല്‍എ പറഞ്ഞു. 80 ലക്ഷം രൂപയുടെ ഇടപാടിന് വെറും 500 രൂപയുടെ മുദ്രപ്പത്രം മതിയോ എന്ന ചോദ്യത്തിനും പി ടി തോമസിന് മറുപടി ഉണ്ടായില്ല.
ആദായ നികുതി വകുപ്പുകാര്‍ വന്നപ്പോള്‍ താന്‍ പുറത്ത് നില്‍ക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ വന്നത് എന്തിനെന്ന് അന്വേഷിച്ചില്ലേയെന്ന ചോദ്യത്തിന് അത് തന്റെ പണിയല്ലെന്നായിരുന്നു പി ടി തോമസിന്റെ മറുപടി. ഇടപാടിനെ സംബന്ധിച്ച് ഒറ്റ് നടന്നോയെന്ന് അറിയില്ല. താന്‍ ഓടിപ്പോയെന്ന പ്രചരണം തെറ്റാണ്. നടന്നാണ് വാഹനത്തില്‍ കയറിയത്. മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും പി ടി തോമസ് പറഞ്ഞു.