Breaking NewsMoviesNEWS

താരലോകത്തിന്റെ താരറാണി

‘ഇവിടെ എത്ര നല്ല സ്ത്രീകഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്.അങ്ങനെയുള്ള കഥാപാത്രങ്ങള്‍ എനിക്ക് തന്നെ കിട്ടണമെന്നില്ലല്ലോ. എനിക്ക് കിട്ടുന്ന റോളുകള്‍ ഇതാണ്. ഇതൊരു തൊഴില്‍ മേഖലയാണ്. ഇവിടെ പിടിച്ചു നിന്നേ പറ്റൂ.’ഉള്‍ക്കാമ്പില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച കാലത്ത് നയന്‍താര നല്‍കിയ വിശദീകരണമാണിത്.ഇന്ന് നവംബര്‍18 തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍,തെന്നിന്ത്യന്‍ താര റാണി നയന്‍താരയുടെ ജന്മദിനമാണ്.

പതിനേഴു വര്‍ഷം കടക്കുന്നു നയന്‍താരയുടെ തെന്നിന്ത്യന്‍ സിനിമയിലെ ജൈത്രയാത്ര തുടങ്ങിയിട്ട്.കേവലം ഒരു തെന്നിന്ത്യന്‍ നടിയല്ല ഇന്ന് ഈ അഭിനേത്രി. താന്‍ ജോലി ചെയ്യുന്ന മേഖലയില്‍ തനിക്ക് ലഭിക്കേണ്ട സ്ഥാനം പൊരുതി നേടിയ വ്യക്തിയാണ്.വര്‍ഷങ്ങള്‍ക്കു മുമ്പ് മനസ്സിനക്കരെയിലൂടെ മലയാളികള്‍ക്കു മുമ്പിലെത്തെയപ്പോള്‍ ആരും പ്രതീക്ഷിച്ചിട്ടു പോലുമുണ്ടാവില്ല തെന്നിന്ത്യന്‍ സിനിമ അടക്കി വാഴുന്ന താരറാണിയായി നയന്‍താര മാറുമെന്ന്.

സൂപ്പര്‍ നായകന്‍മാര്‍ മാത്രം അടക്കി വാണ തെന്നിന്ത്യന്‍ സിനിമയില്‍ ഒരു നടിയുടെ അഭിനയജീവിതത്തിന് ചുരുങ്ങിയ വര്‍ഷങ്ങളുടെ ആയുസ്സേ പൊതുവേ ഉണ്ടാകാറുള്ളൂ. അതിനുള്ളില്‍ നാലോ അഞ്ചോ സൂപ്പര്‍സ്റ്റാറുകളുടെയൊപ്പം ഒന്നോ രണ്ടോ വീതം സിനിമ. ചിലതില്‍ പാട്ടുസീനുകള്‍. പുതിയമുഖങ്ങള്‍ വരുന്നതോടു കൂടി ഇവര്‍ ഔട്ടാകുന്നു. പുതുതായി വന്നവര്‍ ഇവര്‍ ചെയ്തതിന്റെ തനിയാവര്‍ത്തനം നടത്തുന്നു.ഇതില്‍ വിയോജിപ്പുകളുള്ള നടിമാര്‍ക്ക് മാറി നില്‍ക്കാം. കാരണം പകരം ആളുണ്ട്. ഈ സ്റ്റീരിയോടൈപ്പുകളെ മലര്‍ത്തിയടിച്ച ആദ്യ നടിയായിരിക്കും ഒരു പക്ഷേ നയന്‍താര.

തെന്നിന്ത്യയില്‍ നടിമാര്‍ക്ക് പൊതുവെ ലഭിക്കാത്ത ‘റിപ്പീറ്റഡ് ഫേസ് വാല്യൂ’ എന്ന ഘടകം നേടിയെടുത്ത അപൂര്‍വ്വം നടിമാരിലൊരാളാള്‍.അതു പക്ഷേ സിനിമയിലെ പുരോഗമന വാദികളുടെ പിന്തുണയോടെയോ അഭിപ്രായ പ്രകടനങ്ങങ്ങളിലൂടെയോ പരാതികളിലൂടെയോ ഒന്നുമായിരുന്നില്ല.തന്റേതായ രീതിയില്‍, തന്റേതായ തീരുമാനങ്ങളിലൂടെയാണ്. ആ തീരുമാനങ്ങള്‍ക്ക് മറ്റൊരാള്‍ നല്‍കുന്ന വിധിനിര്‍ണയങ്ങള്‍ക്കും നയന്‍താര നിന്നു കൊടുത്തിട്ടില്ല. ഈ രീതിയിലൂടെ ഈ നടി നേടിയെടുത്ത വിജയങ്ങള്‍ ചെറുതല്ല.തമിഴ് സിനിമാ മേഖലയില്‍ ഒരു സത്രീ കേന്ദ്ര കഥാപാത്രമവതരിപ്പിക്കുന്ന സിനിമയും ബോക്സ് ഓഫീസില്‍ വിജയം കാണുമെന്ന് ഇവര്‍ തെളിയിച്ചു.

പുരുഷ താരങ്ങള്‍ക്ക് കിട്ടുന്ന അതേ സ്റ്റാര്‍ വാല്യു ഒരു നടിക്കും കിട്ടുമെന്ന് കാട്ടി. നടന്‍മാര്‍ക്ക് കിട്ടുന്ന അതേ പ്രതിഫലത്തിന് നടിമാരും അര്‍ഹരാണെന്ന് തെളിയിച്ചു. ഒരു നടിയുടെ സിനിമാ ജീവിത വിജയം ബോളിവുഡിലെത്തിയാലേ സാധ്യമാകൂ എന്ന ധാരണ മാറ്റി. ഇതുവരെയും ഒരു ബോളിവുഡ് ചിത്രത്തില്‍ പോലും നയന്‍താര അഭിനയിച്ചിട്ടില്ല. നിലനില്‍ക്കുന്ന മേഖലയില്‍ തന്റേതായ ഒരിടം കണ്ടെത്താമെന്ന് നയന്‍താരക്ക് അത്രമാത്രം ഉറപ്പുണ്ടായിരുന്നു.പക്ഷേ അത്ര എളുപ്പമായിരുന്നില്ല തിരുവല്ലയില്‍ ജനിച്ച ഡയാന എന്ന സാധാരണ ഒരു മലയാളി പെണ്‍കുട്ടിക്ക് ഈ ഉയരങ്ങളിലെത്തല്‍.

സത്യന്‍ അന്തിക്കാടിന്റെ സിനിമയായ മനസ്സിനക്കരെയില്‍ തുടങ്ങിയ നയന്‍താരയെ മലയാളികള്‍ ആദ്യം കൈ നീട്ടി സ്വീകരിച്ചിരുന്നില്ല എന്നാതാണ് യാഥാര്‍ഥ്യം.

കേരളത്തിലെ സിനിമാപ്രേക്ഷകര്‍ നടിമാരെ കുറിച്ചുണ്ടാക്കിയ പൊതുബോധത്തിനായിരുന്നു അവരുടെ ആദ്യ പ്രഹരം. അവര്‍ അവരുടെ കഥാപാത്രം ആവശ്യപ്പെടുന്ന വസ്ത്രം ധരിച്ചു. തന്റെ പ്രണയവും പ്രണയ നഷ്ടത്തിലുമൊന്നും ഒരു ഒളിവോ മറവോ വെച്ചില്ല. കടിച്ചു കീറാന്‍ വന്ന സദാചാര ആക്രമണങ്ങളെ സധൈര്യം നേരിട്ടു.’എന്നെ ഇഷ്ടപ്പെടാത്തവര്‍ എന്റെ സിനിമ കാണാതിരിക്കുക. ഞാന്‍ എന്റെ സംവിധായകര്‍ ആവശ്യപ്പെടുന്ന രീതിയിലാണ് അഭിനയിക്കുന്നത്. ഇഷ്ടമുള്ളവര്‍ കാണുക ഇഷ്ടമില്ലാത്തവര്‍ കാണാതിരിക്കുക. ‘, ഗ്ലാമറസായി അഭിനയിക്കുന്നതിന്റെ പേരില്‍ നിരന്തരമായി വന്ന വിമര്‍ശനങ്ങള്‍ക്ക് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ നല്‍കിയ മറുപടിയാണിത്. അത്രമാത്രം ആത്മ വിശ്വാസം ഈ നടി ഏതു വിഷമഘട്ടങ്ങളിലും കാണിച്ചു.

അന്ന് മലയാളികള്‍ ആഘോഷിച്ച നടിമാരില്‍ പലരും ഇന്ന് ചിത്രത്തില്‍ പോലുമില്ലെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.ചന്ദ്രമുഖി എന്ന സിനിമയില്‍ രജനീകാന്തിനൊപ്പമുള്ള കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും സൂപ്പര്‍ നായികമാരുടെ പട്ടികയിലേക്ക് നടി കടന്നു വരികയും ചെയ്തു.വിവാദങ്ങളുടെ തോഴിയായി മാറിയ നയന്‍താരയുടെ വ്യക്തി ജീവിതത്തെ ഇത് കാര്യമായി ബാധിച്ചിരുന്നു. നയന്‍താരയുടെ പ്രണയജീവിതം മാധ്യമങ്ങളില്‍ ആഘോഷമായി. വിവാഹം കഴിഞ്ഞു, ഒളിച്ചോടി തുടങ്ങിയ വാര്‍ത്തകള്‍ നല്‍കി മുഖ്യധാര മാധ്യമങ്ങള്‍ തങ്ങളുടെ അല്‍പ്പത്തരം പുറത്തെടുത്തു. ഇതൊന്നും തന്റെ സിനിമാ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ നടി ശ്രദ്ധിച്ചു. പക്ഷേ കാമ്പില്ലാത്ത കഥാപാത്രങ്ങളാണ് നടിക്കധികവും ലഭിച്ചു കൊണ്ടിരുന്നത്. ഒരു പക്ഷേ ഇലക്ട്ര എന്ന ശ്യാമപ്രസാദിന്റെ സിനിമ മാത്രമാണ് സമാന്തരസിനിമ വിഭാഗത്തില്‍ നിന്നായി നടി അഭിനയിച്ചത്. പക്ഷേ താര പദവി അപ്പോഴും നിലനിര്‍ത്തി.

താരപദവി നിലനിര്‍ത്തിയപ്പോഴും ഇടയ്‌ക്കൊരു തവണ നയന്‍താരയുടെ കാലിടറിയിട്ടുണ്ട്.പ്രഭുദേവയുമായുള്ള പ്രണയം തകര്‍ന്നതും അതിന്റെ പേരില്‍ മാധ്യങ്ങളില്‍ നിന്നുണ്ടായ ആക്രമണവും കാരണം ഒരു വര്‍ഷത്തോളം നയന്‍താര സിനിമയില്‍ നിന്ന് വിട്ടു നിന്നു.ഇനി സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ച നടി തെലുങ്ക് സിനിമയായ ശ്രീരാമ രാജ്യം എന്ന സിനിമയില്‍ സീതയെ അവതരിപ്പിച്ചു നടി അത്യുഗ്രന്‍ തിരിച്ചു വരവ് നടത്തി.തുടര്‍ന്ന് അറ്റ്‌ലിയുടെ രാജാറാണി എന്ന സിനിമ വന്‍ വിജയമായതോടെ താരത്തിന്റെ കൈയ്യില്‍ കൈനിറയെ പടങ്ങളായി. മായ എന്ന ഹൊറര്‍ സിനിമ വന്‍വിജയമായതോടെ തനിക്കൊറ്റയ്ക്ക് ഒരു സിനിമ തോളിലേറ്റാം എന്ന് ഈ നടി തെളിയിച്ചു. പിന്നീട് തുടരെ തുടരെ സ്ത്രീകേന്ദ്രീകൃത സിനിമകളുടെ നായികയായി നടി മാറി. തെന്നിന്ത്യയില്‍ ഇന്നോളം ഒരു നടിയുടെ തിരിച്ചുവരവ് അവര്‍ ഉപേക്ഷിച്ച താരകീരീടം നേടാനുതകുന്നതായിരുന്നില്ല.അതിനേക്കാളുപരി തന്നെ ഒരുകാലത്ത് അധിക്ഷേപിച്ചവരുടെ വായടപ്പിക്കാനും നടിക്കായി. തമിഴ് സിനിമയിലെ പുരുഷ താരങ്ങള്‍ക്ക് ഉള്ള അതേ ആരാധകവൃത്തത്തെ നടി സൃഷ്ടിക്കുകയും ചെയ്തു.

ഒരര്‍ത്ഥത്തില്‍ നയന്‍താര എന്നു പറയുന്ന നടി ഒരു മറുപടിയാണ്. തന്റെ തെരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്യുന്നവരോട്, ഉയര്‍ന്നു വരുന്തോറും വീണ്ടു വീണ്ടും ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുന്നവരോട് നിറമുള്ള സ്വപ്നങ്ങള്‍ നേടിയെടുക്കാനാഗ്രഹിക്കുന്ന ഓരോ പെണ്‍കുട്ടിക്കും ഉറക്കെ പറയാവുന്ന മറുപടി.

‘നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ ഞാന്‍ പറയുന്നത് നിങ്ങളും കേള്‍ക്കണം’നിലപാടുകളുടെ ഉറപ്പോടെ നയന്‍താര പറയുമ്പോള്‍ ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന തലൈവി എന്ന പേര് അവരോളം അര്ഹയായി മറ്റാരുമില്ലെന്നു തോന്നും.പതിനെട്ടു വര്ഷങ്ങള്ക്കു മുന്‍പ് 2002 സെപ്തംബര് മാസത്തില്‍ വനിതയുടെ ഫോട്ടോ ക്വീന്‍ പംക്തിയില്‍ പ്രത്യക്ഷപ്പെട്ട ഒരു പെണ്‍കുട്ടി.പേര് ഡയാന മറിയം കുരിയന്‍.അന്ന് ആ പെണ്‍കുട്ടിയെ തിരിച്ചറിയുവാനായിട്ടു ഒപ്പം കൊടുത്ത മേല്‍വിലാസം കൂടി വായിക്കണം.തിരുവല്ല കോടിയാട്ടു റിട്ടയേര്‍ഡ് അയര്‍ഫോഴ്സ് ഓഫീസര്‍ കുരിയന്‍ കോടിയാട്ടിന്റെയും ഓമന കുറിന്റെയും മകള്‍.

മോഡലിംഗിനോടു ഇഷ്ട്ടവുമായി നടന്ന തിരുവല്ലക്കാരിയുടെ ജീവിതത്തിലെ വലിയ ഒരു സന്തോഷ നിമിഷം ആയിരുന്നിരിക്കണം അത്.പിന്നീട് കഴിഞ്ഞ വര്ഷം ഒക്ടോബര് മാസം വോഗ് ഇന്ത്യ മാഗസിന്റെ കവര്‍ ഗേള്‍ ആയി നയന്‍താര എത്തിയപ്പോള്‍ ഒരു മേല്‍വിലാസത്തിന്റെയും ആവശ്യമില്ലാത്ത തെന്നിന്ത്യ ആകെ അറിയപ്പെടുന്ന താരറാണി എന്ന കിരീടം നയന്‍താരയ്ക്ക് സ്വന്തം.വനിതാ തുടങ്ങി വോഗ് വരെ എത്തിയ നയന്താരയുടെ ജീവിതം മനസ്സിനക്കരെ എന്ന ചിത്രത്തില്‍ നാടന്‍ പെണ്‍കുട്ടികളാണ് എത്തി തെന്നിന്ത്യയുടെ സൂപ്പര്‍സ്റ്റാറായി മാറിയ അഭിനയ ജീവിതം ഏതൊരാളെയും ഒരു സിനിമകധപോലെ വിസ്മയിപ്പിക്കുന്നതാണ്.

തെന്നിന്ത്യയിലെ ഏറ്റവും കരുത്തനായ സ്ത്രീ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് നയന്താരയുടേത്.ഒരര്‍ത്ഥത്തില്‍ പോരാട്ടം തന്നെയായിരുന്നു നയന്‍താരയുടെ ജീവിതം പതിനേഴു വര്‍ഷത്തിനിടെ നിരവധി ഉയര്‍ച്ച താഴ്ചകളിലൂടെയാണ് നയന്‍താരയുടെ കാരൃര്‍ മുന്നോട്ടു പോയത്.വ്യക്തിജീവിതത്തിലും കാരൃറിലെല്ലാം തിരിച്ചടികള്‍ ഉണ്ടായിട്ടും കൂടുതല്‍ കരുത്തോടെ നയന്‍താര തിരിച്ചുവന്നു.തേന്ന്‌നിന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയും നയന്‍താരയാണ്.

അഞ്ചു മുതല്‍ ആര് കൊടിവരെയാണ് നയന്‍താര ഓരോ ചിത്രത്തിലൂടെ വാങ്ങുന്ന പ്രതിഫലം.മോഡലിംഗ് ഒപ്പം തന്നെ ചാനലിലും അവതാരകയായി നയന്‍താര ജോലി ചെയ്തിട്ടുണ്ട്.കൈരളി ചാനലിലെ ചമയം എന്ന പരിപാടിയിലൂടെ അവതാരിക ആയും നയന്‍താര എത്തിയിരുന്നു.മോഡലിംഗ്,സിനിമാസ്വപ്നവുമായി നടക്കുന്ന ഏതൊരു പെണ്‍കുട്ടിക്കും പ്രത്യാശ സമ്മാനിക്കുന്ന വ്യക്തിത്വം മാത്രമല്ല നയന്‍താര,അതിനപ്പുറം ഏതൊരു പ്രതിസന്ധികളില്‍ നിന്നും ഫീനിസ് പക്ഷിയെപ്പോലെ ഉയര്‍ന്നുവരുവാനും വിജയം നേടുവാനും കഴിയും എന്നും ജീവിതം കൊണ്ട് തെളിയിച്ച കരുത്തുറ്റ സ്ത്രീകൂടിയാണ് ആരാധകരുടെ പ്രിയപ്പെട്ട തലൈവി.

നിലപാടുകളും ജോലിയുടെ കാര്യത്തിലെ കണിശതയും വിട്ടുവീഴ്ചയില്ലായിമയും നയന്‍താരയുടെ സൂപ്പര്‍സ്റ്റാര്‍ ഇമേജിന് തിളക്കമേകുന്നു.’ഞാന്‍ മുഖ്യ കഥാപാത്രമായ സിനിമകളില്‍ എല്ലാ തീരുമാനങ്ങളും എന്റേതാണ്.ചില സമയങ്ങളില്‍ സംവിധായകര്‍ ഭര്‍ത്താക്കന്മാരായോ കാമുകന്മാരായോ ചുറ്റിപ്പറ്റിയുള്ള കഥകളുമായി വരും അത് ആവശ്യമാണോ എന്ന് ഞാന്‍ ചോദിക്കാറുണ്ട്.’വോഗിന് നല്‍കിയ അഭിമുഖത്തില്‍ നയന്‍താര പറഞ്ഞ വാക്കുകളാണിത്.

രജനി മമ്മൂട്ടി മോഹന്‍ലാല്‍ അജിത് വിജയ് സൂര്യ ചിരഞ്ജീവി ശിവ കാര്‍ത്തികേയന്‍ എന്ന് തുടങ്ങി തെന്നിന്ത്യന്‍ സിനിമയിലെ എല്ലാ സൂപ്പര്‍സ്റ്റാറുകളുമായി അഭിനയിച്ചിട്ടുള്ള ചുരുക്കം ചില നടിമാരില്‍ ഒരാളാണ് നയന്‍താര.എന്നാല്‍ ഈ സൂപ്പര്‍സ്റ്റാറുകളില്‍ നിന്ന് നയന്‍താരയെ വ്യത്യസ്തമാക്കുന്ന ഒരു കാര്യം അഭിമുഖങ്ങളോടും സിനിമ പ്രമോഷനോട് മറ്റും കാണിക്കുന്ന വിമുഖതയാണ്.

മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തില്‍ നിന്നും മാറി നില്‍ക്കുവാന്‍ താരങ്ങള്‍ പോലും ആശങ്കപ്പെടുകയും അത് സിനിമയെ ബാധിക്കുമെന്ന് കരുതുകയും ചെയ്യുന്ന സിനിമയുടെ സമ്പ്രദായ രീതികളില്‍ നിന്ന് നയന്‍താര മാറിനിന്നു.നീണ്ട പത്തുവര്‍ഷത്തോളം മാധ്യമങ്ങള്‍ക്കു അഭിമുഖം കൊടുക്കാതെ തന്നെ തന്റെ സ്റ്റാര്‍ഡം പരിപാലിച്ചു കൊണ്ടുപോകുവാന്‍ നയന്‍താരയ്ക്ക് കഴിഞ്ഞു എന്നതാണ് സത്യം.’ഞാന്‍ ചിന്തിക്കുന്നതെന്താണെന്നുലോകം അറിയുവാന്‍ എനിക്ക് താല്‍പ്പര്യം ഇല്ല.ഞാന്‍ ഇപ്പോഴും സ്വകാര്യത ഇഷ്ടപെടുന്ന വ്യക്തിയാണ്.

വലിയ ഒരു ആള്‍ക്കൂട്ടത്തിനിടയില്‍ എനിക്ക് നില്‍ക്കാനാവില്ല.പലതവണ മാധ്യമങ്ങള്‍ എന്നെ തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ട്.എനിക്ക് കൈകാര്യം ചെയ്യുവാന്‍ കഴിയാത്രത പ്രശ്‌നങ്ങള്‍ ഉണ്ടായി.എന്റെ ജോലി അഭിനയമാണ് ,എന്റെ സിനിമകള്‍ എനിക്ക് വേണ്ടി സംസാരിക്കും എന്നാണു ഞാന്‍ കരുതുന്നത്.മാധ്യമങ്ങള്‍ക്കു അഭിമുഖം നല്കാത്തതിന്റെയും സിനിമ പ്രൊമോഷനുകളില്‍ പങ്കെടുക്കാത്തതിന്റെയും കാരണം നയന്‍താര വ്യക്തമാക്കുന്നു.36 ആം ജന്മദിനം ആഘോഷിക്കുന്ന താരറാണിക്ക് ഒരായിരം ജന്മദിന ആശംസകള്‍ നേരാം ഈ വേളയില്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close