തിങ്കളാഴ്ച മുതല്‍ ബെവ്കോ ഔട്ട്ലെറ്റുകള് തുറക്കാന്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബെവ്കോ ഔട്ട്ലെറ്റുകള് തുറന്നുപ്രവര്‍ത്തിക്കാന്‍ നീക്കം. ഇതുസംബന്ധിച്ച് തത്വത്തില്‍ ധാരണയായി. എന്നാല്‍ ഏതൊക്കെ ജില്ലയില്‍ എത്ര ഔട്ട്ലെറ്റുകള് വീതം തുറക്കുമെന്നതില്‍ ഇന്ന് തീരുമാനമെടുക്കും. കടകളില്‍ സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള അണുനാശികള്‍ കരുതണമെന്നും കടകള്‍ അണുവിമുക്തമാക്കണമെന്നും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇതിനകം തന്നെ ഏതാനും കടകള്‍ അണുവിമുക്തമാക്കികഴിഞ്ഞു.
കൊവിഡ് ലോക്ഡൗണ്‍ മൂലം സംസ്ഥാനത്തിനുണ്ടായ വരുമാന നഷ്ടം പരിഹരിക്കാന്‍ മറ്റു മാര്‍ഗമില്ലെന്നാണ് വിലയിരുത്തല്‍. തിങ്കളാഴ്ച മുതല്‍ മദ്യക്കടകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ ആലോചന നടത്തിയിരുന്നു. മദ്യ ഔട്ട്ലെറ്റുകള് നിയന്ത്രണത്തോടെ തുറക്കാമെന്നു മൂന്നാംഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിക്കവേ കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ബാറുകളില്‍ നിന്നുള്ള പാഴ്സലുകളും ഈ ഘട്ടത്തില്‍ അനുവദിക്കില്ലെന്നാണ് സുചന. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നതതല യോഗത്തിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.
അതേസമയം, മദ്യഷോപ്പുകള്‍ തുറക്കുന്നത് സംസ്ഥാനത്തെ സാഹചര്യം നോക്കിമാത്രമായിരിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു. ഷോപ്പുകള്‍ തുറക്കാന്‍ സജ്ജമാണ്. ശുചീകരണത്തിന് രണ്ടു ദിവസം വേണ്ടിവരും. കേന്ദ്രം ഇതുസംബന്ധിച്ച് ചില ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ചര്‍ച്ച ചെയ്തു മാത്രമേ തീരുമാനമെടുക്കൂ എന്നൂം മന്ത്രി വ്യക്തമാക്കി.