NEWSWORLD

തിരക്കുകുറക്കാനായി അബുദാബിയില്‍ ‘ദര്‍ബ് ‘ ടോള്‍ ഗേറ്റുകള്‍ 2021 ജനുവരി രണ്ടിന് തുറക്കുന്നു

അബുദാബി :അബുദാബിയിലെ ‘ദര്‍ബ് ‘ ടോള്‍ ഗേറ്റുകള്‍ 2021 ജനുവരി രണ്ട് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ ദര്‍ബ് ടോള്‍ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത വാഹന ഉടമകള്‍ https://darb.itc.gov.aeവഴിയോ ദര്‍ബ് മൊബൈല്‍ ആപ്പിലൂടെയോ ഓണ്‍ലൈന്‍ അക്കൗണ്ട് ആരംഭിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ഇതിന്റെ ആദ്യഘട്ടത്തില്‍ അബുദാബിയിലെ നാലു പാളങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശെയ്ഖ് സായിദ് ബ്രിഡ്ജ്, ശെയ്ഖ് ഖലീഫ ബിന്‍ സായിദ് ബ്രിഡ്ജ്, അല്‍ മഖ്ത ബ്രിഡ്ജ്, മുസഫ ബ്രിഡ്ജ് എന്നിവിടങ്ങളിലാണ് ജനുവരി രണ്ടു മുതല്‍ ടോള്‍ പിരിവ് ആരംഭിക്കുക ട്രാഫിക് തിരക്ക് കുറയ്ക്കുക. പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക, റോഡ് ശൃംഖലകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
തിരക്കേറിയ സമയങ്ങളില്‍ നാലുപാളങ്ങളില്‍ കൂടി കടന്നുപോവുന്ന വാഹനങ്ങളില്‍ നിന്നാണ് ടോള്‍ പിരിക്കുക. ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ ഒന്‍പത് വരെയും വൈകിട്ട് അഞ്ച് മുതല്‍ ഏഴു വരെയുമാണ് ടോള്‍ പിരിവ്. വെള്ളിയാഴ്ചകളിലും പൊതുഅവധി ദിനങ്ങളിലും ടോള്‍ പിരിവ് ഉണ്ടായിരിക്കുന്നതല്ലെന്നും അധികൃതര്‍ അറിയിച്ചു.
ഈ പാലങ്ങളിലൂടെ ഒരുവട്ടം കടന്നുപോവാന്‍ നാലു ദിര്‍ഹമാണ് സ്വകാര്യ വാഹനങ്ങള്‍ നല്‍കേണ്ടത്. അതേസമയം ഒരു ദിവസം ഈടാക്കേണ്ട പരമാവധി തുക 16 ദിര്‍ഹം ആയി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കമ്പനി വാഹനങ്ങള്‍ക്ക് ടോള്‍ പരിധി ബാധകമാവില്ല.
ഒരു വാഹനത്തിന് 00 ദിര്‍ഹം എന്നാ തോതിലാണ് ഓണ്‍ലൈന്‍ അക്കൗണ്ടില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതില്‍ 50 ദിര്‍ഹം തിരികെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആവും. വാഹനം ടോള്‍ ബൂത്തിലൂടെ കടന്നു പോവുമ്പോള്‍ അക്കൗണ്ടില്‍ നിന്ന് സ്വമേധയാ പണം എടുത്തുകൊള്ളും. അതുകൊണ്ട് തന്നെ ടോള്‍ ഗേറ്റ് വഴി കടന്നു പോവുന്നതിനു മുന്‍പ് ടോള്‍ അക്കൗണ്ടില്‍ പണമുണ്ടെന്ന് ഉറപ്പ് വരുത്തിയിരിക്കണം. അല്ലാത്ത പക്ഷം നിശ്ചിത കാലയളവ് കഴിഞ്ഞാല്‍ ഇതിന് ഫൈന്‍ നല്‍കേണ്ടി വരും. അബുദാബിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണെങ്കില്‍ വര്‍ഷത്തില്‍ ലൈസന്‍സ് പുതുക്കുന്നതിന് മുന്നോടിയായി ടോള്‍ സംഖ്യ അടച്ചു തീര്‍ത്താല്‍ മതി. അല്ലാത്തവയ്ക്ക് അഞ്ച് ദിവസം ഗ്രേസ് പിരീഡ് ലഭിക്കും. അതിനുള്ളില്‍ ടോള്‍ സംഖ്യ അടച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും.
അറുപത് കഴിഞ്ഞ വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, വരുമാനം കുറഞ്ഞ സ്വദേശികള്‍ തുടങ്ങിയവരെ ടോള്‍ അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടോളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവരും വാഹനങ്ങള്‍ അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്യണം.



Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close