INDIAINSIGHTKERALANEWSTop NewsTrending

തിരികെ പോയാല്‍ നിലനില്‍പ്പില്ല എന്ന് കര്‍ഷകര്‍ക്ക് ബോധ്യമുണ്ട്, വിദേശ സഹായം ഒക്കെ നേടാന്‍ കുരുട്ടുബുദ്ധി വേണം ! കര്‍ഷക സമരത്തില്‍ നിലപാട് വ്യക്തമാക്കി അഡ്വ. ഹരീഷ് വാസുദേവന്‍

വിജയം നേടാതെ തിരികെ പോയാല്‍ നിലനില്‍പ്പില്ല എന്ന് കര്‍ഷകര്‍ക്ക് ബോധ്യമുണ്ടെന്നു പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍. അതാണ് കൊടും തണുപ്പിലും അവര്‍ റോഡില്‍ കിടക്കുന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സെക്രട്ടേറിയേറ്റ് വളയാന്‍ പോകുന്ന അണികള്‍ക്ക് അറിയാം മന്ത്രി രാജി വെച്ചില്ലെങ്കിലും അവരുടെ ജീവിതത്തെ ബാധിക്കാന്‍ പോകുന്നില്ലെന്ന്. എന്നാലിത് അങ്ങനെയല്ല.

കര്‍ഷകര്‍ക്ക് സമരത്തിന് വിദേശ സാഹയം ലഭിക്കുന്നുവെന്ന ആരോപണവും അദ്ദഹം തള്ളുന്നു. വിദേശ സഹായം ഒക്കെ നേടാന്‍ ഒരല്‍പം കുരുട്ടുബുദ്ധി വേണം. കര്‍ഷകര്‍ക്ക് സ്വന്തം വിള വിപണിയില്‍ വിലപേശിവില്‍ക്കാനറിയാത്തവരാണ്. എല്ലാ സമരങ്ങള്‍ക്കുമെതിരെ ഉപയോഗിച്ച മൂര്‍ച്ചപോയ ആയുധമാണീ ആരോപണമെന്നും ഹരീഷ് വാസുദേവന്‍ പറയുന്നു. സര്‍ക്കാരിനെല്ലാം മനസ്സിലാകുന്നുണ്ട് ഇതവരുടെ രാഷ്ട്രീയമാണ്, പുതിയ നിയമങ്ങള്‍ ഒരിക്കലും ഇടനിലക്കാരുടെ ചൂഷണത്തെ തടയില്ല എന്നും ഹരീഷ് പറയുന്നു. വ്യാജപ്രചരണം കൊണ്ട് കര്‍ഷകരെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. അഡ്വ. ഹരീഷ് വാസുദേവനുമായി മീഡിയ മംഗളം പ്രതിനിധി അശ്വതി ബാലചന്ദ്രന്‍ സംസാരിക്കുന്നു.അഭിമുഖത്തിന്റെ പൂര്‍ണരൂപം


1. കാര്‍ഷിക നിയമഭേദഗതിക്കെതിരെ കര്‍ഷകര്‍ സമരം തുടങ്ങിയിട്ട് ദിവസങ്ങളായി. ഡല്‍ഹിയിലെ കടുത്ത തണുപ്പിനെയും അവഗണിച്ച് സമരം ചെയ്യുന്ന ഈ കര്‍ഷകരുടെ ആശങ്ക സര്‍ക്കാരിന് മനസിലാകാത്തതെന്താണ് ? എന്താണ് യഥാര്‍ത്ഥ പ്രശ്നം?

സര്‍ക്കാരിന് മനസിലാവാഞ്ഞിട്ടല്ല. സര്‍ക്കാരിന് ആ ഭാഗമൊക്കെ നന്നായി അറിയാം. ഇതവരുടെ രാഷ്ട്രീയമാണ്. നയമാണ്. ഉദാരവല്‍ക്കരണം പരസ്യമായി അനുകൂലിക്കുന്ന രാഷ്ട്രീയമാണ് ഇന്ത്യ ഭരിക്കുന്നത്. ചെറുകിട വില്‍പ്പന രംഗം ഉദാരവല്‍ക്കരിച്ചു, ഇനി കൃഷിയാണ്. കൃഷിക്കാരുടെ ഗതികേട് മുതലാക്കി മുതലിറക്കാനും സാധനങ്ങള്‍ സംഭരിക്കാനും വിപണിവില നിയന്ത്രിക്കാനും തടസമായി കോര്‍പ്പറേറ്റുകള്‍ക്ക് മുന്‍പില്‍ ഉണ്ടായിരുന്നത് ആവശ്യവസ്തു നിയമം പോലുള്ളചില നിയമങ്ങളായിരുന്നു. അത് മാറ്റി. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് അടുത്ത തടസം. അത് തകര്‍ക്കും. അപ്പോള്‍ സംഭരണം സ്വകാര്യവല്‍ക്കരിക്കാം. എന്ന് പറയുമ്പോള്‍ സ്വകാര്യവല്‍ക്കരണം തുറന്ന മത്സരത്തില്‍ ആയിരിക്കുമെന്ന് തോന്നുന്നില്ല. യഥാര്‍ത്ഥ പ്രശ്‌നം ഓരോ നയം കൊണ്ടുവരുന്നതിന് പിന്നിലും ഇല്ല ഈ താല്‍പ്പര്യമാണ്. മുന്‍പ് ഡജഅ സര്‍ക്കാരില്‍ അത് കണ്ടിരുന്നില്ല. എല്ലാ മേഖലയില്‍ ഉള്ളവരുമായി ഒരു സംവാദം സാധ്യമായിരുന്നു. ഇന്നത് കാണുന്നില്ല. പാര്‍ലമെന്റില്‍ ഇല്ല, ബിജെപിക്ക് അകത്തു പോലും കാണുന്നില്ല.


2,കാര്‍ഷിക രംഗത്തും കുത്തകകളെ അകമഴിഞ്ഞു സഹായിക്കുന്നതാണ് പുതിയ നിയമമെന്നാണ് കര്‍ഷകരുടെ പരാതി. ഇതില്‍ കഴമ്പുണ്ടോ ? മാറുന്ന ലോകത്തിനനുസരിച്ച് കൃഷി രീതികലെ സഹായിക്കാന്‍ ആധുനിക വത്ക്കരണം തുണയാകില്ലേ ?

ആധുനികവല്‍ക്കരണം അല്ലല്ലോ നടക്കുന്നത്. കര്‍ഷകര്‍ക്ക് എല്ലാവര്‍ക്കും മൊബൈല്‍ ഫോണുണ്ട്. വിലനിലവാരം അറിയാന്‍ കഴിയും. മാര്‍ക്കറ്റ് അറിയാം. എന്നാല്‍ തറവില പോലും ലഭിക്കുന്നില്ല. മണ്ടികള്‍ എന്ന് വിളിക്കുന്ന ലോക്കല്‍ ചന്തകളുമായാണ് അവരുടെ കാലാകാലങ്ങളിലുള്ള ബന്ധം. അത് പൊളിഞ്ഞു പുത്തന്‍മുതലാളിമാര്‍ വരുമ്പോള്‍ പെട്രോളിന്റെ വിലയുടെ സ്വകാര്യവല്‍ക്കരണത്തില്‍ നാം കണ്ടത് പോലെ, അനുഭവിച്ചത് പോലെ, തുടക്കത്തില്‍ അല്‍പ്പം ലാഭം കിട്ടുമെങ്കിലും പിന്നീട് വില എത്ര കൂട്ടിയാലും നിയന്ത്രണം ഇല്ലാത്ത അവസ്ഥ ഉണ്ടാകും. ഇതാണ് കര്‍ഷകര്‍ മുന്നോട്ടു വെയ്ക്കുന്നത്. നിലവിലുള്ള നിയമം ഉപയോഗിച്ച് ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ കഴിയില്ല എന്ന് ഏതെങ്കിലും ഒരു വിദഗ്ധ സമിതിയോ കോടതിയോ പറഞ്ഞിട്ടുണ്ടോ? അതുകൊണ്ടാണോ നിയമം മാറ്റുന്നത്? അങ്ങനെയെങ്കില്‍ എന്തൊക്കെയാണ് ഏതൊക്കെ വകുപ്പുകളാണ് പ്രശ്‌നം? ആ രീതിയില്‍ ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായോ?3,ഒരു കാലത്തും കര്‍ഷകര്‍ ഒരു സംഘടിത വിഭാഗമായിരുന്നില്ല. പക്ഷേ ഇപ്പോള്‍ അവരും സമരമുഖത്താണ്. നൂറുകണക്കിന് സംഘടനകളെ ചേര്‍ത്ത് ഒരു മുന്നേറ്റം. ഇതെങ്ങനെ സാധ്യമായി എന്നു താങ്കള്‍ കരുതുന്നു ?

കര്‍ഷകര്‍ക്ക് സംഘടനകള്‍ എല്ലാകാലത്തും ഉണ്ടായിരുന്നു. എന്നാല്‍ പങ്കാളിത്തം താരതമ്യേന കുറവ്. ഏറ്റവും അസംഘടിതമായ മേഖല. ഈ സമരത്തോടെ കര്‍ഷകര്‍ സംഘടിച്ചിട്ടുണ്ട്. കാരണം മറ്റാരൊക്കെ എന്തൊക്കെ പറഞ്ഞാലും അവര്‍ക്കറിയാം ഇത് അവരുടെ അവസാന സമരമാണെന്നു. ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്ന് പറയാറുണ്ടല്ലോ. ഈ അപായ സൈറണ്‍ കര്‍ഷകര്‍ക്ക് ഇടയില്‍ പെട്ടെന്ന് പടര്‍ന്നു.
മറ്റുരാഷ്ട്രീയ സമരങ്ങള്‍ പോലെയല്ല. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സെക്രട്ടേറിയേറ്റ് വളയാന്‍ പോകുന്ന അണികള്‍ക്ക് അറിയാം മന്ത്രി രാജി വെച്ചില്ലെങ്കിലും അവരുടെ ജീവിതത്തെ ബാധിക്കാന്‍ പോകുന്നില്ല എന്ന്. ഇത് അങ്ങനെയല്ല. വിജയം നേടാതെ തിരികെ പോയാല്‍ നിലനില്‍പ്പില്ല എന്ന് കര്‍ഷകര്‍ക്ക് ബോധ്യമുണ്ട്. അതാണ് കൊടും തണുപ്പിലും അവര്‍ റോഡില്‍ കിടക്കുന്നത്.


4,കര്‍ഷകര്‍ക്ക് ഗുണപ്രദമാണെന്ന് സര്‍ക്കാര്‍ പറയുന്ന ഒരു നിയമത്തിനെതിരെ കര്‍ഷകര്‍തന്നെ തിരിയുക. കര്‍ഷകരെ ഈ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയാത്തതാണോ, അതേ സമരത്തെ വേണ്ട വിധത്തില്‍ ഗൗനിക്കാത്തതാണോ ?

ഏതെങ്കിലും കര്‍ഷക കൂട്ടായ്മയുടെ ആവശ്യപ്രകാരം ആണോ ഈ ബില്ലുകള്‍ വന്നത്? അല്ല. അന്യഥാ ബിജെപിയെ പിന്തുണയ്ക്കുന്ന സംഘടനകള്‍ പോലും സമരത്തിലുണ്ട്. കര്‍ഷകര്‍ ഇതിനായി എന്നെങ്കിലും ആവശ്യം ഉന്നയിച്ചോ? കോര്‍പ്പറേറ്റുകളെ വഴിവിട്ടു സഹായം ചെയ്തു ദുഷ്പേര് സമ്പാദിച്ച ഒരു സര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കാനാണ് അവരുടെ അതിശക്തമായ എതിര്‍പ്പ് അവഗണിച്ചും നിയമം കൊണ്ടുവരുന്നത് എന്ന സര്‍ക്കാരിന്റെ വാദം എത്ര പരിഹാസ്യമാണെന്നു നോക്കൂ. ആരാണീ സമരത്തെ പിന്തുണയ്ക്കുന്നത്?
കര്‍ഷകന്റെ നഷ്ടം തങ്ങളുടെ ലാഭമായി കരുതുന്ന വലിയൊരു ഉപഭോക്ത്യ ജനത. കര്‍ഷകരുടെ ആവശ്യം അവരെക്കാള്‍ ഞങ്ങള്‍ക്കറിയാം എന്ന പരിഹാസ്യമായ വാദമാണത്. ജനാധിപത്യത്തില്‍ പ്രാതിനിധ്യം പ്രധാനമാണ്.5,കര്‍ഷകരുടെ പിന്നില്‍ ബിജെപി സര്‍ക്കാരിനെതിരെയുള്ള ഒരു വിദേശ ചരടുവലി എന്ന ആരോപണത്തെ എങ്ങനെ കാണുന്നു. വിദേശ ഫണ്ട് സ്വീകരിച്ച് പാവപ്പെട്ട കര്‍ഷകര്‍ സര്‍ക്കാരിനെ അട്ടിമറിക്കുമെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ ? അതോ ഇതും എതിര്‍ക്കുന്ന ആളുകളെ നിശബ്ദമാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം മാത്രമായി കരുതാമോ ?

ഹ ഹ ഹ ( ചിരി) എല്ലാ കാലത്തും എല്ലാ സര്‍ക്കാരുകളും എല്ലാ സമരങ്ങള്‍ക്കും എതിരെ ഉപയോഗിച്ച് മൂര്‍ച്ച പോയൊരു ആക്ഷേപമല്ലേ ഇത്? കൂടംകുളം സമരത്തില്‍, പ്ലാച്ചിമടയില്‍, ഭോപ്പാലില്‍ എല്ലാം നാമിത് കേട്ടില്ലേ? എന്നിട്ടോ? വിദേശ സഹായം ഒക്കെ നേടാന്‍ ഒരല്‍പം കുരുട്ടുബുദ്ധി വേണം.
കര്‍ഷകര്‍ക്കോ കര്‍ഷക സംഘടനകള്‍ക്കോ അധ്വാനിച്ചു ഉണ്ടാക്കുന്ന സ്വന്തം വിള മാര്‍ക്കറ്റിലെ വിലയ്ക്ക് വില്‍ക്കാന്‍ പോലും അറിയില്ല. ഇന്ത്യയിലെ കര്‍ഷകര്‍ കൃഷി വ്യാപാരം ആക്കിയവരല്ല, ത്യാഗമായി കൃഷി ചെയ്യുന്നവരാണ് അധികവും. സത്യസന്ധരാണ്. അവര്‍ക്കത് ഒരു സംസ്‌കാരം കൂടിയാണ്. ഇത്തരം വ്യാജ പ്രചരണം കൊണ്ട് കര്‍ഷകര്‍ ഉയര്‍ത്തുന്ന ന്യായമായ ആവശ്യങ്ങളെ ജനമധ്യത്തില്‍ ഇകഴ്ത്തി കാണിക്കാം എന്നാണ് സര്‍ക്കാരിനെ നയിക്കുന്ന കുബുദ്ധികളില്‍ ചിലര്‍ വിചാരിക്കുന്നത്. എന്നാല്‍ അമിത്ഷാ തന്നെ അതെല്ലാം തള്ളിക്കളഞ്ഞു. കാരണം അയാള്‍ക്കറിയാം കര്‍ഷകരുടെ വെറുപ്പ് സമ്പാദിച്ച് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന്.


6.ഈ സമരത്തിന്റെ ഭാവിയെന്താകും. സിഎഎ സമരം നമ്മുടെ മുമ്പിലുണ്ട്. അതവസാനിച്ചതുപോലെ ഇതും അവസാനിക്കാനാണോ സാധ്യത.? ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ ദുര്‍ബലപ്പെട്ടത് ഭരണപക്ഷത്തിന് എന്തും തോന്നിയതുപോലെ നടത്താം എന്ന ലൈസന്‍സിലേക്കാണോ കാര്യങ്ങളെ എത്തിക്കുന്നത്.?

സിഎഎ സമരം അവസാനിച്ചതായി ഞാന്‍ കരുതുന്നില്ല. കോവിഡ് കാരണം നിര്‍ത്തേണ്ടി വന്നതാണ്. അടുത്ത പൊരി വീഴുമ്പോള്‍ അത് വീണ്ടും ചൂടുപിടിക്കും. കാരണം മുസ്ലീങ്ങളെ രണ്ടാംകിട പൗരന്മാര്‍ ആക്കുന്ന നീക്കമാണെന്നു അവര്‍ കരുതുന്നു.

എന്നാല്‍ നിലവിലുള്ളവര്‍ക്ക് പുറത്തുപോകേണ്ടി വരില്ലല്ലോ എന്ന ആശ്വാസവും ഉണ്ട്. കര്‍ഷകരുടെ കാര്യത്തില്‍, അവരുടെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രശ്‌നമാണ്. സിഎഎ സമരത്തില്‍ ഒരു മാസത്തിനകം ചര്‍ച്ച ഉണ്ടായോ? ഇല്ല. ഈ സമരത്തില്‍ അതുണ്ടായി. സിഎഎ സമരത്തെ പേടിച്ച് റോഡ് കുത്തി പൊളിക്കേണ്ടി വന്നില്ല. ഇതിലത് ഉണ്ടായി. പ്രതിപക്ഷ കക്ഷികള്‍ ആരുമില്ലാതെ അവരത് നേടി. ഊര്‍ജ്ജം ചെറുതല്ല. പ്രതിപക്ഷ സ്വരം ദുര്‍ബ്ബലമായത് ഇന്ത്യന്‍ ജനാധിപത്യത്തെ ചെറുതല്ലാത്ത ബുദ്ധിമുട്ടിക്കുന്നുണ്ട്. ഓരോരോ പരീക്ഷണ ഘട്ടമല്ലേ, ജനാധിപത്യം ഇതും മറികടക്കും. ഞാന്‍ ശുഭാപ്തി വിശ്വാസിയാണ്.
Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close