Breaking NewsKERALANEWSTop News

തിരിച്ചടിയായത് കെ സുരേന്ദ്രൻ നടത്തിയ വൺമാൻ ഷോ; സ്ഥാനാർത്ഥി നിർണയത്തിൽ കൂടിയാലോചനകൾ ഉണ്ടായില്ല; സ്റ്റാഫിനെ നിയമിക്കാൻ മാനദണ്ഡമായത് സമുദായ സ്നേഹം; നേതൃമാറ്റം വേണമെന്ന ആവശ്യവുമായി നേതാക്കൾ; സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി രൂക്ഷം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ. കഴിഞ്ഞ തവണ രണ്ടാം സ്ഥാനം നേടിയ മഞ്ചേശ്വരം, കാസർകോട്, തൃശൂർ, പാലക്കാട്, മലമ്പുഴ, ചാത്തന്നൂർ, വട്ടിയൂർക്കാവ്, കഴക്കൂട്ടം എന്നിവിടങ്ങളെക്കൂടാതെ ആറ്റിങ്ങലിലും നേമത്തും കൂടി രണ്ടാമതായെങ്കിലും 12 സീറ്റ് വരെ ജയിക്കുമെന്ന് വിലയിരുത്തിയ ബിജെപി നേതൃത്വത്തെ ഈ തോൽവി വൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംസ്ഥാന നേതൃത്വത്തെ ഉടച്ചുവാർക്കണമെന്ന ആവശ്യം ബിജെപിയിൽ ഉയർന്നുകഴിഞ്ഞു.

സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനുമാണ് തോൽവിയുടെ ഉത്തരവാദിത്തം എന്ന നിലപാടിലാണ് മറ്റ് നേതാക്കൾ. കെ സുരേന്ദ്രൻ പാർട്ടി അധ്യക്ഷനായ ശേഷം ബിജെപിയിൽ ടീം വർക്ക് ഇല്ലാതായെന്നും മറ്റ് നേതാക്കളെ പരി​ഗണിക്കുക പോലുമില്ലായിരുന്നെന്നും നേതാക്കൾ ആരോപിക്കുന്നു. താഴേ തട്ടിൽ വരെ വിഭാ​ഗീയ.ത രൂക്ഷമായിരുന്നു എന്നും വിമർശിക്കുന്നവരെ നശിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റമായിരുന്നു കെ സുരേന്ദ്രന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. നേതൃത്വത്തിന് ആവശ്യം തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവരെ ആയിരുന്നില്ല, മറിച്ച് സ്തുതിപാഠകരെ ആയിരുന്നു എന്നും ഇത് പൊതുസമൂഹത്തിൽ പാർട്ടിയെ അവമതിപ്പെടുത്തി എന്നുമാണ് നേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിച്ചത്.

ബിജെപി സംസ്ഥാന നേതൃത്വത്തിൽ അടിമുടി അഴിച്ചുപണി ആവശ്യമാണെന്ന നിലപാടിലാണ് ഭൂരിപക്ഷം നേതാക്കളും. സാധാരണ പ്രവർത്തകരെ പോലും കെ സുരേന്ദ്രനും സംഘവും പാർട്ടിയിൽ നിന്നും അകറ്റി. സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിനും പാർട്ടി ഓഫീസിലെ പ്രവർത്തനങ്ങൾക്കും നിയോ​ഗിച്ചവരുടെ മെറിറ്റ് നിശ്ചയിച്ചത് പ്രത്യേക സമുദായ പരി​ഗണന ആയിരുന്നെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. പാർട്ടി ബോധത്തിനും അപ്പുറം സമുദായ പരി​ഗണനക്കാണ് കെ സുരേന്ദ്രൻ മുൻതൂക്കം നൽകിയിരുന്നത് എന്ന വിമർശനം പല കോണുകളിൽ നിന്നും ഉയരുന്നു. ഈ സാഹചര്യത്തിൽ പാർട്ടിയുടെ അടിത്തറ ഇളകും മുമ്പ് നേതൃമാറ്റം എന്നതാണ് പല നേതാക്കളും പങ്കുവെക്കുന്ന വികാരം.

ശോഭാ സുരേന്ദ്രൻ ഒറ്റയ്ക്കു നേതൃത്വത്തിനെതിരെ പോരാടുമ്പോൾ പി.കെ. കൃഷ്ണദാസും എം.ടി. രമേശുമടങ്ങുന്ന നേതൃനിര പാർട്ടി നേതൃത്വത്തെ അതൃപ്തി അറിയിച്ചു കഴിഞ്ഞു. വി.മുരളീധരനും കെ.സുരേന്ദ്രനും ഉൾപ്പെടുന്ന സംഘം ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ തണലിൽ കേരളത്തിലെ പാർട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുന്നു, മിടുക്കരായ നേതാക്കളെ പോലും എതിർ ഗ്രൂപ്പാണെന്നു പറഞ്ഞു വെട്ടിനിരത്തുന്നു എന്നുമാണ് പരാതി. കേരളത്തിലെ ബിജെപിയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നില്ലെങ്കിലും ആർഎസ്എസ് വിട്ടുനൽകിയ സംഘടനാ സെക്രട്ടറിമാർക്കും ബിജെപിയിലെ ഈ ഗ്രൂപ്പുപോര് കണ്ടുനിൽക്കേണ്ടി വരുന്നു. അവരുടെ നിയന്ത്രണങ്ങൾക്കപ്പുറത്തേക്കു കാര്യങ്ങൾ കടന്നിട്ടും ആർഎസ്എസ് ഇടപെടാൻ മടിച്ചുനിൽക്കുകയാണ് എന്നും ആരോപണം ഉയരുന്നു.

കേന്ദ്രമന്ത്രി വി.മുരളീധരനും കെ.സുരേന്ദ്രനും ഏകപക്ഷീയമായി നീങ്ങുന്നു എന്ന പരാതി നേതാക്കൾക്ക് നേരത്തേ തന്നെ ഉണ്ടായിരുന്നു. ശോഭ സുരേന്ദ്രൻ പൂർണമായും തഴയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പരാജയത്തിന്റെ ഉത്തരവാദിത്തം കെ സുരേന്ദ്രന് മാത്രമാണെന്ന നിലപാട് മറ്റ് നേതാക്കൾ കൈക്കൊള്ളുന്നത്. പല മണ്ഡലങ്ങളിലും ഗ്രൂപ്പുതർക്കവും സ്ഥാനാർഥി നിർണയത്തിലെ അട്ടിമറികളുമാണ് വോട്ട് കുത്തനെ കുറയാനിടയാക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

പരസ്യപ്രതികരണവുമായി കെ എസ് രാധാകൃഷ്ണൻ

തൃപ്പൂണിത്തുറയിൽ ബിജെപി വോട്ടുകൾ കോൺ​ഗ്രസിന് മറിച്ചെന്നാരോപിച്ച് ബിജെപി സ്ഥാനാർത്ഥി കെ എസ് രാധാകൃഷ്ണൻ രം​ഗത്തെത്തി. ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. ബാബുവിന് പോയതുകൊണ്ടാണ് താന്‍ തോറ്റതെന്ന് കെ.എസ് രാധാകൃഷ്ണന്‍ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘തൃപ്പൂണിത്തുറയില്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ചെല്ലുമ്പോള്‍ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പരസ്യമായി പ്രസ്താവനയിറക്കിയത് നിങ്ങളെല്ലാവരും കേട്ടതാണ്. ഇപ്രാവശ്യം ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും വോട്ടുകള്‍ ശബരിമലയുടെ പേരില്‍ തനിക്ക് കിട്ടുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ അതിനെ നിഷേധിച്ചു. അങ്ങനെ സംഭവിക്കില്ലെന്ന് പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വോട്ട് കുറഞ്ഞു. ഇപ്പോള്‍ എനിക്ക് കിട്ടിയ വോട്ട് ഞാന്‍ തെണ്ടിപ്പെറുക്കിയുണ്ടാക്കിയതാണ്,’ കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു. തൃപ്പൂണിത്തുറയില്‍ സിറ്റിംഗ് എം.എല്‍.എ ആയിരുന്ന എം.സ്വരാജിന്റെ തോല്‍വിയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് – ബി.ജെ.പി വോട്ടു കച്ചവടമാണെന്ന എല്‍.ഡി.എഫിന്റെ ആരോപണങ്ങളെ ശരിവെയ്ക്കുന്നതാണ് കെ.എസ് രാധാകൃഷ്ണന്റെ പ്രസ്താവന.

ബി.ജെ.പിയ്ക്ക് തൃപ്പൂണിത്തുറ നഗരസഭയില്‍ മാത്രം 19,000ത്തിലേറെ വോട്ടുള്ളതാണ്. ഉദയംപേരൂര്‍, കുമ്പളം, മരട്, ഇടക്കൊച്ചി മുതല്‍ പള്ളുരുത്തി വരെയുള്ള ഭാഗങ്ങള്‍ ഇതെല്ലാം ചേരുമ്പോള്‍ ബി.ജെ.പിയുടെ വോട്ട് സ്വാഭാവികമായും 35,000 ആവേണ്ടതാണ്. എന്നാല്‍ ആ വോട്ട് കിട്ടിയില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

സിറ്റിം​ഗ് സീറ്റായ നേമം നഷ്ടപ്പെടുകയും മറ്റെല്ലായിടത്തും മോശം പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തതിന് പിന്നാലെ ബിജെപിക്കുള്ളിൽ അമർഷം പുകയുകയാണ്. 2016 ഇൽ 15.01 ശതമാനമായിരുന്ന വോട്ടു വിഹിതം ഇത്തവണ 11.30 ശതമാനം മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയത് 15.53 ശതമാനം വോട്ടായിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിൽ 15.56 ശതമാനം വോട്ടു നേടാൻ കഴിഞ്ഞിരുന്നു. സമീപകാലത്തെ എല്ലാ തെര‍ഞ്ഞെടുപ്പിനെക്കാളും കുറഞ്ഞുവോട്ടുകളാണിത്. രണ്ടാം കക്ഷിയായ ബിഡിജെഎസിനും മത്സരിച്ച എല്ലായിടത്തും വോട്ട് എണ്ണം കുറവുണ്ട്.

കെ സുരേന്ദ്രനെതിരെ ഇ എൻ നന്ദകുമാർ

കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് നേതാവ് ഇഎന്‍ നന്ദകുമാര്‍ രം​ഗത്തെത്തി. ഒന്നിലധികം സീറ്റുകളില്‍ മത്സരിച്ച് ഹെലികോപ്ടറില്‍ പറന്ന് കോമാളിത്തരം കാണിച്ചതും പ്രചരണത്തിലെ കുട്ടിക്കളിയുമാണ് ബിജെപിയെ തോല്‍പ്പിച്ചതെന്നാണ് നന്ദകുമാര്‍ വ്യക്തമാക്കുന്നത്.

ഇഎന്‍ നന്ദകുമാറിന്റെ വാക്കുകള്‍:

‘മോഡി കളി’ക്കാന്‍ ഒന്നിലധികം സീറ്റില്‍ മത്സരിക്കുക. ഈ കൊച്ചു കേരളത്തില്‍ ഹെലികോപ്റ്ററില്‍ പറന്നുനടന്ന് കോമാളിത്തരം കാട്ടുക. അവസാന നിമിഷം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. നിഷ്‌ക്രിയരായ ഇവറ്റകളുടെ നോമിനേഷന്‍ തള്ളിപ്പോകുക. ഇ ശ്രീധരന്‍ എന്ന മാന്യനെപ്പോലും അപമാനിക്കാന്‍ വിടുക. ഓരോ തെരഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങള്‍ തേടുന്ന ആര്‍ത്തിപിടിച്ച ഭാഗ്യാന്വേഷികള്‍. ഇവര്‍ തോല്‍വി അര്‍ഹിക്കുന്നു. മഹാരഥന്മാര്‍ സ്വജീവന്‍ നല്‍കി വളര്‍ത്തിയെടുത്ത മഹാപ്രസ്ഥാനത്തെ കുട്ടിക്കളിയില്‍ നശിപ്പിക്കല്ലേ. കഴിവതും വേഗം കളമൊഴിഞ്ഞ് നാടിനെയും പ്രസ്ഥാനത്തെയും രക്ഷിക്കൂ.”

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്റെ സഹോദരനാണ് നന്ദകുമാർ. ആര്‍എസ്എസിന്റെ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര ബുക്‌സ് ചുമതലക്കാരനും നാഷണല്‍ ബുക്ക് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ് നന്ദകുമാറെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, കഴക്കൂട്ടത്തെ തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ പോര് രൂക്ഷമാവുകയാണ്. തോല്‍വിക്ക് പിന്നില്‍ പാര്‍ട്ടിക്കും പങ്കുണ്ടെന്ന ആരോപണമാണ് ശോഭാ പക്ഷം ഉന്നയിക്കുന്നത്. കഴക്കൂട്ടത്ത് അവസാന നിമിഷമായിരുന്നു ശോഭയെ കേന്ദ്രനേതൃത്വം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നായിരുന്നു കേന്ദ്ര തീരുമാനം. ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം മണ്ഡലം നോട്ടമിട്ടിരുന്ന വി മുരളീധരനെ പ്രകോപിതനാക്കിയെന്നും ഇതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും മറുപക്ഷം വിമര്‍ശനം ഉയര്‍ത്തുന്നു.

ഇതിനിടെ ഉപേക്ഷിക്കപ്പെട്ട പോസ്റ്ററുകള്‍ കണ്ടെത്തിയ സംഭവവും വി മുരളീധരനെ പ്രതിരോധത്തിലാക്കും. വി മുരളീധരന്റെ അനുയായിയുടെ വീട്ടില്‍ നിന്നാണ് ഇവ കണ്ടത്തിയതെന്നാണ് ശോഭാ പക്ഷം ചൂണ്ടിക്കാട്ടുന്നത്. ശോഭയെ തോല്‍പ്പിക്കാന്‍ മുരളീധര പക്ഷം ശ്രമിച്ചെന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് ഈ സംഭവം. ഇത് തോല്‍വിക്ക് പിന്നില്‍ പാര്‍ട്ടി നേതൃത്വത്തിന് കൈയുണ്ടെന്നതിന്റെ തെളിവാണെന്നും ശോഭാ പക്ഷം ചൂണ്ടിക്കാട്ടുന്നു.

തോൽവി പഠിക്കാൻ സമിതി

ഇതിനിടെ നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി പഠിക്കാന്‍ ബിജെപി സമിതിയെ നിയോഗിച്ചു. ഇന്ന് ചേര്‍ന്ന അടിയന്തര കോര്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പില്‍ വീഴ്ച പറ്റിയെന്നായിരുന്നു യോഗത്തിലൂണ്ടായ വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ സമിതി രൂപീകരിക്കാന്‍ മുന്നണി നേതാക്കൾ ഓണ്‍ലൈനായി ചേര്‍ന്ന കോര്‍ കമ്മിറ്റി യോ​ഗത്തിലാണ് തീരുമാനമായത്. പാർട്ടിയിൽ സമഗ്രമായ അഴിച്ചുപണി വേണമെന്ന് എല്ലാ ഭാഗത്തു നിന്നും ശബ്ദമുയരുന്നുണ്ട്. തിരഞ്ഞെടുപ്പിൽ പല ഘടക കക്ഷികളും സജീവമായിരുന്നില്ല എന്നും വിമർശനമുണ്ട്. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ശോഭ സുരേന്ദ്രൻ സികെ ജാനു തുടങ്ങിയവർ ഇതേ കുറിച്ച് പരാതി പറഞ്ഞിരുന്നു.

ബിജെപി പ്രതീക്ഷവെച്ച മണ്ഡലങ്ങളിൽ ജയസാധ്യതയുള്ള എതിർസ്ഥാനാർത്ഥികൾക്കായി ന്യൂനപക്ഷവോട്ട് ഏകീകരണമുണ്ടായെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഒപ്പം കഴിഞ്ഞ തവണ ബിഡിജെഎസ് വഴി കിട്ടിയ ഈഴവവോട്ടുകൾ ഇടതിലേക്ക് തിരിച്ചുപോയതും ആഘാതമായി.
ഇന്നോ നാളെയോ വീണ്ടും കോർ കമ്മിറ്റി യോഗം ചേരും എന്നാണ് സൂചനകൾ.

ആർഎസ്എസും രം​ഗത്ത്

നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ബിജെപിയിൽ കലാപം രൂക്ഷമാകുകയാണ്. ഇതിനിടയിൽ, ബിജെപി നേതാക്കൾക്കെതിരെ ആർഎസ്എസും രം​ഗത്തെത്തി. ബിജെപി തൃശ്ശൂർ ജില്ലാ ഘടകത്തിനെതിരെ നടപടി വേണമെന്നാണ് ആർഎസ്എസ് ആവശ്യപ്പെടുന്നത്. ​ഗുരുവായൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രിക തള്ളുകയും ബിജെപി പിന്തുണച്ച സ്ഥാനാർത്ഥിക്ക് വോട്ട് കുറയുകയും ചെയ്ത് സാഹചര്യത്തിലാണ് ആർഎസ്എസ് നിലപാട് കടുപ്പിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ആർഎസ്എസ് നേതാക്കൾ ബിജെപി സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഗുരുവായൂരിലെ എൻ.ഡി.എ. സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയത് ഏറെ വിവാദമായിരുന്നു. അഭിഭാഷകകൂടിയായ സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനുപിന്നിൽ ഒത്തുകളിയാണെന്ന ആരോപണം ഉയർന്നിരുന്നു. ഇക്കാര്യം തിരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്നായിരുന്നു പാർട്ടി നിലപാട്. ഇതിനിടെ ഗുരുവായൂരിലെ യു.ഡി.എഫ്. സ്ഥാനാർഥിക്ക് അനുകൂലമായി സുരേഷ് ഗോപി അഭിപ്രായപ്രകടനം നടത്തിയത് വീണ്ടും വിവാദത്തിനിടയാക്കി. ഈ ഘട്ടത്തിലാണ് വിഷയത്തിൽ ആർ.എസ്.എസ്. ഇടപെട്ടത്.

പ്രശ്നപരിഹാരത്തിന് ഗുരുവായൂരിലെ ഡി.എസ്.ജെ.പി. സ്ഥാനാർഥി ദിലീപ് നായർക്ക് പിന്തുണ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എൻ.ഡി.എ. രംഗത്തുണ്ടായിരുന്നെങ്കിലും സ്ഥാനാർഥിക്ക് കിട്ടിയത് മുൻപ് ഇവിടെ എൻ.ഡി.എ. നേടിയതിന്റെ മൂന്നിലൊന്ന് േവാട്ട് മാത്രമായിരുന്നു. 19,268 വോട്ടാണ് കുറഞ്ഞത്. ഈ രണ്ട് കാര്യങ്ങളിലും ജില്ലാ ഘടകത്തിനോട് വിശദീകരണം തേടി നടപടി സ്വീകരിക്കാനാണ് ആർ.എസ്.എസ്. നിർദേശം.

നടപടിക്ക് ആർ.എസ്.എസിനെ പ്രേരിപ്പിച്ചത് ഈയിടെ തൃശ്ശൂരിലുണ്ടായ കുഴൽപ്പണക്കടത്താണെന്നും സൂചനയുണ്ട്. കൊടകരയിൽ നിന്ന് കുഴൽപ്പണം വാഹനമടക്കം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാർട്ടിയുടെ ബന്ധം പോലീസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ പാർട്ടിയുടെ തൃശ്ശൂരിലെ ചില പ്രധാനികൾക്ക് ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close