NEWSSPORTS

തിരിച്ചുവന്ന ശ്രീയും പേടിയില്ലാത്ത കേരളവും

വസന്ത് കമല്‍

കഴിഞ്ഞ വര്‍ഷം നടത്താന്‍ കഴിയാതെ പോയ സയീദ് മുഷ്താക് അലി ട്വന്റി20 ടൂര്‍ണമെന്റ് ഇപ്പോള്‍ നടത്തിവരുകയാണ് ബിസിസിഐ. പൊതുവേ ഐപിഎല്‍ റിക്രൂട്ട്മെന്റ് സ്‌ക്വാഡുകളോ ദേശീയ സെലക്റ്റര്‍മാരോ അല്ലാതെ അധികം കാണികള്‍ ശ്രദ്ധിക്കാതെ പോകുന്ന ടൂര്‍ണമെന്റ്. പക്ഷേ, ഇക്കുറി കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആഘോഷിക്കാന്‍ വക നല്‍കുന്നുണ്ട് മുഷ്താക് അലി ട്രോഫി. ഏഴു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് എസ്. ശ്രീശാന്ത് മടങ്ങിവരുന്നതായിരുന്നു ആദ്യത്തെ കൗതുകം. ശ്രീശാന്തിന്റെ ആരാധകര്‍ മാത്രമല്ല, വിമര്‍ശകര്‍ പോലും അദ്ദേഹത്തിന്റെ തിരിച്ചുവരവ് എങ്ങനെയുണ്ടെന്നറിയാന്‍ കാത്തിരുന്നു. പുതുച്ചേരിക്കെതിരായ ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റുമായി ശ്രീശാന്ത് മോശമല്ലാത്ത പ്രകടനം നടത്തുകയും ചെയ്തു. പക്ഷേ, ആ മത്സരത്തിലും തൊട്ടടുത്ത് മുംബൈക്കെതിരായ മത്സരത്തിലും പഴയ വേഗവും സ്വിങ്ങുമൊക്കെ കൈവിട്ട മട്ടില്‍ ഒരു മീഡിയം പേസര്‍ മാത്രമായിരുന്നു ഈ പഴയ ഫാസ്റ്റ് ബൗളര്‍. വേഗവും താളവും വീണ്ടെടുത്തെന്നു തോന്നിച്ച ഡല്‍ഹിക്കെതിരായ മത്സരത്തിലാകട്ടെ അടി വാങ്ങിക്കൂട്ടുകയും ചെയ്തു.

എന്നാല്‍, ശിഖര്‍ ധവാന്റെയും നിതീഷ് റാണെയുടെയും പ്രൈസ് വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു എന്ന് ശ്രീയ്ക്ക് ആശ്വസിക്കാം. ശ്രീശാന്തിന്റെ തിരിച്ചുവരവിലും സഞ്ജു സാസണിന്റെ പ്രകടനത്തിലും ഉപരി മലയാളികള്‍ക്ക് ഒന്നും പ്രതീക്ഷിക്കാന്‍ ഇല്ലാതിരുന്ന ഒരു ടൂര്‍ണമെന്റിനെ മുഹമ്മദ് അസറുദ്ദീന്‍ എന്ന കാസര്‍ഗോട്ടുകാരന്‍ ഒറ്റയ്ക്ക് ജനപ്രിയമാക്കിയെടുക്കുന്നതാണ് രണ്ടാമത്തെ മത്സരത്തില്‍ കണ്ടത്. ഈ ഓപ്പണര്‍ 37 പന്തില്‍ നേടിയ സെഞ്ചുറി ഏതൊരു ഇന്ത്യക്കാരന്റെയും വേഗമേറിയ മൂന്നാമത്തെ ട്വന്റി20 സെഞ്ചുറിയായിരുന്നു. ഋഷഭ് പന്തും രോഹിത് ശര്‍മയും മാത്രമാണ് മുന്നിലുള്ളത്. മുംബൈക്കെതിരേ 196 റണ്‍സ് ചേസ് ചെയ്ത കേരളം നിഷ്പ്രയാസം ജയിക്കുകയും ചെയ്തു. ധവല്‍ കുല്‍ക്കര്‍ണിയും തുഷാര്‍ ദേശ്പാണ്ഡെയും ഷംസ് മുലാനിയും ഒക്കെ അടങ്ങുന്ന സുശക്തമായ ബൗളിങ് നിരയ്ക്കെതിരേ നടത്തിയ പ്രകടനം കേരളത്തിന്റെ ആരാധകരെപ്പോലും അമ്പരപ്പിച്ചു. മൂന്നാം മത്സരത്തില്‍ ഡല്‍ഹിക്കെതിരേ കളിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നെങ്കിലും 213 റണ്‍സ് എന്ന വിജയലക്ഷ്യം കടുത്തതാവുമെന്ന് ഉറപ്പായിരുന്നു. പ്രത്യേകിച്ച് ഇശാന്ത് ശര്‍മയും പ്രദീപ് സങ്വാനുമെല്ലാമടങ്ങുന്ന നിലവാരമുള്ള ബൗളിങ് നിരയ്ക്കെതിരേ.

നേരിട്ട ആദ്യ പന്തില്‍ തന്നെ മുഹമ്മദ് അസറുദ്ദീനും അധികം പിടിച്ചുനില്‍ക്കാതെ സഞ്ജു സാംസണും പുറത്തായതോടെ പ്രതീക്ഷകള്‍ അസ്തമിച്ച മട്ടായി. പക്ഷേ, റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് മറ്റൊരു ആധികാരിക വിജയത്തിലേക്ക് ടീമിനെ നയിക്കുന്നതാണ് പിന്നെ കണ്ടത്. പരമ്പരാഗതമായി ബൗളിങ് കരുത്തില്‍ വിശ്വാസമര്‍പ്പിച്ച് കളിക്കാനിറങ്ങുന്ന കേരളത്തിന് ഇക്കുറി ബാറ്റിങ് നിര കരുത്തു പകരുന്നതാണ് കാണാനാവുന്നത്. സന്ദീപ് വാര്യര്‍ തമിഴ്നാട്ടിലേക്കു മാറിയതോടെ പേസ് ബൗളിങ് നിരയുടെ മൂര്‍ച്ച കുറഞ്ഞു എന്നത് യാഥാര്‍ഥ്യമാണ്. ഐപിഎല്‍ താരം ബേസില്‍ തമ്പിക്കും കാര്യമായ പ്രഭാവം ചെലുത്താന്‍ സാധിക്കുന്നില്ല. കെ.എം. ആസിഫ് മാത്രമാണ് കേരള ബൗളര്‍മാരില്‍ ഇതുവരെ മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. വിക്കറ്റുകള്‍ നേടുന്നുണ്ടെങ്കിലും വെറ്ററന്‍ ഓള്‍റൗണ്ടര്‍ ജലജ് സക്സേനയ്ക്ക് റണ്ണൊഴുക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. അതേസമയം, പതിവായി നിരാശപ്പെടുത്താറുള്ള ബാറ്റിങ് നിര ഇക്കുറി ഒരുമിച്ച് ക്ലിക്ക് ചെയ്യുന്നു എന്നത് കേരളത്തിനു പ്രതീക്ഷയാണ്. ഭയമില്ലാതെ ഷോട്ടുകള്‍ ഉതിര്‍ക്കുന്ന ഒരു സമീപനത്തിലേക്ക് ബാറ്റ്സ്മാന്‍മാര്‍ മാറിയിരിക്കുന്നു എന്നതും പ്രകടനങ്ങളില്‍ സുവ്യക്തം. ആക്രമണോത്സുകമായ ഒരു ശൈലിയിലേക്ക് ടീമിനെ മാറ്റിയെടുക്കാന്‍ ഡേവ് വാട്ടമോറിനു സാധിച്ചില്ലെങ്കില്‍ ഇപ്പോഴത്തെ കോച്ച് ടിനു യോഹന്നാന് സാധിക്കുന്നു എന്നാണ് ഇതുവരെയുള്ള കളിയില്‍ നിന്നു കാണുന്നത്.

ഇതിനിടെ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റും പുരോഗമിക്കുകയാണ്. മുന്‍നിര താരങ്ങള്‍ ഒന്നൊന്നായി പരുക്കേറ്റ് പുറത്താകുമ്പോള്‍ നിരവധി പരീക്ഷണങ്ങള്‍ക്കു നിര്‍ബന്ധിതരായാണ് ടീം കളിക്കാനിറങ്ങിയിരിക്കുന്നത്. നെറ്റ് പ്രാക്റ്റീസില്‍ സഹായിക്കാന്‍ മാത്രം ടീമിനൊപ്പം തുടര്‍ന്ന ടി. നടരാജനും വാഷിങ്ടണ്‍ സുന്ദറും നാലാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്നതു വരെ കണ്ടു. ഫോമില്ലാതെ പുറത്തായ മായങ്ക് അഗര്‍വാളിനെ മധ്യനിര ബാറ്റ്സ്മാനായി തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാം ടെസ്റ്റില്‍ നേടിയ വിജയത്തിനൊത്ത സമനിലയില്‍ നിര്‍ണായക പങ്കുവഹിച്ച ആര്‍. അശ്വിനോ രവീന്ദ്ര ജഡേജയോ ഹനുമ വിഹാരിയോ ജസ്പ്രീത് ബുംറയോ നാലാം ടെസ്റ്റ് കളിക്കുന്നില്ല. മുഹമ്മദ് ഷമിയും കെ.എല്‍. രാഹുലും ഉമേഷ് യാദവും നേരത്തെ തന്നെ പരുക്കേറ്റ് പുറത്താകുകയും ചെയ്തിരുന്നു. ഇതിനിടെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ തോല്‍വിയില്‍ നിന്നു രക്ഷിച്ച ഹനുമ വിഹാരിയെ പരിഹസിക്കാന്‍ ശ്രമിച്ച കേന്ദ്രമന്ത്രി ബാബുലാല്‍ സുപ്രിയോ സമൂഹമാധ്യമങ്ങളില്‍ സ്വയം പരിഹാസ്യനാകുകയും ചെയ്തു.

ഹനുമ ‘ബിഹാരി’ ഇന്ത്യയുടെ ജയസാധ്യത തല്ലിക്കെടുത്തുക മാത്രമല്ല, ക്രിക്കറ്റിനെ കുരുതി കൊടുക്കുകയും ചെയ്തു എന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്. തന്റെ പേര് ബിഹാരി എന്നല്ല വിഹാരി എന്നാണെന്ന് തിരുത്തിക്കൊടുക്കു മാത്രമാണ് താരം ചെയ്തത്. പക്ഷേ, മന്ത്രി കണക്കിനു പരിഹസിക്കപ്പെടാന്‍ അതു തന്നെ ധാരാളമായിരുന്നു. പരുക്ക് വകവയ്ക്കാതെ കളിച്ച വിഹാരും അശ്വിനും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് മൂന്നാം ടെസ്റ്റില്‍ ഐതിസാഹിക സമനില നേടിക്കൊടുത്തത്. റണ്ണെടുക്കാന്‍ ഓടാന്‍ പോലും ബുദ്ധിമുട്ടിലായിരുന്ന ഇരുവരും നടത്തിയ പ്രകടനങ്ങളെ വീരോചിതമെന്ന് ക്രിക്കറ്റ് ലോകം വാഴ്ത്തുന്നതിനിടെയായിരുന്നു അനവസരത്തില്‍ മന്ത്രിയുടെ അജ്ഞതാ പ്രദര്‍ശനം. പരുക്കുകള്‍ മാത്രമല്ല, മുഹമ്മദ് സിറാജിനും ജസ്പ്രീതം ബുംറയ്ക്കുമെതിരേ ഓസ്ട്രിലേയയിലെ കാണികള്‍ നടത്തിയ വംശീയ അധിക്ഷേപവും മൂന്നാം ടെസ്റ്റിനിടെ വലിയ വാര്‍ത്താ പ്രാധാന്യം നേടി. ഓസ്ട്രേലിയയിലെ കാണികളുടെ ഭാഗത്തുനിന്ന് ഇത്തരം പെരുമാറ്റം പതിവാണെന്ന് പല കളിക്കാരും പിന്നീട് വെളിപ്പെടുത്തി. സിറാജിന്റെ പരാതിയെത്തുടര്‍ന്ന് പ്രശ്നമുണ്ടാക്കിയ കാണികളെ ഗ്യാലറിയില്‍ നിന്ന് പുറത്താക്കിയ ശേഷമാണ് കളി തുടര്‍ന്നത്. ഓസ്ട്രേലിയന്‍ കളിക്കാര്‍ പലരും ഈ വിഷയത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂടെ നില്‍ക്കുകയും ചെയ്തു. എന്നാല്‍, ഓസ്ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്ത് ഇതിനിടെ കാണിച്ച ഒരു കുസൃതി മറ്റൊരു വിവാദത്തിനു കൂടി തിരി കൊളുത്തി. ഒരു ഘട്ടത്തില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിക്കുമെന്നു പോലും തോന്നിക്കുന്ന രീതിയില്‍ ഋഷഭ് പന്ത് ബാറ്റ് ചെയ്തുകൊണ്ടിരിക്കെ, ബാറ്റ്സ്മാന്‍ മാര്‍ക്ക് ചെയ്ത ഗാര്‍ഡ് സ്മിത്ത് മായ്ച്ചു കളഞ്ഞു എന്നായിരുന്നു ആരോപണം.

വിഷ്വലുകളില്‍ ഇതു വ്യക്തമായിരുന്നെങ്കിലും, സ്മിത്ത് അതു മനഃപൂര്‍വ ചെയ്തതല്ലെന്നാണ് ടീം മാനേജ്മെന്റ് പറയുന്നത്. ഓവറുകളുടെ ഇടവേളയില്‍ സ്മിത്ത് ക്രീസിലെത്തി ഷാഡോ പ്രാക്റ്റീസ് ചെയ്യുന്ന പതിവുണ്ട്. അതിനിടെ അറിയാതെ പറ്റിയതാണെന്നാണ് ക്യാപ്റ്റന്‍ ടിം പെയന്‍ നല്‍കിയ വിശദീകരണം. ആദ്യ ടെസ്റ്റിനു ശേഷം ഭാര്യയുടെ പ്രസവത്തിന് നാട്ടിലേക്കു മടങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സന്തോഷവാര്‍ത്തയും മാധ്യമങ്ങളില്‍ ഇടം പിടിച്ചു. കോഹ്ലിക്കും ബോളിവുഡ് നടിയായ ഭാര്യ അനുഷ്‌ക ശര്‍മയ്ക്കും പെണ്‍കുഞ്ഞാണ് ജനിച്ചത്. ഇരുവരുടെയും പേരുകള്‍ യോജിപ്പിച്ച് അന്‍വി ശര്‍മ കോഹ്ലി എന്ന് കുട്ടിക്ക് പേരുമിട്ടു.

ക്രിക്കറ്റിനും ഫുട്ബോളിനും പിന്നാലെ ബാഡ്മിന്റണ്‍ കോര്‍ട്ടുകളും കോവിഡ് അനന്തര കാലത്ത് സജീവമായിട്ടുണ്ട്. യോനക്സ് ഓപ്പണ്‍ സൂപ്പര്‍ 1000 ടൂര്‍ണമെന്റില്‍ സൈന നെവാള്‍, കെ. ശ്രീകാന്ത്, പി.വി. സിന്ധു, പി. കശ്യപ് തുടങ്ങിയ പ്രമുഖരെല്ലാം മത്സരിക്കാനെത്തിയിരുന്നു. ഇവിടെ കോവിഡ് പ്രോട്ടോകോള്‍ നടപ്പാക്കുന്നതില്‍ സംഘാടകര്‍ വരുത്തിയ വീഴ്ചകള്‍ വലിയ തോതില്‍ വിമര്‍ശനവിധേയവുമായി. നേരത്തെ കോവിഡ് മുക്തരായിരുന്ന സൈനയ്ക്കും കശ്യപിനും ഇവിടത്തെ പരിശോധനയില്‍ വീണ്ടും കോവിഡ് കണ്ടെത്തിയത് സംശയമുണര്‍ത്തി. വീണ്ടും പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവുമായി. മലയാളി താരം എച്ച്.എസ്. പ്രണോയിക്ക് കോവിഡ് ആദ്യം സ്ഥിരീകരിച്ചതും തെറ്റായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. എന്നാല്‍, നിരന്തരം മൂക്കില്‍ നിന്നു സ്രവമെടുത്ത് പരിശോധിക്കുന്നതും മറ്റും കളിക്കാര്‍ക്ക് അലോസരമുണ്ടാക്കുന്നുണ്ട്. മൂന്നു തവണ സാമ്പിള്‍ ശേഖരിച്ചതിനെത്തുടര്‍ന്ന് മൂക്കില്‍ നിന്നു രക്തസ്രാവമുണ്ടാകുന്നതിന്റെ ചിത്രം ശ്രീകാന്ത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഫുട്ബോള്‍ ലോകത്തുനിന്ന് കഴിഞ്ഞ ദിവസം കൗതുകകരമായൊരു വാര്‍ത്തയാണ് പുറത്തുവന്നത്. ജര്‍മന്‍ ഫുട്ബോള്‍ ലീഗില്‍ കളിക്കുന്ന താരങ്ങളുടെ ഹെയര്‍സ്റ്റൈലിനെക്കുറിച്ച് ജര്‍മന്‍ ഹെയര്‍ഡ്രസര്‍മാര്‍ പരാതി നല്‍കിയതായിരുന്നു ഇത്. ജര്‍മനിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഹെയര്‍ഡ്രസിങ് സലൂണുകള്‍ തുറക്കാനോ ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി മുടി വെട്ടാനോ അനുമതിയില്ല. എന്നിട്ടും ജര്‍മന്‍ ലീഗ് കളിക്കുന്ന മിക്ക താരങ്ങളും മുടി വെട്ടിയൊതുക്കി കളത്തിലിറങ്ങിയിരിക്കുന്നു എന്നാണ് ഹെയര്‍ഡ്രസര്‍മാര്‍ പരാതി നല്‍കിയത്. പ്രൊഫഷണലുകള്‍ക്ക് പ്രത്യേക ഉപകരണങ്ങള്‍ കൊണ്ടു മാത്രം സാധിക്കുന്ന തരത്തിലുള്ള ഹെയര്‍സ്‌റ്റൈലുകളാണ് താരങ്ങള്‍ക്കെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്യന്‍ ഫുട്ബോളില്‍ പതിവുപോലെ മെസ്സിയും ക്രിസ്റ്റിയാനോയും കഴിഞ്ഞയാഴ്ചയും വാര്‍ത്തകളില്‍ ഇടം പിടിച്ചു. ബാഴ്സലോണയുടെ അര്‍ജന്റൈന്‍ താരം ലയണല്‍ മെസി ഏറ്റവും കൂടുതല്‍ സെറ്റ്പീസ് ഗോളുകള്‍ നേടിയതിന്റെ റെക്കോഡാണ് സ്വന്തമാക്കിയത്. ക്രിസ്റ്റിയാനോയുടെ 47 ഗോളെന്ന റെക്കോഡ് മെസി മറികടന്ന സ്പാനിഷ് ലീഗ് മത്സരത്തില്‍ ഗ്രനാഡയെ ബാഴ്സ എതിരില്ലാത്ത നാലു ഗോളിനു കീഴടക്കി. അതേസമയം, ഇറ്റാലിയന്‍ ലീഗില്‍ ക്രിസ്റ്റ്യാനോ ഗോള്‍വേട്ട തുടരുകയാണ്. സാസുലോയെ ഒന്നിനെതിരേ മൂന്നു ഗോളിന് തോല്‍പ്പിച്ച മത്സരത്തില്‍ യുവന്റസിനു വേണ്ടി ഒരു ഗോള്‍ നേടിയത് ക്രിസ്റ്റിയാനോ ആയിരുന്നു. ഇതോടെ കരിയര്‍ ഗോള്‍ എണ്ണത്തില്‍ ചെക്കോസ്ലോവാക്യയുടെ മുന്‍താരം ജോസഫ് ബികാന്റെ റെക്കോഡിനൊപ്പമെത്തി റോണി. 749 ഗോളാണ് ഇപ്പോള്‍ ഇരുവരുടെയും പേരില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്. യൂറോപ്പിലെ പ്രമുഖ ലീഗുകളിലായി കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ പതിനഞ്ച് ഗോള്‍ വീതം നേടിയതിന്റെ റെക്കോഡും അദ്ദേഹം സ്വന്തമാക്കി. ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍ ലീഗുകളിലായാണ് നേട്ടം. കായികലോകത്തുനിന്നുള്ള കൂടുതല്‍ വാര്‍ത്തകളും വിശേഷങ്ങളുമായി വീണ്ടും അടുത്തയാഴ്ച  

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close