Breaking NewsCovid UpdatesKERALA

തിരിച്ചെത്തുന്ന പ്രവാസികളുടെ നിരീക്ഷണം; കേന്ദ്ര നിര്‍ദ്ദേശം കേരളത്തിന് വെല്ലുവിളി

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ നിരീക്ഷണത്തില്‍ ആക്കുന്ന കാര്യത്തില്‍, കേന്ദ്രനിര്‍ദ്ദേശം തന്നെ പാലിക്കേണ്ടി വരുന്നത് സംസ്ഥാനത്തിന് വലിയ വെല്ലുവിളിയാകും. ലക്ഷണങ്ങള്‍ ഇല്ലാത്തവരെ പ്രത്യേക കേന്ദ്രങ്ങളില്‍ തന്നെ ക്വാറന്റീന്‍ ചെയ്യാനാണ് കേന്ദ്ര നിര്‍ദേശം. വീടുകളില്‍ പരമാവധി ക്വാറന്റീന്‍ ഒരുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി. ഇക്കാര്യത്തിലെ പ്രായോഗിക വെല്ലുവിളികള്‍ സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചേക്കും. വിമാനത്താവളത്തില്‍ എത്തുന്ന ലക്ഷണങ്ങള്‍ ഇല്ലാത്തവരെ 14 ദിവസത്തേക്ക് പരമാവധി വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനാണ് സംസ്ഥാനം കണക്കാക്കിയിരുന്നത്. മേല്‍നോട്ടം വാര്‍ഡ് തല സമിതികള്‍ വഹിക്കും. ലക്ഷണമുള്ളവരും, പിന്നീട് ലക്ഷണം രൂപപ്പെടുന്നവരെയും ആശുപത്രിയിലേക്ക് മറ്റും.

എന്നാല്‍ സ്‌ക്രീനിങ്ങില്‍ ലക്ഷണം ഇല്ലാത്തവരും പണം മുടക്കി പ്രത്യേക കേന്ദ്രങ്ങളില്‍ തന്നെ സ്വയം ക്വാറന്റീന്‍ ചെയ്യണം എന്ന കേന്ദ്ര നിര്‍ദേശം വലിയ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. മാസങ്ങളോളം ആശങ്കയില്‍ കഴിഞ്ഞ പ്രവാസികളെ തിരിച്ചെത്തിയ ശേഷവും ഇത്തരം കേന്ദ്രങ്ങളില്‍ തളച്ചിടാനാകില്ല. എല്ലാവരും ഒരുമിച്ചു കഴിയുന്നത് രോഗം പകരാന്‍ ഇടയാക്കും. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ലോഡ്ജുകള്‍ അടക്കം പണം മുടക്കി സ്വയം ക്വറന്റീന്‍ ചെയ്യുമ്പോള്‍ നേരിടുന്ന മറ്റു വെല്ലുവിളികളും ഉണ്ട്.

രോഗ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ റൂം സര്‍വീസ് അടക്കം മറ്റ് സേവനങ്ങള്‍ക്കും, പ്രായോഗിക തടസം നേരിടുമെന്നാണ് മുന്‍കൂട്ടി കാണുന്നത്. സംസ്ഥാനത്തു തയാറാക്കിയ രീതിയില്‍ തന്നെ മുന്നോട്ടു പോകാനാണ് ശ്രമിക്കുക. വീടുകളില്‍ നിരീക്ഷണത്തില്‍ ആക്കുമ്പോഴും വെല്ലുവിളികള്‍ പൂര്‍ണമായി ഒഴിയുന്നില്ല. ഈ ഘട്ടത്തില്‍ കൂടാന്‍ ഇടയുള്ള കേസുകള്‍ തന്നെയാണ് പ്രധാന ആശങ്ക. 14 ദിവസമാണ് നിരീക്ഷണ കാലാവധി. 28 ദിവസം നിരീക്ഷണം കഴിഞ്ഞും പൊസിറ്റിവ് ആയ കേസുകള്‍ ഉണ്ടെന്നിരിക്കെ നിരീക്ഷണ കാലാവധി സ്മാബന്ധിച്ച ആശങ്കകളും നീക്കണം. അതേസമയം കേന്ദ്ര നിര്‍ദേശം തന്നെ പാലിക്കേണ്ടി വന്നാലും നിലവില്‍ തിരിച്ചെത്തുന്നവര്‍ക്ക് സൗകര്യങ്ങള്‍ സജ്ജമാണ്. 2,94,125 കിടക്കകള്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളുകള്‍, സ്റ്റേഡിയങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയിലെ സ്ഥലം കൂട്ടാതെയാണിത്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ആയി 8062 ഐ.സി.യു കിടക്കകള്‍ തയാറായി. 2302 വെന്റിലേറ്ററുകള്‍ സജ്ജീകരിച്ചു. കൂടുതല്‍ വെന്റിലേറ്ററുകള്‍ ഉടനെ എത്തും.

Tags
Show More

Related Articles

Back to top button
Close