KERALATop News

തിരുവനന്തപുരം വിമാനത്താവളം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയിലേക്ക്

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിനായി വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേന്ദ്രത്തിന്റെ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്യും. കേസ് നിലനില്‍ക്കെ അദാനിയ്ക്ക് അനുകൂലമായി തീരുമാനമെടുത്തത് നിയമവിരുദ്ധമാണെന്ന നിലപാടായിരിക്കും കോടതിയില്‍ ഉന്നയിക്കുക. കേരളത്തിന്റെ തുടര്‍ച്ചയായ അഭ്യര്‍ഥനകള്‍ അവഗണിച്ചാണ് കേന്ദ്ര മന്ത്രിസഭ ഇതുസംബന്ധിച്ച തീരുമാനം എടുത്തതെന്ന് കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകപക്ഷീയമായ തീരുമാനം നടപ്പാക്കുന്നതുമായി സഹകരിക്കാന്‍ സംസ്ഥാനത്തിന് ബുദ്ധിമുട്ടാണെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിനെതിരെ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളിയെങ്കിലും കേസ് തുടരാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്.പൊതു സ്വകാര്യ പങ്കാളിത്തം പരിഗണിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തെ ഒഴിവാക്കണമെന്ന് സംസ്ഥാനം അഭ്യര്‍ഥിച്ചിരുന്നു. വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാന സര്‍ക്കാര്‍ പ്രധാന ഓഹരി ഉടമയായ സംവിധാനത്തിന് കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര സര്‍ക്കാരും വ്യോമയാന മന്ത്രാലയവും 2003 ല്‍ കേരളത്തിന് നല്‍കിയ ഉറപ്പിന് വിരുദ്ധമാണ് തീരുമാനം. പ്രധാനമന്ത്രി മോദിയുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ചയിലും ഈ വിഷയത്തില്‍ തനിക്ക് ഉറപ്പുകള്‍ നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ടെന്‍ഡറിന് അനുസരിച്ചുളള നടപടികള്‍ നിയമപരമായി കൈക്കൊളളുകയായിരുന്നുവെന്ന് കേന്ദ്രം വാദിക്കുമ്പോള്‍ തീരുമാനം നിയമവിരുദ്ധമെന്നാണ് സര്‍ക്കാര്‍ നിലപാട്. രാജ്യാന്തര ടെര്‍മിനലിന്റെ നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 23.57 ഏക്കര്‍ സ്ഥലമാണ് എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് സൗജന്യമായി കൈമാറിയത്. ഭൂമിയുടെ വില ഓഹരിമൂല്യമായി സംസ്ഥാന സര്‍ക്കാരിന് ലഭിക്കുമെന്ന വ്യവസ്ഥയിലായിരുന്നു ഇത്.സംസ്ഥാനം മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനമെടുത്ത സാഹചര്യത്തില്‍ ഇതുസംബന്ധിച്ച നടപടികളുമായി സഹകരിക്കാന്‍ സംസ്ഥാനത്തിന് ബുദ്ധിമുട്ടാണ്. അതിനാല്‍ പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം, സ്വകാര്യവല്‍ക്കരണ നീക്കത്തിനെതിരെ ഒന്നരവര്‍ഷത്തോളം സമരം ചെയ്ത വിമാനത്താവള ജീവനക്കാര്‍ പ്രതിക്ഷേധം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ്.

Tags
Show More

Related Articles

Back to top button
Close