Election 2021KERALANEWSTop News

തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ബിജെപിയെ കാത്തിരിക്കുന്നത് അട്ടിമറി വിജയമോ; സിറ്റിം​ഗ് എംഎൽഎയെ മൂന്നാം സ്ഥാനത്താക്കി കൃഷ്ണകുമാർ മുന്നേറുമെന്ന് സർവെ ഫലം; താരം വോട്ട് തേടുന്നത് നരേന്ദ്രമോദിക്ക്

തിരുവനന്തപുരം: നടൻ കൃഷ്ണകുമാർ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ വിജയിക്കുമെന്ന പ്രീ പോൾ സർവേ ഫലങ്ങൾ വന്നതിന് പിന്നാലെ പ്രചാരണം കൂടുതൽ ശക്തമാക്കി ബിജെപി. താഴേ തട്ട് മുതൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ട്രെൻഡ് നിലനിർത്താനാണ് എൻഡിഎ നേതൃത്വം ശ്രമിക്കുന്നത്. ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ വിജയിക്കുമെന്നാണ് 24 ന്യൂസ് മെഗാ പ്രീ പോൾ സർവേ ഫലം വ്യക്തമാക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ആന്റണി രാജുവിനേക്കാൾ രണ്ട് ശതമാനം വോട്ട് അധികം ലഭിച്ചായിരിക്കും കൃഷ്ണകുമാർ വിജയിക്കുകയെന്നാണ് പ്രവചനം. യു.ഡി.എഫിന്റെ വി എസ് ശിവകുമാർ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പ്രവചനം പറയുന്നു. ഇതോടെ തലസ്ഥാന ജില്ലയിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിലേക്ക് തിരുവനന്തപുരം സെൻട്രലും എത്തുകയാണ്.

ഇക്കുറി വോട്ട് ചെയ്യേണ്ടത് നരേന്ദ്ര മോദിക്കെന്ന പ്രചാരണമാണ് ബിജെപി സ്ഥാനാർത്ഥി നടൻ കൃഷ്ണകുമാർ നടത്തുന്നത്. വോട്ട് ചെയ്യേണ്ടത് കൃഷ്ണകുമാറിനോ, സുരേഷ് ഗോപിക്കോ സുരേന്ദ്രനോ ശോഭയ്ക്കോ അല്ലെന്നും നടൻ പറഞ്ഞു. മോദി സംരക്ഷിച്ചില്ലെങ്കിൽ നമ്മുടെ നാട് തീരും. നമ്മൾ എല്ലാവരും അദ്ദേഹത്തെ പ്രതിനിധാനം ചെയ്യുകയാണ്. നമുക്ക് അദ്ദേഹത്തെ സംരക്ഷിക്കണം, കൃഷ്ണകുമാർ പറഞ്ഞു.

നടൻ കൃഷ്ണകുമാർ പ്രേക്ഷകർക്ക് സുപരിചിതനാണെങ്കിലും അധികമാർക്കും അറിയാത്ത ഒരു ഭൂതകാലം അദ്ദേഹത്തിനുണ്ട്. സിനിമയിൽ എത്തുന്നത് മുൻപ് ഓട്ടോ ഓടിച്ച് ജീവിച്ച ഒരു കാലം അദ്ദേഹത്തിനുണ്ടായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു ജീവിതത്തിൽ അത്തരത്തിലൊരു പ്രതിസന്ധി നടനേയും കുടുംബത്തോയും തേടി എത്തിയത്. കൊച്ചി അമ്പലമേട്ടിലെ എഫ്.എ.സി.ടിയിൽ നിന്ന് അച്ഛൻ ഗോപാലകൃഷ്ണൻനായർ വിരമിച്ചപ്പോൾ കിട്ടിയ പണം രണ്ട് സ്വകാര്യ ബാങ്കുകളിൽ നിക്ഷേപിച്ചു. പലിശ കൂടുതൽ വാഗ്ദാനം ചെയ്തിരുന്ന ആ ബാങ്കുകൾ ഒന്ന് തമിഴ്‌നാട്ടിലും മറ്റേത് കേരളത്തിലും. പണം നിക്ഷേപിച്ച് രണ്ടാഴ്ച കഴിയും മുമ്പേ രണ്ട് ബാങ്കും പൊട്ടി. തിരുവനന്തപുരത്തായിരുന്നു അന്നും താമസിച്ചിരുന്നത്.

ജീവിക്കാൻ മാർഗമില്ലാതായപ്പോൾ അദ്ദേഹം മറ്റൊരു ബാങ്കിൽ നിന്ന് വായ്പയെടുത്ത് ഒരു ഓട്ടോറിക്ഷ വാങ്ങി. അത് ഓടിച്ചായി പിന്നീടുള്ള ജീവിതം. കൃഷ്ണകുമാർ അന്ന് കോളേജിൽ പഠിക്കുകയാണ്. അച്ഛനെ സഹായിക്കാൻ ഓട്ടോയും കൊണ്ട് അദ്ദേഹവും റോഡിലിറങ്ങി. രാത്രിയിലും ഒഴിവ് ദിവസങ്ങളിലുമെല്ലാം ഓട്ടോ ഓടിച്ചു. തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോ ഓടിക്കുമ്പോൾ അഭിമാനമായിരുന്നു ഉള്ളിൽലെന്ന് താരം വെളിപ്പെടുത്തിയിരുന്നു. പിന്നീട് ദൂരദർശനിൽ അനൗൺസറായിട്ട് പിന്നീട് ജോലി ലഭിച്ചു. പിന്നെ ന്യൂസ് റീഡറായി. സിനിമയിൽ അവസരങ്ങൾ ലഭിച്ചതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു.

2011ലും 2016ലും തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലം പിടിച്ച വിഎസ് ശിവകുമാറിന് ഇക്കുറി കാര്യങ്ങൾ എളുപ്പമായേക്കില്ല. എൽഡിഎഫും ബിജെപിയും ശിവകുമാറിന് ഇക്കുറി മണ്ഡലത്തിൽ കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. 2011ൽ തിരുവനന്തപുരം വെസ്റ്റ് മണ്ഡലം പുനസംഘടിപ്പിച്ചതോടെ നിലവിൽ വന്ന തിരുവനന്തപുരം സെൻട്രൽ കഴിഞ്ഞ തവണയായി യുഡിഎഫിന്റെ പക്കലാണ്. 2016ൽ എൽഡിഎഫിൽ നിന്ന് ആന്റണി രാജുവും ബിജെപിയിൽ നിന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്തും ആയിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. 46474 വോട്ടുകൾ നേടിയ ശിവകുമാർ 10905 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽ നിന്ന് ജയിച്ച് കയറിയത്.

എ സമ്പത്ത്, ടിഎൻ സീമ അടക്കമുളള സിപിഎം നേതാക്കളുടെ പേരാണ് മണ്ഡലത്തിലേക്ക് ഉയർന്ന് കേട്ടത്. എന്നാൽ സീറ്റ് ഇക്കുറിയും ജനാധിപത്യ കേരള കോൺഗ്രസിന് തന്നെ നൽകാൻ സിപിഎം തീരുമാനിക്കുകയായിരുന്നു. മണ്ഡലം തിരുവനന്തപുരം വെസ്റ്റ് ആയിരുന്ന 1996ൽ ആന്റണി രാജു കേരള കോൺഗ്രസ് ജെ സ്ഥാനാർത്ഥിയായി ഇവിടെ മത്സരിച്ച് വിജയിച്ചിരുന്നു. 2016ൽ ബിജെപി ശക്തമായ പ്രകടനം ആണ് തിരുവനന്തപുരം സെൻട്രൽ സീറ്റിൽ കാഴ്ച വെച്ചത്. ബിജെപി സ്ഥാനാർത്ഥിയായ എസ് ശ്രീശാന്ത് മൂന്നാമതാണ് എത്തിയത് എങ്കിലും രണ്ടാമതായി എത്തിയ ആന്റണി രാജുവുമായുളള വോട്ട് വ്യത്യാസം 805 വോട്ടുകൾ മാത്രമായിരുന്നു. ആന്റണി രാജുവിന് 35569 വോട്ടുകൾ ലഭിച്ചപ്പോൾ ശ്രീശാന്തിന് 34764 വോട്ടുകൾ നേടാനായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close