INSIGHTTop News

തിരുവനന്തപുരത്തിന്റെ അന്തകനാകുന്ന വിഴിഞ്ഞം തുറമുഖം

കെ.വി.രവിശങ്കര്‍
പത്രാധിപര്‍, ഫോട്ടോഗ്രാഫര്‍, ടൂറിസം/പരിസ്ഥിതി വിദഗ്ധന്‍

തിരുവനന്തപുരം നഗരത്തിന്റെയും നഗരവാസികളുടെയും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചില സ്വകാര്യ അഹങ്കാരങ്ങളാണ് ശംഖുമുഖം കടപ്പുറവും, കല്‍മണ്ഡപവും, ആറാട്ട് കൊട്ടാരവും ദേവി ക്ഷേത്രവും പതിറ്റാണ്ടുകളായി തലസ്ഥാനത്തിന്റെ പ്രൗഢിയായി നിലകൊണ്ടിരുന്ന തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഡൊമസ്റ്റിക് ടെര്‍മിനലും എല്ലാം. ആ തീരം ശ്രീ പദ്മനാഭന്റെ മണ്ണിന്റെ ചരിത്രവും, ആചാരങ്ങളുമൊക്കെയായി അഭേദ്യമായി കെട്ടു പിണഞ്ഞു കിടക്കുന്നത് കൂടിയാണ്.
എന്നാല്‍ കഴിഞ്ഞ നാലോ അഞ്ചോ വര്ഷം കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ ബീച്ചുകളില്‍ ഒന്നായിരുന്ന ശംഖുമുഖം ബീച്ച് ഈ മാസം എന്നന്നേക്കുമായി ഇല്ലാതായിരിക്കുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ബഹുഭൂരിപക്ഷം തലസ്ഥാന വാസികളും കേട്ടത്. എന്നാല്‍ അതിലേറെ ദയനീയമായ കണ്ണീര്‍ കാഴ്ചകളാണ് തീരത്തെ മല്‍സ്യ തൊഴിലാളി കുടുംബങ്ങളില്‍ നിന്നും കണ്ടതും കേട്ടതും.

നോക്കി നില്‍ക്കെ കടലെടുത്തു കൊണ്ടു പോകുന്ന വീടുകളുടെ കാഴ്ചകള്‍ ആരെയും സങ്കടപ്പെടുത്തും.
തിരുവനന്തപുരം ശംഖുമുഖം ബീച്ചിന്റെയും എയര്‍പോര്‍ട്ടിലേക്കുള്ള മെയിന്‍ റോഡിന്റെയും ഇന്നത്തെ അവസ്ഥയാണ് ചിത്രങ്ങളില്‍ നാം കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ കണ്ടതും ചര്‍ച്ച ചെയ്യപ്പെട്ടതും.
പതിറ്റാണ്ടുകളായി തിരുവനന്തപുരം നഗരത്തില്‍ നിന്നും അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന മെയിന്‍ റോഡ് മുഴുവനായും കടലെടുത്തു. കഴിഞ്ഞ വര്‍ഷം നാല് വരി റോഡിന്റെ പകുതി കടല്‍ ക്ഷോഭത്തില്‍ തകര്‍ന്നിരുന്നു. അതിന് ശേഷം ഒറ്റ വരിയില്‍ നിയന്ത്രിച്ചായിരുന്നു ഗതാഗതം. ടൂറിസം വകുപ്പ് കോടികള്‍ ചിലവഴിച്ചു കഴിഞ്ഞ വര്ഷം മാത്രം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശംഖുമുഖം ബീച്ചിന്റെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി കെട്ടിയ കല്‍പടവുകളമെല്ലാം കടലെടുത്തു.

തിരുവനന്തപുരം ജില്ലയിലെ വലിയതുറ മുതല്‍ തെക്ക് കോവളം ബീച്ച് വരെയുള്ള കടല്‍ത്തീരം കഴിഞ്ഞ അഞ്ച് വര്‍ഷം മുന്‍പ് വരെ വലിയ തോതില്‍ കടലാക്രമണ ഭീഷണി നേരിട്ടിരുന്നു. അപ്പോഴും ശംഖുമുഖം ബീച്ചില്‍ ഇത്രമാത്രം ആഘാതം ഉണ്ടായിരുന്നില്ല. അതിന്റെ കാരണം 1960 കളില്‍ പണി തീര്‍ത്ത നിലവിലെ വിഴിഞ്ഞം ഫിഷിങ് ഹാര്‍ബര്‍ നിര്‍മ്മാണത്തിനായി പണിത 400 മീറ്റര്‍ നീളത്തിലുള്ള ബ്രേക്ക് വാട്ടര്‍ സംവിധാനത്തിന്റെ ഭിത്തികളായിരുന്നു. അത് വളരെ ചെറിയ ഒരു കടല്‍ ഭിത്തിയായിരുന്നു. അതിന്റെ ആഘാതം വടക്കോട്ടുള്ള കടല്‍ തീരത്തെ ബാധിക്കാന്‍ ഏകദേശം 30 വര്‍ഷങ്ങള്‍ എടുത്തു.

കേരളത്തിന്റെ തീരത്ത് അറബിക്കടലിന്റെ ഒഴുക്ക് വടക്ക് നിന്നും തെക്കോട്ടാണ്. വര്‍ഷകാലത്തു പ്രക്ഷുബ്ധമായ കടല്‍ തിരകള്‍ തീരത്തെ മണല്‍ വലിച്ചെടുക്കും കുറെയേറെ മണ്ണ് തെക്ക് ഭാഗത്തെ പാറക്കെട്ടുകളിലും കടലിന്റെ അടിത്തട്ടിലും ഒക്കെ ആയി ഇവ നിക്ഷേപിക്കും. എന്നാല്‍ മണ്‍സൂണ്‍ ഒന്നടങ്ങുന്ന സമയത്ത് തിരകള്‍ തന്നെ അവയെ പഴയ സ്ഥലത്ത് നിക്ഷേപിക്കുന്ന രീതിയായിരുന്നു പ്രകൃതി നിലനിര്‍ത്തിയിരുന്നത്. സ്വാഭാവികമായ ഈ പ്രക്രിയ അനുസ്യൂതം തുടരണമെങ്കില്‍ കടല്‍ തീരം സ്വാഭാവികമായിരിക്കണം. എവിടെ എങ്കിലും ചെറിയ മത്സ്യ ബന്ധന തുറമുഖങ്ങളോ, കടല്‍ ഭിത്തികളോ നിര്‍മ്മിച്ചു കഴിഞ്ഞാല്‍ തിരകള്‍ തീരത്ത് വന്നിടിച്ചു സ്വാഭാവിക രീതിയില്‍ ശക്തി കുറയുന്ന പതിവിന് ഭംഗം വരും. അങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ ഈ ശക്തമായ നിര്‍മ്മിതികളില്‍ വന്നിടിക്കുന്ന തിരകള്‍ പിറകിലേക്ക് പിന്‍വലിയുന്ന തിരകള്‍ പിറകിലെ തിരകളില്‍ അടിച്ചു ശക്തമായ രീതിയില്‍ തെക്ക് ഭാഗത്തെ സ്വാഭാവികതീരം ലക്ഷ്യമാക്കി നീങ്ങും. ഈ ശക്തമായ പ്രതിഭാസം കാരണം ഏതൊരു നിര്‍മ്മിതിയുടെയും വടക്ക് ഭാഗത്തുള്ള തീരത്തുള്ള മണല്‍ വലിച്ചെടുക്കും. അത് നിര്‍മ്മിതിയുടെ തെക്കുഭാഗത്തായി നിക്ഷേപിക്കും. ഒരു കാലത്ത് പൂന്തുറ, വലിയതുറ, പനത്തുറ ഭാഗങ്ങളില്‍ തീരത്തുണ്ടായിരുന്ന മനോഹരമായ ബീച്ചുകളിലെ മണല്‍ കടലെടുത്തു വിഴിഞ്ഞം ഫിഷിങ് ഹാര്ബറിന്റെ തെക്ക് ഭാഗത്തായി നിക്ഷേപിച്ചതിന്റെ ഫലമായി ഉണ്ടായ വലിയ ബീച്ച് ആണ് മുല്ലൂര്‍, ചൊവ്വര, അടിമലത്തുറ ബീച്ചുകള്‍.

വിഴിഞ്ഞം ഫിഷിങ് ഹാര്‍ബര്‍ നിര്‍മ്മാണം പൂര്‍ത്തിയായി അധികം താമസിയാതെ പൂന്തുറക്ക് തെക്കുള്ള പനത്തുറ എന്ന മല്‍സ്യ തൊഴിലാളി ഗ്രാമത്തിലെ ബീച്ചുകളില്‍ നിന്നും മണല്‍ എടുത്തു തെക്ക് ഭാഗത്ത് നിക്ഷേപിക്കാന്‍ തുടങ്ങിയതോടെ, അവിടെ തീരത്തായി സ്ഥിതി ചെയ്തിരുന്ന സുബ്രഹ്മണ്യ ക്ഷേത്രം, നിരന്തരമുള്ള കടലാക്രമണത്തില്‍ ഫലമായി ഏകദേശം രണ്ട് കിലോമീറ്റര് അകത്തേക്ക് മാറ്റി, മൂന്നു തവണ പുനഃപ്രതിഷ്ഠ നടത്തിയത്, ആ മേഖലയില്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. കാലക്രമേണ കോവളം മുതല്‍ വലിയ തുറ വരെയുള്ള തീരത്തെ ആയിരകണക്കിന് കുടുംബങ്ങളുടെ വീടുകളും വള്ളങ്ങളും ആണ് കടലാക്രമണത്തില്‍ ഇല്ലാതായത്. ആ തീരങ്ങളിലെ ബീച്ച് മുഴുവന്‍ അപ്രത്യക്ഷമായി.
ഇതറിയാവുന്ന മല്‍സ്യ തൊഴിലാളി സംഘടനകളൂം തീരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സംഘടനകളും ലത്തീന്‍ അതിരൂപതയും എല്ലാം വിഴിഞ്ഞം പോര്‍ട്ട് പദ്ധതി, ആസൂത്രണം ചെയ്യുന്ന ഘട്ടത്തില്‍ തന്നെ, പദ്ധതി വന്നാല്‍ തെക്കന്‍ കേരളത്തിന്റെ കടല്‍ത്തീരം മുഴുവന്‍ ഭാവിയില്‍ കടലെടുക്കും എന്ന് പറഞ്ഞത് അവരുടെ കടലറിവിന്റെ വെളിച്ചത്തിലാണ്.
വിഴിഞ്ഞം പോര്‍ട്ട് പദ്ധതി വന്നാല്‍ ഇതൊക്കെ സംഭവിക്കും എന്ന് ഞാനടക്കമുള്ളവര്‍
15 വര്‍ഷം മുന്‍പ് പറഞ്ഞപ്പോള്‍ ഞങ്ങളെയൊക്കെ, എല്ലാവരും ചേര്‍ന്ന് വികസന വിരുദ്ധരാക്കിയും രാജ്യദ്രോഹികളാക്കിയും ചിത്രീകരിച്ചു.

ഏറ്റവും ഒടുവില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത് വിശദമായ പഠനങ്ങള്‍ക്ക് ശേഷം വിഴിഞ്ഞം പദ്ധതി കാരണം തിരുവനന്തപുരം ജില്ലയിലെ തീരത്തിനും തീരവാസികള്‍ക്കും വലിയ നാശം സംഭവിക്കും എന്ന് പറഞ്ഞു
വിഴിഞ്ഞം പദ്ധതിയെ എതിര്‍ക്കുന്നവര്‍ എന്നും ചൂണ്ടി കാണിച്ചിട്ടുള്ള ഏറ്റവും വലിയ ഭവിഷ്യത്തുകളില്‍ പ്രധാനം പദ്ധതി നടപ്പില്‍ വരുമ്പോള്‍ കേരളത്തിന്റെ തെക്കന്‍ കടല്‍ തീരത്തുണ്ടാകുന്ന വന്‍ പാരിസ്ഥിതിക നാശമാണ്. ഇതില്‍ മത്സ്യ സമ്പത്തിന്റെ നാശവും ഉള്‍പ്പെടും. ഭാവിയില്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ കേരളം ഇത് വരെ കാണാത്ത തരത്തിലുള്ളതാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കാരണം ഇത് ഒരേ സമയം കടലിനെയും, കേരളത്തിലെ മലനിരകളെയും, നദികളെയും ബാധിക്കും എന്നുള്ളത് കൊണ്ടാണ്, അങ്ങനെ പറയുന്നത്.
നാളെ: അദാനി തുറമുഖം പണി തുടങ്ങിയ ശേഷം?

Tags
Show More

Related Articles

Back to top button
Close