Breaking NewsKERALANEWSTrending

തിരുവനന്തപുരത്ത് സിപിഐയിലേക്ക് ആളൊഴുക്ക്; ഇന്നലെ മാത്രം പാർട്ടി അം​ഗത്വം സ്വീകരിച്ചത് നാൽപ്പതോളം പേർ; കൊഴിഞ്ഞുപോക്ക് തടയാനാകാതെ സിപിഎം

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ സിപിഐയിലേക്ക് ആളൊഴുക്ക്. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട്ടിൽ നാൽപ്പതോളം സിപിഎം പ്രവർത്തകരാണ് സിപിഐയിൽ ചേർന്നത്. സിപിഎം വെഞ്ഞാരമൂട് ഏരിയ കമ്മിറ്റി അം​ഗം ഡി സുനിലിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ സിപിഐയിലേക്ക് എത്തിയത്. നെല്ലനാട് പഞ്ചായത്തിലെ മൂന്ന് പഞ്ചായത്ത് അം​ഗങ്ങൾ ഉൾപ്പെടെ സിപിഐയുമായി സഹകരിച്ചാണ് നിലവിൽ പ്രവർത്തിക്കുന്നത്.

നെല്ലനാട് പഞ്ചായത്തിലാണ് സിപിഎം വലിയ പ്രതിസന്ധി നേരിടുന്നത്. 40-ഓളം പേരാണ് ഇന്നലെ സി പി ഐ യിൽ ചേർന്നത്. മുന്‍ ഏരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ. മുന്‍ പ്രസിഡന്റും പോഷക സംഘടനാ അംഗത്വമുള്ളവരും അനുഭാവികളും പാര്‍ട്ടി വിട്ടവരില്‍ പെടും. സിപിഎം. വെഞ്ഞാറമൂട് ഏരിയാ കമ്മിറ്റി അംഗമായിരുന്ന ഡി. സുനിലിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയതോടെ ഉടലെടുത്ത പടലപ്പിണക്കങ്ങളാണ് കൂട്ടക്കൊഴിച്ചിലേക്ക് കാര്യങ്ങളെത്തിച്ചത്. രാജേഷ്, ഷാനി, ഷഫീക്ക്, രാഹുല്‍, ഗോപു, ഷൈജു, വിശാഖ്, അനീഷ്, രാജീവ്, മോനിഷ്, ശശിധരന്‍ നായര്‍, എസ്.എസ്.വിമല്‍, എസ്.എസ്. സംഗീത്, ബോവന്‍, ജസീം, കൃഷ്ണദാസ്, ഡി.സുനില്‍, സുല്‍ഫിക്കര്‍, സഞ്ജയന്‍, താഹ, നസീം, നിസാം, ഗിരി, നൗഷാദ്, റാഷിദ്, നസീര്‍, അഫ്‌സല്‍, റിയാസ്, സുധീഷ്, പ്രദീപ്, ദിലീപ്, ദില്‍ഷാദ്, സജു കുമാര്‍, ഷിനില്‍ മണി, അഖില്‍, വിഷ്ണു, ബൈജു എന്നിരാണ് പുതിതായി സിപിഐ യില്‍ ചേര്‍ന്നത്.

സുനിലിനെ അടുത്തിടെ സിപിഎം തരംതാഴ്ത്തിയിരുന്നു. പത്തുവര്‍ഷത്തിലേറെയായി സിപിഎം- സിപിഐ തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശമാണ് വെഞ്ഞാറമൂട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും പ്രത്യേകം മത്സരിക്കാന്‍ ഇരുപാര്‍ട്ടികളും തീരുമാനമെടുത്തിരുന്നു. പിന്നീട് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചതും മുന്നണിയായി മത്സരിച്ചതും. പാര്‍ട്ടിയെ അറിയിക്കാതെ കശ്മീര്‍ യാത്ര നടത്തിയെന്ന് ആരോപിച്ചാണ് സുനിലിനെ സി പി എം തരംതാഴ്ത്തിയത്. ഡിവൈഎഫ്ഐ നേതാവ് സംഗീത് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരാണ് സിപിഎം വിട്ടത്.

പാര്‍ട്ടിയിലെത്തിയവരെ സിപിഐ. സംസ്ഥാന കൗണ്‍സില്‍ അംഗം വി.പി.ഉണ്ണിക്കൃഷ്ണന്‍ പാര്‍ട്ടി പതാക നൽകി സ്വീകരിച്ചു. യോഗത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി എ.എം. റൈസ് അദ്ധ്യക്ഷനായിരുന്നു. സിപിഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചല്‍ വിജയന്‍, ജില്ലാ നിര്‍വ്വാഹക സമിതി അംഗം പി.എസ്. ഷൗക്കത്ത്, എ.വൈ.എഫ്.ഐ. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ആര്‍.എസ്.ജയന്‍, ഡി.സുനില്‍, സംഗീത്, വിമല്‍ എന്നിവര്‍ സംസാരിച്ചു.

ഇപ്പോഴത്തെ സിപിഐ വെഞ്ഞാറമ്മൂട് മണ്ഡലം കമ്മിറ്റി സെക്രട്ടറി എ.എം റെയ്‌സിന്റെ നേതൃത്വത്തില്‍ 2011-ല്‍ നൂറുകണക്കിന് സിപിഎമ്മുകാര്‍ സിപിഐയില്‍ എത്തിയിരുന്നു. അതോടെയാണ് പ്രദേശത്ത് സിപിഎം- സിപിഐ തര്‍ക്കം രൂക്ഷമാകുന്നത്. സിപിഎമ്മിൻ്റെ നിയന്ത്രണത്തിലായിരുന്ന വെഞ്ഞാറമ്മൂട് സഹകരണ ബാങ്കും പിന്നീട് സി പി ഐ പിടിച്ചെടുത്തു. നേരത്തേ വെഞ്ഞാറമൂട് സർവീസ് സഹകരണ സംഘത്തിൽ സിപിഐക്ക് കേവലം ഒരം​ഗം മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഡയറക്ടർ ബോർഡിൽ 10 അം​ഗങ്ങളുണ്ട്. സിപിഎമ്മിനാകട്ടെ വെറും മൂന്ന് അം​ഗങ്ങളും. റെസ് സിപിഐ നേതൃത്വത്തിൽ എത്തിയതിന് പിന്നാലെ നൂറുകണക്കിന് സിപിഎം പ്രവർത്തകർ സിപിഐയിലേക്ക് എത്തുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close