KERALANEWSTop News

തീപ്പിടുത്തമുണ്ടായ പ്ലാസ്റ്റിക് സംഭരണ യൂണിറ്റ് പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെ, അപകട കാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍

കോഴിക്കോട്: ചെറുവണ്ണൂരില്‍ തീപ്പിടുത്തമുണ്ടായ പ്ലാസ്റ്റിക് സംഭരണ യൂണിറ്റ് പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെയാണെന്ന് വിവരം. യൂണിറ്റിന് ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് കോഴിക്കോട് കോര്‍പറേഷന്‍ വ്യക്തമാക്കി. നിറവ് എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലായിരുന്നു ഇവിടെ പ്ലാസ്റ്റിക് മാലിന്യം സംഭരിച്ചത്. വീടുകളില്‍ നിന്ന് പണം ഈടാക്കി സംഭരിച്ച പ്ലാസ്റ്റിക് മാലിന്യമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.അപകട കാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് ജില്ലാ കളക്ടര്‍ ഇക്കാര്യം പരിശോധിക്കും. ഫയര്‍ഫോഴ്‌സിന്റെ സമയോചിത ഇടപെടല്‍ അപകടത്തിന്റെ വ്യാപ്തി കുറച്ചു. കോഴിക്കോട്ടെ പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റിന്റെ പ്രവര്‍ത്തനത്തില്‍ അപാകത ഉണ്ടായോ എന്ന് പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ സംബശിവ റാവുവും പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളെ യൂണിറ്റിനുള്ളില്‍ താമസിപ്പിച്ചതിനെ കുറിച്ചും അന്വേഷിക്കും.കോഴിക്കോട് ചെറുവണ്ണൂരില്‍ അമാന ടൊയോട്ട ഷോറൂമിന് സമീപമാണ് വന്‍ തീപിടുത്തം ഉണ്ടായത്. മീഞ്ചന്ത, ബീച്ച് എന്നിവിടങ്ങളിലെ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ക്ക് പിന്നാലെ ജില്ലയിലെ 20 യൂണിറ്റുകള്‍ കൂടി എത്തി തീ അണക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത് എന്നാണ് വിവരം. തൊട്ടടുത്ത് വീടുകളൊന്നുമുള്ള മേഖലയല്ല ചെറുവണ്ണൂര്‍ എന്നത് ആശ്വാസമാണ്. വ്യാവസായിക മേഖലയാണ് ഇവിടം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.വാഹനഷോറൂമുകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം നടത്തുകയാണ് ഫയര്‍ഫോഴ്‌സ്. അമാന ടൊയോട്ട ഷോറൂമിന്റെ പിന്‍ഭാഗത്ത് ഇപ്പോഴും തീ ആളിക്കത്തുന്നുണ്ട്. യൂണിറ്റുകളില്‍ വീണ്ടും വെള്ളം നിറക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കോഴിക്കോട് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒഴിഞ്ഞ ഫയര്‍ എഞ്ചിനുകള്‍ വെള്ളം നിറക്കാന്‍ ആശ്രയിക്കുന്നത് ഒന്‍പത് കിലോമീറ്റര്‍ അകലെയുള്ള മാനാഞ്ചിറയെയാണ്. മലപ്പുറത്ത് നിന്നടക്കമുള്ള യൂണിറ്റുകളെ വിളിച്ചുവരുത്താനും തീരുമാനിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close