INDIATrending

തീവണ്ടി ഇടിച്ച് ചെരിഞ്ഞത് രണ്ട് ആനകള്‍; എന്‍ജിന്‍ പിടിച്ചെടുത്ത് വനംവകുപ്പ്

ഗുവാഹത്തി: തീവണ്ടി ഇടിച്ച് ആനകള്‍ ചെരിഞ്ഞ സംഭവത്തില്‍ എന്‍ജിന്‍ പിടിച്ചെടുത്ത് വനം വകുപ്പ്. അസം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസമാണ് എന്‍ജിന്‍ (NO- 12440 WDG4) പിടിച്ചെടുത്തത്. കഴിഞ്ഞമാസം ഒരു പിടിയാനയും കുട്ടിയാനയും തീവണ്ടി ഇടിച്ച് ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് വനം വകുപ്പിന്റെ നടപടിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രജീബ് ദാസ് ഗുവാഹത്തിയിലെ ബാമുനിമൈദാന്‍ റെയില്‍വേ യാഡിലെത്തിയാണ് എന്‍ജിന്‍ പിടിച്ചെടുത്തത്. റെയില്‍വേയുടെ ലുംദിങ് ഡിവിഷനു കീഴില്‍ സെപ്റ്റംബര്‍ 27നു അര്‍ധരാത്രിയോടെയായിരുന്നു സംഭവം. പത്താര്‍ഖുലയ്ക്കും ലംസഖാങ് റെയില്‍വേ സ്റ്റേഷനും ഇടയില്‍ വെച്ചാണ് ആനകള്‍ അപകടത്തില്‍പ്പെടുന്നത്.

നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് ലോക്കോ പൈലറ്റിനെയും സഹ ലോക്കോ പൈലറ്റിനെയും റെയില്‍വേ സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയായിരുന്നു ഈ നടപടി. എന്‍ജിനില്‍ കുടുങ്ങിയ കുട്ടിയാനയെ ട്രെയിന്‍ ഒരുകിലോമീറ്ററിലധികം വലിച്ചിഴച്ചിരുന്നെന്ന് വ്യക്തമാക്കിയിരുന്നു. പ്രദേശത്ത് 30 കിലോമീറ്റര്‍ വേഗതയേ ട്രെയിനിന്ന് ഉണ്ടാകാന്‍ പാടുള്ളു എന്നിരിക്കെ ആനകളെ ഇടിച്ച ട്രെയിന്‍ 60 കിലോമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റെയില്‍വെ ട്രാക്കിലെ മരണങ്ങളുമായി ബന്ധപ്പെട്ട് എന്‍ജിന്‍ പിടിച്ചെടുക്കുന്ന രാജ്യത്തെ തന്നെ ആദ്യ സംഭവമാണിതെന്ന് ആസാമിലെ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ മഹേന്ദ്ര കുമാര്‍ യാദവ പറഞ്ഞു. അതേസമയം പിടിച്ചെടുത്ത എന്‍ജിന്‍ പൊതുജനങ്ങള്‍ക്കുള്ള അവശ്യ സേവനങ്ങള്‍ കണക്കിലെടുത്ത് പിന്നീട് തിരികെ നല്‍കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close