
ഇന്‍ഡോര്‍: തീവ്രവാദികള്‍ വളരുന്നത് മദ്റസകളിലെന്ന മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂറിന്റെ പ്രസ്താവന വിവാദത്തില്‍. ഇന്ദോറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എല്ലാ തീവ്രവാദികളും മദ്റസകളിലാണ് വളരുന്നതെന്ന പരാമര്‍ശം ഉഷ താക്കൂര്‍ നടത്തിയത്.തീവ്രവാദികള്‍ ജമ്മു കശ്മീരിനെ ഒരു തീവ്രവാദ ഫാക്ടറിയാക്കി മാറ്റിയെന്നും മന്ത്രി ആരോപിച്ചു. ദേശീയത പാലിക്കാന്‍ കഴിയാത്ത മദ്റസകള്‍, നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായവുമായി ലയിപ്പിച്ച് സമൂഹത്തിന്റെ സമ്പൂര്‍ണ പുരോഗതി ഉറപ്പാക്കണമെന്നും ഉഷ താക്കൂര്‍ ആവശ്യപ്പെട്ടു.നിങ്ങള്‍ ഈ രാജ്യത്തെ ഒരു പൗരനാണെങ്കില്‍, എല്ലാ തീവ്രവാദികളും മദ്റസയില്‍ പഠിച്ചതായി കാണാമെന്ന് സദസിനോട് മന്ത്രി പറഞ്ഞു. കുട്ടികളെ ദേശീയതയുമായി ബന്ധിപ്പിക്കുന്നതില്‍ മദ്റസകള്‍ പരാജയപ്പെടുന്നതായും ഉഷ താക്കൂര്‍ പറഞ്ഞു.സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകള്‍ അടച്ചുപൂട്ടുമെന്ന് അസം ധനകാര്യ-ആസൂത്രണ വകുപ്പ് മന്ത്രി ഹിമന്ദ ബിസ്വ ശര്‍മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇന്ദോറില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ കൂടിയായ ഉഷ താക്കൂറിന്റെ വിവാദ പരാമര്‍ശം.